Connect with us

Article

ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്.

Published

on

അഡ്വ.പി.എം.എ സലാം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന സുസ്ഥിര ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഭാഗധേയം സംബന്ധിച്ച് കൃത്യമായ അജണ്ടകളില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോയപ്പോള്‍ അനിവാര്യതയുടെ രാഷ്ട്രീയം എന്ന നിലയിലാണ് സംഘടന മുന്നോട്ട് പോയത്. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രം അഭിമാനകരമാണ്. വിഭജനവും സ്വാതന്ത്ര്യവും ഒന്നിച്ച് വന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇനിയെന്ത് എന്നറിയാതെ വിഹ്വലതയില്‍ കഴിഞ്ഞ ഒരു ജനതക്ക് മുസ്‌ലിംലീഗ് ആത്മവിശ്വാസവും ധൈര്യവും നല്‍കി. രാഷ്ട്രീയ ബോധവും സുരക്ഷിതത്വ ബോധവും നല്‍കി. മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണം എന്ന് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തന പദ്ധതികളിലൂടെ തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, മതസാഹോദര്യം സംരക്ഷിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളുമായി പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു നേതൃനിരയുടെ ബലത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആദ്യകാലങ്ങളില്‍ ആക്ഷേപിച്ചവരും വിമര്‍ശിച്ചവരും മുസ്‌ലിംലീഗിനെ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമുദായ ഐക്യവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും അജണ്ടയാക്കിയ പാര്‍ട്ടി മതനിരപേക്ഷ ഇന്ത്യയിലെ അനിവാര്യമായ രാഷ്ട്രീയമായി മാറുകയായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും ഭരണഘടനാ നിര്‍മാണ വേളയിലെ സുപ്രധാന നിമിഷങ്ങളിലും മുസ്‌ലിംലീഗ് അംഗങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് ബഹുസ്വര ഇന്ത്യയെക്കുറിച്ച് ഓര്‍മപ്പെടുത്താനായിരുന്നു. ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിലും ആ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിന്റെ ദൗത്യമെന്ന് രാഷ്ട്രശില്‍പികളെ ബോധ്യപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് അംഗങ്ങള്‍ വിജയിച്ചു. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ഏറിയ പങ്കും മുസ്‌ലിംലീഗിന്റെ അംഗങ്ങള്‍ ഭരണഘടനാ അസംബ്ലിയില്‍ പോരാടി നേടിയതാണ് എന്നതില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്.

ചരിത്രപണ്ഡിതന്‍ ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. ‘എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങള്‍ക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങള്‍ സെക്കുലര്‍ രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വരക്ഷക്കും ന്യായമായ അവകാശങ്ങള്‍ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നല്‍കുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്’. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശങ്ങളുടെ കാവലിനും മുസ്‌ലിംലീഗ് മുന്‍ഗണന നല്‍കി. ആരുടെയും അവകാശങ്ങളില്‍നിന്ന് ഒരു മുടിനാരിഴ പോലും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടില്ല. എന്നാല്‍, സമുദായത്തിന്റെ അവകാശങ്ങളില്‍നിന്ന് മുടിനാരിഴ പോലും വിട്ടുകൊടുത്തതുമില്ല. നാളിതുവരെയുള്ള മുസ്‌ലിംലീഗിന്റെ ചരിത്രത്തില്‍ എവിടെയും ഇതര സമുദായങ്ങളെ ദ്രോഹിച്ചതിന്റെയോ മറ്റു സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ചതിന്റെയോ തെളിവുകള്‍ ലഭിക്കില്ല. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഭരണഘടനയില്‍ എഴുതിവെക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. മുസ്‌ലിംലീഗിനെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളീയ പൊതുസമൂഹം അതിന് വിലകല്‍പിക്കാത്തതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസ്യതയും സ്‌നേഹവും സഹകരണവും ഏറ്റുവാങ്ങിയാണ് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.

