Connect with us

kerala

ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട് – എഡിറ്റോറിയല്‍

ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക

Published

on

 

ഭൂമിയിലെചൂട് (ആഗോളതാപനം) വര്‍ധിക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് പുതുമയില്ലാതായിട്ട് കുറച്ചുകാലമായി. നിത്യേന നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തെല്ലൊന്നുമല്ല നമ്മെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് നമ്മെ ഏവരെയും ഒരിക്കല്‍കൂടി ഭീതിപ്പെടുത്തുകയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുമാണ്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് വരുന്ന 30 കൊല്ലത്തിനകം ലോകത്തെ 216 ദശലക്ഷം (21 കോടി) മനുഷ്യരെങ്കിലും തങ്ങളുടെ നിലവിലെ വാസസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനംമൂലം കടുത്ത കുടിവെള്ള ക്ഷാമം, കാര്‍ഷിക വിളകളുടെ ഉത്പാദനയിടിവ്, സമുദ്ര ജലത്തിന്റെ ഉയര്‍ച്ച തുടങ്ങിയവ കാരണമാണ് ഇത് സംഭവിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക. രാജ്യത്തിനകത്തേക്കും പുറത്തേക്കും കുടിയേറ്റം നടത്താന്‍ ഇടവരുത്തുന്ന സംഭവങ്ങളാണ് ഇവ. ലോകബാങ്ക് വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യയും ഉള്‍പെടുന്നു. ലാറ്റിന്‍അമേരിക്ക, വടക്കേ ആഫ്രിക്ക, ഉപസഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കനേഷ്യ, പസഫിക് മേഖല എന്നിവിടങ്ങളിലാണ് സംഘം പഠനം നടത്തിയത്. ഇവിടങ്ങളിലെ 22 കോടിയോളം മനുഷ്യരാണ് 2050ഓടെ കുടിയേറ്റവും പലായനവും നടത്തേണ്ടിവരിക. അതായത് നമ്മുടെ കുട്ടികളുടെ തലമുറയില്‍തന്നെ ഇതുസംഭവിക്കുമെന്നര്‍ത്ഥം. അതീവ ഭീതിജനകമായ റിപ്പോര്‍ട്ടാണ് മനുഷ്യരെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നതെങ്കിലും ഇതുകാരണം മൃഗങ്ങള്‍ക്കും പക്ഷികളാദി ജീവികള്‍ക്കും സസ്യലതാദികള്‍ക്കും ഉണ്ടാകാനിടയുള്ള നാശത്തിന്റെ കാര്യവും ഊഹിക്കാവുന്നതേയുള്ളൂ. കൃത്യവും കര്‍ക്കശവുമായ ഇടപെടലുകള്‍കൊണ്ട് ഏറെക്കുറെ ഈ പ്രശ്‌നത്തെ തരണംചെയ്യാന്‍ കഴിയുമെങ്കിലും ഏറ്റവും കുറഞ്ഞത് 4.5 കോടി മനുഷ്യരെങ്കിലും കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ഗുരുതര പ്രതിസന്ധിയെ നേരിട്ടേ പറ്റൂവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മേല്‍പറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഉപസഹാറന്‍ ആഫ്രിക്കയിലാണത്രെ ഏറ്റവുമധികം മനുഷ്യര്‍ ഗുരുതര പ്രതിസന്ധി നേരിടേണ്ടിവരിക. കടല്‍ ജലം കയറുന്നതുമൂലം തീരപ്രദേശത്ത് താമസിക്കുന്ന ഇക്കൂട്ടര്‍ കാതങ്ങളോളം മാറിത്താമസിക്കേണ്ടിവരും. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നതും വര്‍ധിച്ചുവരുന്ന മരുവല്‍കരണവുമാണ് ഈ ഭൂവിഭാഗത്തെ മനുഷ്യരുടെ ജീവിതം സങ്കീര്‍ണമാക്കുകയത്രെ. നിലവില്‍തന്നെ വരുന്ന ഏതാനും വര്‍ഷത്തിനകം ഭൂമിയിലെ അന്തരീക്ഷതാപം വര്‍ധിക്കുന്നതുകാരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് കടലോര മേഖലകളില്‍നിന്ന് കുടിയേറേണ്ടിവരുമെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായതാണ്. അതില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളും ഉള്‍പെടും. അതില്‍ കേരളതീരവും ഉള്‍പെടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വടക്കേ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരികയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. വടക്കേ അമേരിക്കയുടെ ജനസംഖ്യയുടെ 9 ശതമാനം പേര്‍ക്ക്, അഥവാ 1.9 കോടിയാളുകള്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരും. ഏതാണ്ടിതേ അവസ്ഥയാണ് നമ്മുടെ തൊട്ടടുത്തുള്ള ബംഗ്ലാദേശിലും സംഭവിക്കുക. ഇവിടെ കടല്‍ക്ഷോഭവും പ്രളയവും കുടിവെള്ളക്ഷാമവും കാരണം 1.99 കോടിയാളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരും. ഇവരില്‍ വലിയൊരു ശതമാനം സ്ത്രീകളായിരിക്കുകയും ചെയ്യും. ഭൂമിയില്‍നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങളാണ് ഈ ദുരന്തത്തിന് പ്രേരകമാകുന്നത്. കാര്‍ബണ്‍ പുറന്തള്ളലിനെയും തന്മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ച് എത്രയോ മുമ്പുതന്നെ ഭരണാധികാരികള്‍ക്ക് ഗവേഷകരും ശാസ്ത്രജ്ഞരും വലിയതോതില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇക്കാര്യത്തില്‍ മുഖ്യകുറ്റക്കാരെന്നിരിക്കെ അവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിയാണ് തദ്‌വിഷയത്തില്‍ നിലവില്‍ സര്‍വരാജ്യങ്ങളെയും ഉള്‍പെടുത്തി ഉണ്ടാക്കിയതെങ്കിലും അതില്‍നിന്ന് ഏകപക്ഷീയമായി പിന്തിരിയുന്നതാണ് അമേരിക്കയില്‍നിന്ന് കാണേണ്ടിവന്നത്. റഷ്യയും ചൈനയും ഇക്കാര്യത്തില്‍ വാശിയിലുമാണ്. വന്‍തോതില്‍ വ്യാവസായികാവശിഷ്ടം പുറന്തള്ളുന്നതാണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നതിന് കാരണമാകുന്നത്. അതാകട്ടെ അന്തരീക്ഷത്തില്‍ മാത്രമല്ല, ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുകയാണ്. മേല്‍പറഞ്ഞപഠനങ്ങളില്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവിടങ്ങളിലും വലിയതോതില്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങള്‍ നാം കണ്ടുവരികയാണിപ്പോള്‍. ദിവസങ്ങള്‍ക്കുമുമ്പാണ് ലോകത്തെ ഏറ്റവും വലിയ മഹാനഗരമായ ന്യൂയോര്‍ക്കില്‍ മെട്രോ ഉള്‍പെടെയുള്ളവ മഹാപ്രളയത്തിനിരയായത്. യൂറോപ്പിലെ പ്രളയത്തില്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമായി 200ലധികംപേരാണ് മരണമടഞ്ഞത്. യൂറോപ്പില്‍ ഇവ
ആവര്‍ത്തിക്കാനുള്ള സാധ്യത പത്തിരട്ടിയോളമുണ്ടെന്നാണ് ഗവേഷകപക്ഷം.

