Video Stories
എം.എസ്.എഫിനെ കരുത്തനാക്കിയ ലീഡര്‍

കെ. അബൂബക്കര്‍
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രസ്ഥാനമായും സംഘടനകള്‍ വളരേണ്ടതിന്റെ ആവശ്യകത ദീര്‍ഘദര്‍ശനത്തോടെ കണ്ട രാഷ്ട്രീയ-സാമൂഹിക നേതാവായിരുന്നു ധൈഷണികനായ കെ.എം സീതി സാഹിബ്.മുസ്ലിംലീഗ് പാര്‍ട്ടിക്ക് യുവജനപ്രസ്ഥാനം ഉണ്ടാവേണ്ടത്, രാഷ്ട്രീയ ചുമതകള്‍ ഏറ്റെടുക്കാന്‍ സഹായകമാണെന്ന കാര്യത്തില്‍ പല വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിളനിലമായിരുന്ന കൊടുങ്ങല്ലൂരിന്റെ ആ വീരപുത്രന് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നകന്ന രാഷ്ട്രീയം പഠിക്കുന്ന ഒരു യുവതലമുറയാണ് അടിയന്തരമായി വേണ്ടതെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു സീതി സാഹിബ്.
നേരത്തെ തന്നെ മലബാറില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു കേരള സംസ്ഥാന രൂപവല്‍ക്കരണത്തോടെ ഒരു ഏകീകൃത ഭാവം വേണമെന്നതായിരുന്നു ആ മഹാത്മാവിന്റെ സുചിന്തിത അഭിപ്രായം. സി.എച്ച് മുഹമ്മദ്കോയയേയും, പി.എം അബൂബക്കറിനെയും പോലുള്ള സാരഥികളെ വളര്‍ത്തിയെടുത്ത മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനു സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത രൂപം വേണമെന്നതായിരുന്നു സാഹിബിന്റെ സ്വപ്നം. അതിനു ചിറകേകാന്‍ നിയോഗിക്കപ്പെട്ടത് മലബാറില്‍ എം.എസ്.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവനേതാവ് ഇ.അഹമ്മദ് സാഹിബായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികളെ അഹമ്മദ് തന്നെ എറണാകുളത്ത് വിളിച്ചുവരുത്തി. 1958ല്‍ സ്റ്റേറ്റ് എം.എസ്.എഫ് രൂപവല്‍ക്കരിക്കപ്പെടുകയും ചെയ്തു. എറണാകുളം ലോകോളജ് വിദ്യാര്‍ത്ഥി ആയിരുന്ന കൊയിലാണ്ടിക്കാരന് കെ.എം കുഞ്ഞിമായന്‍ പ്രസിഡന്റ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്നുള്ള കണ്ണൂര്‍ സ്വദേശി ഇ.അഹമ്മദ് ജനറല്‍ സെക്രട്ടറി. പില്ക്കാലങ്ങളില് ജുഡീഷ്യറിയിലും പൊലീസ് വകുപ്പിലും ഒക്കെ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച മലപ്പുറത്തേയും തിരുവനന്തപുരത്തേയും കോട്ടയത്തെയും ആലപ്പുഴയിലുമൊക്കെയുള്ള വിദ്യാര്‍ത്ഥികള്‍ പല തസ്തികകളില്‍ ഭാരവാഹികളായി.
കോളജ് വിദ്യാഭ്യാസം ഇടക്ക് നിര്‍ത്തി, കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്ന ലേഖകന്റെ പേരിനു നേര്‍ക്കാണ് ട്രഷറര്‍ തസ്തികയുടെ നറുക്ക് വീണത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിതെറ്റിപ്പോകുമോ എന്ന രക്ഷകര്‍ത്താക്കള്‍ ആശങ്കപ്പെട്ട കാലം. സാക്ഷാല്‍ സീതി സാഹിബിനു നിയമബിരുദം നേടാന്‍ കാലതാമസം നേരിട്ടതും, കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി.എച്ചിനു ഡിഗ്രിപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും ഒക്കെ ചരിത്രം.