2014ന് ശേഷം രാജ്യം അതിന്റെ മതനിരപേക്ഷ സ്വഭാവത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിത് സമൂഹവും വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. മതത്തിന്റെ പേരിലായിരുന്നു ഈ അക്രമങ്ങളെല്ലാം. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വത്തെ സ്ഥാപിക്കാന്‍ ഭരണകൂടം അശ്രാന്ത പരിശ്രമം തുടരുന്നു. ഏകീകൃത സിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി പ്രതിലോമകരമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ, ഭരണഘടനയുടെ ആത്മസത്തയായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുടെ മേല്‍ നിരന്തരം കത്തിവെച്ചുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിക്കുന്നത്. 1957 ലെ ആദ്യ നിയമസഭ മുതല്‍ എല്ലാ നിയമസഭകളിലും സുസ്ഥിര പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ തൂത്തെറിയുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഇടത് ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനം ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളോളം പാര്‍ട്ടി നേതൃത്വത്തില്‍ പ്രശോഭിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകളുമായാണ് കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നാളെ കോഴിക്കോട്ട് സ്ഥാപകദിന പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രിയപ്പെട്ട പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പച്ചപ്പതാകയുടെ തണലില്‍ അഭിമാനത്തോടെ നമുക്ക് മുന്നേറാം.

Article

സ്നേഹമന്ത്രം കൊണ്ട് ആശ്വാസം പകര്‍ന്ന ആറ്റാക്ക

കേരളത്തിലെ സാംസ്‌കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്.

Published

on

By

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തേടിയെത്തുന്നവരുടെ മനസ്സിലെ സൂക്ഷ്മഖിന്നത പോലും കണ്ടെടുത്ത് സ്നേഹമന്ത്രം കൊണ്ട് ലേപനം പുരട്ടി ആശ്വാസം നല്‍കിയിരുന്ന ഭിഷ്വഗ്വരനായിരുന്നു പ്രിയപ്പെട്ട സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാരുണ്യത്തിന്റെ ആള്‍രൂപമെന്ന പ്രയോഗം ഏറ്റവുമധികം ഇണങ്ങുന്നൊരാള്‍. കഴിഞ്ഞ ദിവസം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി മുസ്‌ലിം ലീഗ്‌ പണികഴിപ്പിച്ച വീടുകള്‍ കൈമാറിയപ്പോള്‍ ഏറ്റവുമധികം ആഗ്രഹിച്ച സാമീപ്യം അദ്ദേഹത്തിന്റേതായിരുന്നു. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം വീട് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്‌മ പദ്ധതി നടപ്പിലാക്കിയ നേതാവിനെ. ശൂന്യമായ ആകാശത്തിന് കീഴില്‍നിന്നും വാടക വീടുകളില്‍നിന്നും ആളുകളെ തേടിയെടുത്ത് അടച്ചുറപ്പുള്ള ഭവനങ്ങളിലേക്ക് ആനയിച്ച പ്രിയപ്പെട്ടവരെ…

കേരളത്തിലെ സാംസ്‌കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്. ലളിതമായ സംസാരംകൊണ്ടും ഹൃദ്യമായ പെരുമാറ്റംകൊണ്ടും മനുഷ്യരെ തങ്ങളിലേക്കാകര്‍ഷിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. വേദനകളില്‍ ആശ്വാസം തേടിയെത്തുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവരുടെ നോവുകള്‍ തീര്‍ക്കുന്നതിനും അവര്‍ക്ക് സാധിച്ചു. ആ ജീവിതചര്യ പകര്‍ത്തുകയാണ് എന്റെയും പിന്‍തലമുറയുടെയും ഉത്തരവാദിത്തം. അത് നിറവേറ്റാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങളെല്ലാം. അതിനായി ഇന്നും ഞങ്ങളുടെ മുറ്റം ജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരിക്കുകയാണ്. അവിടെയിറങ്ങിനടക്കുന്നത് അവരാണ്. അവിടെ ഓടിക്കളിക്കുന്നത് അവരുടെ മക്കളാണ്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അവരുടേതാണ്. അത് ഞങ്ങള്‍ അവരുടെ വിഹാരത്തിനായി വിട്ടുനല്‍കിയതാണ്.

വളരെ ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടതോടെ സഹോദരങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു എന്റെ ബാല്യകാലം. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ശിക്ഷണവും ശാസനയും വ്യക്തിത്വത്തെ പരുവപ്പെടുത്തി. പിന്നീട് ചുമതലകളോരോന്നും ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ മാര്‍ഗദര്‍ശിയായും അവരുണ്ടായിരുന്നു. സംഘടനകളുടെ നേതൃത്വത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതിന് അവസാനം വരെ കൂടെയുണ്ടായിരുന്നതും പ്രിയപ്പെട്ട ആറ്റാക്കയായിരുന്നു. എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം മുസ്ലിം യൂത്ത് ലീഗ്, എസ്.വൈ.എസ്, മുസ്ലിംലീഗ് നേതൃത്വത്തിലെത്തുന്നതുവരെ അദ്ദേഹം കൂടെ നടന്നു. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും അദ്ദേഹത്തില്‍നിന്നും പകര്‍ന്നുകിട്ടി. പ്രതിസന്ധിഘട്ടങ്ങളില്‍ കൂട്ട് അദ്ദേഹത്തിന്റെ മൊഴികളാണ്, പ്രവര്‍ത്തനങ്ങളും രീതിശാസ്ത്രവുമാണ്.

