Connect with us

News

ട്വന്റി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡ്; ബംഗ്ലാദേശിന് പകരം അപ്രതീക്ഷിത എൻട്രി

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് ബംഗ്ലാദേശ് പിന്മാറാത്തതിനെ തുടർന്നാണ് ഐ.സി.സി സ്കോട്ട്‌ലൻഡിന് അവസരം നൽകാൻ തീരുമാനിച്ചത്

Published

on

ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‌ലൻഡ് പങ്കെടുക്കും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് ബംഗ്ലാദേശ് പിന്മാറാത്തതിനെ തുടർന്നാണ് ഐ.സി.സി സ്കോട്ട്‌ലൻഡിന് അവസരം നൽകാൻ തീരുമാനിച്ചത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സരങ്ങളിലാണ് സ്കോട്ട്‌ലൻഡ് കളിക്കുക.

വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് അറിയിച്ചതിനുശേഷവും പങ്കെടുക്കാനുള്ള അന്തിമ സമയപരിധി കഴിഞ്ഞതോടെയാണ് സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താനുള്ള തീരുമാനം ഐ.സി.സി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ഐ.സി.സി അംഗങ്ങൾക്കും ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് താരം മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ നിർദേശിച്ചതോടെയാണ് വിഷയത്തിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടായത്. മുൻകാലങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തിൽ വേദി മാറ്റത്തിന് ഐ.സി.സി തയ്യാറായിട്ടുണ്ടെങ്കിലും, ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നാണ് ബി.സി.ബി ആരോപിച്ചത്.

ലോകകപ്പിന് മുന്നേയുള്ള വലിയ ട്വിസ്റ്റ് ട്വന്റി20 ലോകകപ്പ് തുടങ്ങുംമുമ്പേ തന്നെ വലിയ ട്വിസ്റ്റുകളാണ് ക്രിക്കറ്റ് ലോകത്ത് സംഭവിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായതാണ് സ്കോട്ട്‌ലൻഡിന്റെ അപ്രതീക്ഷിത വരവ്. കായികചരിത്രത്തിൽ അപ്രതീക്ഷിത ടീമുകളുടെ വമ്പൻ അട്ടിമറികൾ പതിവായതിനാൽ, ഈ ലോകകപ്പിലും അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.

നിലവിൽ ഐ.സി.സി റാങ്കിങ്ങിൽ 14-ാം സ്ഥാനത്തായിരുന്നാലും, മുൻ ഐ.സി.സി ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനങ്ങളാണ് സ്കോട്ട്‌ലൻഡിനെ പരിഗണിക്കാൻ കാരണം. കരുത്തൻ ടീമുകളെ അട്ടിമറിച്ച അനുഭവവും ഭയമില്ലാത്ത സമീപനവുമാണ് സ്കോട്ട്‌ലൻഡിനെ ആരാധകരുടെ ഇഷ്ടടീമാക്കുന്നത്. ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‌ലൻഡ് ഉൾപ്പെടുക. ആദ്യ ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയാണ് സ്കോട്ട്‌ലൻഡിന്റെ മത്സരങ്ങൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം;പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം അതിക്രമം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്

Published

on

കണ്ണൂർ: പയ്യന്നൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് ആരോപണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച പ്രകടനത്തിലേക്കാണ് സിപിഎം പ്രവർത്തകർ കടന്നുകയറി ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സിപിഎം പ്രവർത്തകർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് കയറുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. ഏകദേശം മുപ്പതോളം സിപിഎം പ്രവർത്തകരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റിനും കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരിക്കെയാണ് ആക്രമണം നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകളിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും, 2016 ജൂലൈ 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിന്റെ ചെലവിലും വരവിലും കൃത്രിമം നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ അടുത്തിടെ ഉന്നയിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയ്‌ക്കെതിരായ പ്രതിഷേധം ശക്തമായത്.

Continue Reading

kerala

തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ സിബിഐ കുറ്റപത്രം; 250 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തൽ

തിരുമല–തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 250 കോടി രൂപയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്

Published

on

ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണ കേസിൽ സിബിഐയുടെ പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. തിരുമല–തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 250 കോടി രൂപയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യ് വാങ്ങിയതായും സിബിഐ കണ്ടെത്തി.

നെല്ലൂർ മുനിസിപ്പൽ കോർപ്പറേഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 36 പ്രതികളാണുള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി. ശ്രദ്ധേയമായി, കേസിലെ ആദ്യ പരാതിക്കാരനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ. മുരളീകൃഷ്ണയെ എസ്‌ഐടി നേരത്തെ പ്രതിചേർത്തിരുന്നു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഭക്തർക്കായി തയ്യാറാക്കുന്ന ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലാണ് കേസ് വലിയ വിവാദമായി മാറാൻ കാരണമായത്.

Continue Reading

kerala

ആർ.സി.സിയിൽ കാൻസർ മരുന്ന് മാറി നൽകിയ സംഭവം: വിതരണക്കമ്പനിക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

Published

on

ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.

കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമ്മീഷൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞവർഷം ജൂലൈ 9ന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നൽകുന്നതിനായി റാക്കിൽ നിന്ന് എടുത്തപ്പോൾ, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ട് പാക്കറ്റുകളിൽ Etoposide 50 mg എന്ന ലേബൽ കണ്ടെത്തിയതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തിയതാണ് സംഭവം.

തുടർന്ന് അഞ്ച് ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.

Continue Reading

Trending