entertainment
നെറ്റ്ഫ്ലിക്സ് വീണ്ടും ക്രാഷാക്കി ‘സ്ട്രേഞ്ചര്‍ തിങ്സ്’; ഫിനാലെ എപ്പിസോഡ് കാണാന്‍ തിരക്കുകൂട്ടി ആരാധകര്‍
ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്ന’ആണെന്നും വെക്ന ലോകത്തെയല്ല നെറ്റ്ഫ്ലിക്സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു.
കൊച്ചി: നെറ്റ്ഫ്ലിക്സ് വീണ്ടും ക്രാഷാക്കി നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് വെബ് സീരീസ് സ്ട്രേഞ്ചര്‍ തിങ്സ്. നെറ്റ്ഫ്ലിക്സ് സെര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് നിരവധി പേരുടെ സ്ട്രീമിങ് തടസപ്പെടുകയായിരുന്നു.
ആപ്പ് ക്രാഷ് ആയതോടെ നിരാശരായ ആരാധകര്‍ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ സീരീസിലെ വില്ലനായ ‘വെക്ന’ആണെന്നും വെക്ന ലോകത്തെയല്ല നെറ്റ്ഫ്ലിക്സ് ലോഗിന്‍ പേജിനെയാണ് തകര്‍ത്തതെന്നും ആരാധകര്‍ പരിഹസിച്ചു. ഇതിനുമുമ്പ് അഞ്ചാം സീസണിന്റെ ആദ്യ വോള്യം റിലീസ് ആയപ്പോഴും നെറ്റ്ഫ്ലിക്സ് തകരാറിലായിരുന്നു.
നവംബര്‍ 27 പുലര്‍ച്ചെ 6.30 മുതല്‍ ആണ് ‘സ്ട്രേഞ്ചര്‍ തിങ്സ്’ ഫൈനല്‍ സീസണ് ഇന്ത്യയില്‍ സ്ട്രീമിങ് ആരംഭിച്ചത്. 2016ല്‍ ആണ് ഡഫര്‍ ബ്രേഴ്സിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ ‘സ്ട്രേഞ്ചര്‍ തിങ്സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതില്‍ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ല്‍ രണ്ടാം സീസണും, 2019 ല്‍ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ല്‍ റിലീസ് ആയ നാലാം സീസണ് രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്.
entertainment
എം.ടി വാസുദേവന്‍ നായരുടെ ഓര്മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി
‘പ്രിയ ഗുരുനാഥന് വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കൊച്ചി: മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരുടെ ഓര്മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘പ്രിയ ഗുരുനാഥന് വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്, നിര്‍മാതാവ്, അധ്യാപകന് എന്നിങ്ങനെ നിരവധി വേഷങ്ങള്‍ ഒരുപോലെ അണിഞ്ഞ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്.
എം.ടി കഥയും തിരക്കഥയും രചിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എം.ടി രചിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ക്ലാസിക് സൃഷ്ടികളായി. വടക്കന്‍ വീരഗാഥയിലെ ചന്തു, സുകൃതംയിലെ രവി ശങ്കര്‍, പഴശ്ശിരാജ തുടങ്ങിയ കഥാപാത്രങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.
എം.ടിയുമായി തനിക്കുണ്ടായിരുന്നത് വിശദീകരിക്കാനാകാത്ത ആത്മബന്ധമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു പിറന്നാള്‍ ചടങ്ങിനിടെ കാലിടറിയ എം.ടി തന്റെ പ്രിയ ശിഷ്യന്റെ മാറിലേക്ക് ചാഞ്ഞുനിന്നത് ആ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നുവെന്ന് സിനിമാ ലോകം ഇന്നും ഓര്‍ക്കുന്നു.
അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് മമ്മൂട്ടിക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടി ഒരുക്കിയിട്ടുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ അപൂര്‍വ ബന്ധം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും വേറിട്ട അധ്യായമായി നിലനില്ക്കും.
entertainment
പലയാനത്തിലേക്ക് നീളുന്ന ക്രിസ്തുമസ്
സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി
ഷീല ടോമി
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്‍ന്നിരുന്നു. അതിശൈത്യത്തില്‍ അവളുടെ കാലുകള്‍ വിണ്ടുപൊട്ടിയിരുന്നു. രാജകല്പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്‍ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്‍ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്‍ അവര്‍ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന് പോവുകയാണെന്ന് അവരറിഞ്ഞില്ല.
സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി. പകല്‍ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്‍ തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര് ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്‍ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ടെന്ന് അവര്‍ക്ക് തോന്നി. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്‍ഷങ്ങള്‍ക്കകലെ പുഞ്ചിരിച്ചുനില്‍ക്കുന്നു! രോമക്കുപ്പയങ്ങള് വാരിച്ചുറ്റി അവര്‍ തിടുക്കത്തില്‍ നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.