പിതാവ് മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ആറ്റാക്ക പഠനം പൂര്‍ത്തിയാക്കി വരുന്നത്. ഞാനും അനുജന്‍ അബ്ബാസലി ശിഹാബുമൊക്കെ ബാല്യത്തിലാണ്. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമൊക്കെ ബാപ്പാന്റെ പൊതു പ്രവര്‍ത്തനത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തന മണ്ഡലത്തില്‍. ഇതോടെ ആറ്റാക്ക പിതാവിനെ ശുശ്രൂഷിക്കാന്‍ കൂടെതന്നെ നിന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ആറ്റാക്കക്കും ബാപ്പയെ അത്രയേറെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതലേ ബാപ്പാക്കൊപ്പം കിടക്കുന്നത് ആറ്റാക്കയാണ്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതോടെ ആ ഹൃദയ ബന്ധം ഊഷ്മളമായത്. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് കുറെക്കാലം വാപ്പാന്റെ ചെറിയ കുട്ടിയായിരുന്നല്ലോ. ആ അടുപ്പം ബാപ്പാക്ക് വലിയ ആശ്വാസമേകി. മരുന്നും ഭക്ഷണവും കൊടുത്തു പരിചരിച്ച ആറ്റാക്ക, ബോംബെയിലേക്ക് ബാപ്പയെ ചികിത്സക്ക് കൊണ്ടു പോയപ്പോഴും കൂടെപ്പോയി. പാണക്കാട് അഹമ്മദാജിയും ചാക്കീരി അഹമ്മദ് കുട്ടി സാഹിബുമൊക്കെയാണ് കൂടെ പോയ മറ്റുള്ളവര്‍. അന്ന് രോഗത്തിന്റെ ഗൗരവമോ തീവ്രതയോ ഒന്നും എനിക്കറിയുമായിരുന്നില്ല. ബോംബെ ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി വീട്ടില്‍ തന്നെ കിടന്ന് ചികിത്സ ചെയ്യുമ്പോഴും എവിടേക്കും പോകാതെ ആറ്റാക്ക കൂടെ തന്നെയായിരുന്നു.
ആറ്റാക്കയുടെ പഠനകാര്യത്തിലും ബാപ്പാക്ക് വലിയ ശ്രദ്ധയുണ്ടായിരുന്നു. പാണക്കാട് സ്‌കൂളിലെ പ്രൈമറി പഠന ശേഷം മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദിയ ഹൈസ്‌കൂളിലേക്ക് വിട്ടു. പിന്നീട് എം.എം ഹൈസ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. എസ്.എസ്.എല്‍.സി പാസ്സായി തിരിച്ചെത്തി ദര്‍സിലും വൈകാതെ പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലും പഠനം. മഊനത്തില്‍നിന്ന് ബിരുദമെടുത്ത ശേഷമാണ്, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ ചേരുന്നതും ഫൈസി ബിരുദവും കരസ്ഥമാക്കുന്നതും. ഇ. കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാഗുരുനാഥന്‍മാരുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം ജീവിതത്തിലുടനീളം ആ ഔന്നിത്യം കാത്തു സൂക്ഷിച്ചു. ശംസുല്‍ ഉലമ തന്റെ ശിക്ഷ്യനായ ഹൈദരലി തങ്ങളെ കൊണ്ട് പല വേദികളിലും ദുആ ചെയ്യിപ്പിച്ചാണ് സ്‌നേഹം പ്രകടിപ്പിച്ചതും ആദരിച്ചതും. ബാപ്പയില്‍നിന്ന് നേരിട്ട് ലഭിച്ച ആത്മീയ ശിക്ഷണവും കരഗതമാക്കിയ വിജ്ഞാനവും ആര്‍ജ്ജിച്ചെടുത്ത നേതൃപാടവും പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേതൃഗുണങ്ങളിലേക്ക് ഉയരാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വ സമന്വയത്തെ ശാന്തമായി അദ്ദേഹം പ്രതിഫലിപ്പിച്ചു.