മുസ്ലിംലീഗിന്റെ നേതൃനിരയിലുണ്ടായിരുന്ന എന്റെ പിതാവ് ബി.വി അബ്ദുല്ലക്കോയയെക്കണ്ട് വിവരം അറിയിക്കാനുള്ള ചുമതലക്ക് ജനറല്‍ സെക്രട്ടറി എന്നെയാണ് എടുത്തത്.
ബി.വി അബ്ദുല്ലക്കോയ സ്മരണികയില്‍ ആ അനുഭവം അഹമ്മദ് പകര്‍ത്തിയത് ഇങ്ങനെ ആയിരുന്നു:”ആദ്യത്തെ എതിര്‍പ്പ് അബ്ദുല്ലക്കോയ സാഹിബില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ മകന് അബു എം.എസ്.എഫിന്റെ ട്രഷററായിരിക്കുന്നു. ഇനി പ്രസംഗങ്ങളും പരിപാടികളുമൊക്കെ ആയാല്‍ തന്റെ മൂത്ത മകന്റെ പഠിത്തം പെരുവഴിയിലായതുതന്നെ.”
അദ്ദേഹം എന്റെ നേര്‍ക്ക് കയര്‍ത്തു. ആരോട് ചോദിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്.
ഞാന്‍ സീതി സാഹിബിന്റെയും സി.എച്ചിന്റെയും പേരുകള്‍ പറഞ്ഞു. അദ്ദേഹം ഒന്നു തണുത്തു. പഠനത്തിനു ഒരു തകരാറും വരാത്തവിധമാണ് എം.എസ്.എഫ് പ്രവര്‍ത്തനമെന്നു ഞാന്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കലാണ് എം.എസ്.എഫിന്റെ പുതിയ ഭാരവാഹികളുടെ അജണ്ട എന്നുകൂടി പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സ് തുറന്നു ചിരിച്ചു.” അറുപത് വര്‍ഷത്തോളം നീണ്ട ആ സ്നേഹബന്ധത്തിന്റെ ചരടിതാ ഇപ്പോള്‍ അറ്റുപോയിരിക്കുന്നു.
അഹമ്മദ് എന്ന യുവ അഭിഭാഷകന് രാഷ്ട്രീയത്തിലേക്കും ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞെങ്കിലും ഞങ്ങള്‍ ഒരു ഘടികാരത്തിന്റെ സൂചികള്‍പോലെ ഒപ്പമായിരുന്നു. ഞാന്‍ തന്നെ അദ്ദേഹത്തിനു പില്ക്കാലത്ത് ലഭിച്ച സ്ഥാനലബ്ധിയില്‍ അനുമോദിച്ചു സംസാരിച്ചപോലെ ആ ഘടികാരത്തില്‍ മിനിട്ട് സൂചികയെ വഴിയില്‍ വിട്ട്, സെക്കന്റ് സൂചി കുതിച്ചുപായുകയായിരുന്നു.
എം.എസ്.എഫ് കാരനായി കുറ്റിച്ചിറയിലെ പ്രസംഗ പീഠത്തില്‍ എന്നെ കയറ്റിയത് അദ്ദേഹമായിരുന്നു. കോളജിലെ വേനല്‍ക്കാല അവധിയില്‍ എന്നെ ചന്ദ്രിക ഓഫീസിലെ എഡിറ്റോറിയല്‍ ഡെസ്കില്‍ കൊണ്ടുചെന്നാക്കിയതും അദ്ദേഹം തന്നെ.
കണ്ണുരില്‍ നിന്നു വരുമ്പോഴൊക്കെ രണ്ടുനാള്‍ മുമ്പൊരു പോസ്റ്റ് കാര്‍ഡ് എനിക്ക് വിടും. ”പ്രിയപ്പെട്ട അബു. ഞാന്‍ നാളെ മെയിലിനു വരുന്നു സ്റ്റേഷനില്‍ കാണുമല്ലോ.”
ഞാന്‍ എന്റെ സൈക്കിളില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തും. സെക്രട്ടറിയെ സൈക്കിളിന്റെ കാരിയറില്‍ ഇരുത്തി, അദ്ദേഹം താമസിച്ചിരുന്ന പാരിസ് ലോഡ്ജിലോ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രിക ആപ്പീസിലോ കൊണ്ടു ചെന്നെത്തിക്കും.
