മലപ്പുറം: പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പികെ ഫിറോസ്. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ലെന്നും ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ധാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ല. ഈ നാട് ഭരിക്കുന്ന സര്‍ക്കാര്‍ അനുവിനെ കൊന്നതാണ്. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കള്‍ മരണത്തിന്റെ വക്കിലാണ്.
പി.എസ്.സിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയില്‍ നിന്ന് വിലക്കാന്‍ പി.എസ്.സിയും സര്‍ക്കാര്‍ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമര്‍ശിക്കുന്നവര്‍ക്ക് എ.കെ.ജി സെന്ററില്‍ ജോലി നല്‍കില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പി.എസ്.സിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങള്‍ കാണുന്നില്ല.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരട്ടെ…