ബാപ്പാന്റെ മരണത്തോടെ ശിഹാബ് തങ്ങള്‍ സംസ്ഥാന മുസ്ലിംലീഗിന്റെയും ഹൈദരലി തങ്ങള്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റേയും അമരത്തേക്ക് വന്നു. മുസ്‌ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തിലേറ്റി അര്‍പ്പിത മനസ്സുമായി നയിച്ചു. എസ്.കെ.എസ്.എസ്.എഫിന് മുമ്പ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എസ്.എസ്.എഫ് പ്രഥമ പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍, പിന്നീട് എസ്.വൈ.എസ് പ്രസിഡന്റുമായി. സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരിക്കുമ്പോള്‍ തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനവും പരാതിക്ക് ഇടയില്ലാത്ത വിധം അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. രണ്ട് പതിറ്റാണ്ടിലേറെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായ ശേഷമാണ് അദ്ദേഹം ശിഹാബ് തങ്ങളുടെ വിയോഗ ശേഷം സംസ്ഥാന പ്രസിഡന്റാവുന്നത്. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍നിന്നു നയിച്ച അദ്ദേഹം, മുസ്‌ലിംലീഗിന് ഏറ്റവുമധികം എം.എല്‍. എമാരെയും മന്ത്രിമാരെയും സംഭാവന ചെയ്ത പ്രസിഡന്റുകൂടിയാണ്. ഇന്ന് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നാം നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റു രാഷ്ട്രീയ തീരുമാനത്തിലും ആറ്റാക്കയുടെ മാതൃകയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയെന്നതില്‍ നിന്നും ഭരണപക്ഷ പാര്‍ട്ടിയാകാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. അതിനുള്ള പ്രവര്‍ത്തനോര്‍ജ്ജമായി അദ്ദേഹത്തിന്റെ ഓര്‍മകളുണ്ട്. ആറ്റാക്ക നയിച്ച വഴിയേ സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ നമുക്ക് കരുത്തുണ്ടാകണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ. മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.

Continue Reading

Article

ജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന്‍ മാത്രമോ

പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല.

Published

on

By

ഡോ.പി എ ജലീല്‍ വയനാട്

പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല. തോമസ് ജെഫേഴ്സണ്‍ മുതല്‍ ഇങ്ങോട്ട് ക്ലിന്റനും ട്രംപും അടക്കം ഏതാണ്ട് എല്ലാവരും ഈ വിഷയം കൈകാര്യം ചെയ്തത് നോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണഘടനാ ശില്‍പിയായ ജെഫേഴ്സണ്‍ ഒരിക്കല്‍ പത്രക്കാരാല്‍ വളയപ്പെട്ടു. നിങ്ങള്‍ക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ആളുകള്‍ പറയുന്നു, എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ ജെഫേഴ്സണ്‍ പറഞ്ഞ മറുപടിയാണ് രസം, നിങ്ങള്‍ എന്നെ അപമാനിക്കരുത്, എനിക്ക് നിങ്ങള്‍ പറഞ്ഞ ബന്ധത്തില്‍ ഒരു കുട്ടിയല്ല; രണ്ട് കുട്ടികള്‍ ഉണ്ട് എന്നാണ്. ക്ലിന്റണ്‍ തന്റെ ഓഫീസ് ജീവനക്കാരി മോണിക്ക ലെവന്‍സ്‌കിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നില്ല അമേരിക്കന്‍ കോടതിയില്‍ ചര്‍ച്ചയായത് മറിച്ച് ബന്ധം മറക്കാന്‍ നുണ പറഞ്ഞു എന്നതാണ്. എന്നാല്‍ പുതിയ വിവാദം കേവലം ബാല ലൈംഗിക പീഡനത്തെ കുറിച്ച് മാത്ര മല്ല, അന്തര്‍ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നുള്ളതാണ് വസ്തുത.