തോല്ക്കുടങ്ങളില് ഇത്തിരി ആട്ടിന്‍ പാലും അവര്‍ കരുതിയിരുന്നു. പുല്‍ക്കിടക്കയില്‍ കിടന്ന് ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു. ‘നിങ്ങളെ തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്’ എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്‍ പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള് അഴിഞ്ഞു വിഴുന്ന കിലുക്കം അവര്‍ കേട്ടു.
സമാധാനം തേടിയുള്ള മനുഷ്യന് യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന് വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്‍ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള് കണ്ണടക്കുകയാണ്. നാഥന് പിറന്ന മണ്ണില്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്‍, പതിനായിരങ്ങള്‍ അഭിനവ ഹെറോദേസിന്റെ മിസൈലുകള്‍ക്കും വെടിയുണ്ടാകള്‍ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില് മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്‍ തുടര്‍ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്‍ പിറന്നവന്, അഭയാര്‍ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്, പാപികള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമിടയില്‍ ജീവിച്ചവന്, അധികാരങ്ങളെ ചോദ്യം ചെയ്തവന്, അവന്റെ പിറവി നല്കുന്ന ലളിതസന്ദേശം, ത്തില്‍ കെട്ടിപ്പൊ ധാര്‍ഷ്ട്യക്കിയ മഹാസൗധങ്ങളില് അവന് ഇട മുണ്ടാവില്ല എന്ന ഓര്‍മപ്പെടുത്തലാണ്.
സ്വര്‍ണത്തില്‍ പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില് പ്രസാദിക്കാന്‍ അവനാവുമോ! ആദ്യജാതനെ മാറോടുചേര്‍ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്‍ത്ത ദൂരങ്ങള്‍ ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്‍ സ്വന്തമെന്ന് പറയാന്‍ ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്‍ നിറവയറുമായ് യാത്ര തുടരുന്നു. വേലികള്‍ക്കപ്പുറം തോക്കേന്തി നില്ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്‍ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്‍ ‘ആയിരം ശിശുരോദനങ്ങള്’ ഉയരുന്നത് കേള്‍ക്കാന്‍ കാതുകള്‍ തുറക്കുന്നില്ലെങ്കില്‍ ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്‍ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്‍. പുകയുന്ന അഗ്നിപര്‍വതങ്ങള്‍ പേറുന്ന വന്‍കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്‍ണമിനാ രങ്ങള്‍ വിളങ്ങുന്ന പള്ളിമേടകളില്‍ വെളിപ്പെടാത്ത രഹസ്യം വലിയവരില്‍ നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്‍ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്. കുലങ്ങളും വര്‍ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്‍ സംഭവിച്ചത്.
പുല്‍മെത്തയില്‍ കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്‍ അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്‍ താണ്ടി വരുന്നു. ‘ഭൂമിയില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍’ എന്ന് മാലാഖമാര്‍ വാഴ്ത്തിയവള് അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള് രാജമന്ദിരങ്ങളില് അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള് ജന്മം നല്‍കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന് നടന്നത് മഹാപരാധം. ‘നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന് നിയമത്തിനു വേണ്ടിയല്ല.’ എന്ന് പറയാന്‍ ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
സത്യം കുരിശില്‍ പിടയുമ്പോള്‍ രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്‍ക്കപ്പുറത്തേക്ക് പീഡിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്‍ നാടെങ്ങും കത്തി പ്പടരട്ടെ. പാടാം ‘ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം.’ കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
entertainment
ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം ചർച്ചയായി
സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത നേട്ടമായി സാധാരണവൽക്കരിക്കപ്പെടുന്ന പ്രവണത ഫോറം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ‘ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം’ എന്ന ഓപ്പൺ ഫോറത്തിൽ സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നതായിരുന്നു മുഖ്യ ചർച്ചാവിഷയം. സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത നേട്ടമായി സാധാരണവൽക്കരിക്കപ്പെടുന്ന പ്രവണത ഫോറം ചൂണ്ടിക്കാട്ടി.
സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക ഐ.ജി. മിനി, ചലച്ചിത്ര നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
കലാരംഗങ്ങളിലെയും സൃഷ്ടിപരമായ ഇടങ്ങളിലെയും സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ സമൂഹം പഠിക്കേണ്ടതിന്റെ ആവശ്യകത സംവിധായിക ഐ.ജി. മിനി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരെ പോരാടേണ്ടിവന്നതെന്നും പറഞ്ഞു. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ വ്യക്തമാക്കി.
പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള ആഘോഷവും അംഗീകാരവും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്നില്ലെന്നതും ഫോറത്തിൽ ചർച്ചയായി. ‘ജനപ്രിയ നായകൻ’ പോലുള്ള വിശേഷണങ്ങൾ കൂടുതലായി പുരുഷ അഭിനേതാക്കൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പുരുഷ–സ്ത്രീ വേതന വ്യത്യാസം സമൂഹത്തിലെ വ്യാപകമായ അസമത്വത്തിന്റെ പ്രതിഫലനമാണെന്ന് ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
സെഷന്റെ ഭാഗമായി ഗവേഷക ഡോ. രേഖ രാജ് രചിച്ച ‘പെൺതിര’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala3 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
News16 hours agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