ഓഗസ്റ്റ്ആദ്യം പുറത്തുവന്ന ഐ.പി.സി.സിയുടെ (ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) ആറാമത് റിപ്പോര്‍ട്ടിലും സമാനമായ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. പത്തു വര്‍ഷത്തിനകം ഉണ്ടാകുന്ന 1.5 ഡിഗ്രിസെല്‍ഷ്യസ് അന്തരീക്ഷ താപവര്‍ധനവിനെക്കുറിച്ചും സമുദ്രനിരപ്പില്‍ 11 സെന്റിമീറ്റര്‍ വര്‍ധനവിനെക്കുറിച്ചുമാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അത് ഇന്ത്യയിലെ കൊച്ചി, കണ്ട്‌ല, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി പോലുള്ള തീരങ്ങള്‍ മുക്കും. അവിടങ്ങളിലെ തുറമുഖങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ വലിയതോതിലുള്ള പലായനവും അനുഭവിക്കേണ്ടിവരും. ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്താരാഷ്ട്ര റെഡ്‌ക്രോസ്-റെഡ്ക്രസന്റ് ഡയറക്ടര്‍ പ്രൊഫ. മാര്‍ട്ടിന്‍ ആള്‍ട്ട്‌സ് പറയുന്നത് കാര്യങ്ങള്‍ ‘വിചാരിക്കുന്നതിലും അപ്പുറമാ’യിരിക്കുമെന്നാണ്. ഇപ്പോള്‍തന്നെ ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ നാമോരുത്തരും മുന്നിട്ടിറങ്ങിയേമതിയാകൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

Trending