സഫാരി സൈനുല്‍ ആബിദീന്‍
പ്രവാസി വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെകാലമായി സജീവമാണെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും സാധിച്ചിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ എത്തേണ്ട അവസ്ഥയാണ്. എന്നാല്‍ പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം മലയാളി കൂട്ടായ്മകളുണ്ട്. മുഖ്യധാര രാഷ്ട്രീപ്പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള കൂട്ടായ്മകൾ വേറെയും. പ്രവാസികള്‍ക്ക് വിദേശത്തു നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കിയാൽ അതുവഴി തങ്ങളുടെ നല്ലൊരു തുക ലാഭിക്കാമായിരുന്നു. പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്‍ന്നു വന്നത് 2003 മുതലാണ്. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചതു മുതല്‍ തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്ന ആവശ്യം ശക്തമായി ചര്‍ച്ചകളിലേക്ക് കടന്നു വന്നു.
2010-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസ്സംബ്ലി/ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു.
എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരാന്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.
പ്രായോഗിക വഴികള്‍, ദീര്‍കാലത്തെ ആവശ്യം
ഒണ്‍ലൈന്‍ വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.
ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്.
എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി. പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നതായും
1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചു. പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. മറിച്ച് ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ഡ പ്രവാസികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.
1970-കളിലെ ഗള്‍ഫ് ബൂമിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയായി മാറുകയും ചെയ്തത്. നാട്ടില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സജീവമായിരുന്ന, ജീവിതോപാഥികള്‍ക്കായി വിദേശത്തേക്ക് പറക്കേണ്ടി വരുന്ന നമ്മുടെ പ്രവാസികള്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം വിഷമകരമായ ഒരു സാഹചര്യം തന്നെയാണെന്ന് പറയാതെ വയ്യ. പ്രവാസിക വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഖത്തര്‍ വ്യവസായി പ്രമുഖനും സുഹൃത്തുമായ അടിയോട്ടില്‍ അമ്മദ് അടക്കമുള്ള നിരവധി പ്രവാസി പ്രമുഖരും സംഘടനകളും പൊതുതാല്‍പര്യ ഹരജികളും സര്‍ക്കാര്‍ നിവേദനങ്ങളുമടക്കമുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും, ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റു നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് ഖേദകരമായ അവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് ഇനിയും അവ്യക്തമാണ്.