സി.എച്ചും വി.സി അബൂബക്കറും, പി.എ മുഹമ്മദ്കോയ, പി.എം അബൂബക്കറും, യു.എ ബീരാനും ഒക്കെ അരങ്ങ് ഭരിച്ച ചന്ദ്രികയില്‍ അബ്ദുല്‍ ഖയ്യൂം സാഹിബിന്റെ എഡിറ്റിങ്ങും, എം.ആലിക്കുഞ്ഞി സാഹിബിന്റെ റിപ്പോര്‍ട്ടിങ്ങും ഒക്കെ കണ്ടുപഠിച്ച് ഞാനും ഒരു പത്രക്കാരനായി.
മിക്കവാറും അഹമ്മദ് സാഹിബിന്റെ ഷിഫ്റ്റില്‍ അപ്രന്റിസായി കഴിഞ്ഞുവന്ന എനിക്ക് അദ്ദേഹം ഡ്യൂട്ടി അവസാനിപ്പിക്കുന്ന സമയത്ത് തന്നെ പേന താഴെവെച്ച് ഇറങ്ങാന്‍ സീനിയര്‍ എഡിറ്റര്‍മാര്‍ സാവകാശം തന്നിരുന്നു.
സ്കൂളുകളും കോളജുകളും താണ്ടിയിറങ്ങി എം.എസ്.എഫ് ശാഖകള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ബി.വി സ്മരണികയില്‍ അദ്ദേഹം എഴുതി: ”ഞാനും രാജ്യവും അടുത്ത സഹപ്രവര്‍ത്തകര്‍ എന്ന പോലെ ഉറ്റചങ്ങാതിമാരുമായി. നടപ്പും കിടപ്പും ഒന്നിച്ച്, ഊണും ഉറക്കവും ഒന്നിച്ച്. എന്റെ സല്‍ക്കാരം സ്വീകരിച്ച അബുവും അബുവിന്റെ ആതിഥ്യം ഏറ്റുവാങ്ങി ഞാനും പലയിടത്തും ചുറ്റിക്കറങ്ങും.”
ഒടുവില്‍ നേരം അല്പം വൈകിച്ചെന്നാല്‍ പോലും ‘കരിയാടന്‍ വില്ല’യിലെ വാതില്‍ തുറന്നുതരുന്നതില്‍ അബ്ദുല്ലക്കോയ സാഹിബിനും ഭാര്യക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. നിരത്തുവക്കിലെ ആ വിളക്ക് മരമെന്നപോലെ പൂപ്പന്തലിട്ട് നിന്ന ആ തേന്മാവും ആ മാതള വൃക്ഷവും സാക്ഷി.”
എന്റെ വിവാഹത്തിനു 1960ലെ ക്രിസ്മസ് ദിനത്തില്‍ മംഗളപത്രവുമായി വന്ന ആ വലിയ മനുഷ്യനോട് ”മധുരതരമായി പ്രതികാരം ചെയ്യാന്‍ ആറു മാസത്തിനകം തന്നെ എനിക്ക് അവസരം ലഭിച്ചു. 1961 മേയ് 14ന് അദ്ദേഹം കണ്ണൂര്‍ സിറ്റിയിലെ മക്കാടത്ത് നിന്ന് പുതിയാപ്പിള ആയി വളപട്ടണത്തെ ഭാര്യവീട്ടിലേക്ക് ഇറങ്ങുമ്പോള്‍ ഈ ട്രഷററാണ് മംഗളപത്രം വായിച്ചുനല്‍കിയത്.”ആ ഓര്‍മകളെല്ലാം ഇന്ന് കണ്ണീരിന്റെ പുതപ്പണിയുന്നു. ഒരു റോഡപകടത്തെ തുടര്‍ന്ന് പ്രിയതമ എ.കെ.വി സുഹറ എന്നെന്നേക്കുമായി കണ്ണടച്ച 1999നു ശേഷം പതിനെട്ടു വര്‍ഷങ്ങളായി ഏകാന്തതയായിരുന്ന ആ ജീവിതത്തിനു കാലം സാക്ഷി.
kerala
അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്കിയാല് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.
നിയമസഭ ബില്ലിന് അംഗീകാരം നല്കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.
അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി നല്കി.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala18 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്