2008 ല്‍ വിചാരണ നേരിടുകയും 2019 ല്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ബാല ലൈംഗിക പീഡകനും രാഷ്ട്രീയ ദല്ലാളുമായ ജെഫ്രി എഫ്സ്റ്റീനുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. എഫ്സ്റ്റീന്‍ രേഖകള്‍ പുറത്ത് വിടണമെന്ന് വര്‍ഷങ്ങളായുള്ള മുറവിളിയാണ് ഇപ്പോള്‍ കത്തി നില്‍ക്കുന്നത്. ട്രംപ് ക്യാമ്പില്‍ നിന്ന് തന്നെ ഇങ്ങനെ ഒരാവശ്യം ഉയര്‍ന്ന് വരികയും, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (MAGA) ക്യാമ്പ് ഇത് ഏറ്റുപിടിക്കുകയും 30 ദിവസത്തിനുള്ളില്‍ വിവാദ ഫയലുകള്‍ പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രാഷ്ട്രത്തലവന്മാരും വിവാദത്തില്‍ അകപ്പെടുന്നത്. ജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക കുറ്റവാളി മാത്രമല്ല, മറിച്ച് പല രാഷ്ട്രത്തലവന്മാരെയും അമേരിക്കയുടെയും അതുവഴി ഇസ്രാഈല്‍ രാഷ്ട്ര പക്ഷക്കാരാക്കാനും കൂട്ടുനിന്ന ഒരു രാഷ്ട്രീയ ദല്ലാള്‍ കൂടിയാണെന്നാണ് പുറത്ത് വരുന്ന രേഖകള്‍ പറയുന്നത്. നെറ്റ്ഫ്ലിക്സിലെ ഒരു ഡോക്യുമെന്ററിയില്‍ ഫില്‍ത്തി റിച്ച്മാന്‍ ആയി ജെഫ്രി എഫ്സ്റ്റീന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

എഫ്സ്റ്റീന്റെ അടുത്ത കൂട്ടുകാരിയായ ഗില്ലിയന്‍ മാക്സ് വെല്ലും എഫ്സ്റ്റീനും കൂടി നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളും ബാല പീഡനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് പലവഴികളിലൂടെയുമാണ്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട വിക്ടോറിയ എന്നൊരു യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ പീഡനകഥകളിലെ വില്ലന്‍ ഒരു പ്രധാനമന്ത്രിയാണെന്നും അത് യഹൂദ് ബരാക് എന്ന ഇസ്രാഈല്‍ പ്രധാനമന്ത്രിയാണെന്നും പറയപ്പെടുന്നു. മുറിവേറ്റുചോരയൊലിക്കുന്ന ഇരയേകാണുമ്പോള്‍ കൂടുതല്‍ ത്രില്ലടിച്ച് ഉന്മത്തനായി അയാള്‍ തന്നെ ഉപയോഗിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. പല നയതന്ത്ര രേഖകളും അടങ്ങിയ രഹസ്യ രേഖകളില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ്സിംഗ് പുരിയും അനില്‍ അംബാനിയും മറ്റും ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ട രേഖകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. നരേന്ദ്രമോദിയുടെ ഖസാകിസ്താന്‍ സന്ദര്‍ശന സമയത്ത് ട്രംപിന്റെ സ്വന്തക്കാരനും നയതന്ത്രജ്ഞനുമായ സ്റ്റീവ് ബന്നോന്‍ മോദിയെ എപ്സ്റ്റീനുമായി ഒരു മീറ്റ് അപ്പിന് ക്ഷണിക്കുകയും ചൈന ഇല്ലെങ്കില്‍ ഇന്ത്യയെങ്കിലും നമുക്കൊപ്പമാകണമെന്ന് നിര്‍ബന്ധിച്ചു എന്നും പറയപ്പെടുന്നുണ്ട്.

ജെഫ്രി എഫ്സ്റ്റീന്‍ ശരിക്കും ആരാണ് എന്ന ചോദ്യം ഇവിടെ വീണ്ടും ഉയരുകയാണ്. ഇയാള്‍ ഒരു ലൈംഗിക പീഡകനായ സൈക്കോപാത്ത് മാത്രമാണോ, മറിച്ച് ഇസ്രാഈലിന് വേണ്ടി ചാരപ്പണിഎടുക്കുന്ന മൊസാദ് ഏജന്റാണോ എന്നത് വളരെ പ്രസക്തമാണ്. ഇതിനെ ശരിവെക്കുന്ന തെളിവുകളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്, അഥവാ ജോണ്‍ ജെ മെര്‍ഷീമര്‍ (ചിക്കാഗോ യൂണിവേഴ്സിറ്റി) , സ്റ്റീവന്‍ എം വാള്‍ട്ട് (ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി) എന്നിവര്‍ അമേരിക്കന്‍ നയതന്ത്രത്തെ സ്വാധീനിക്കുന്ന ബുദ്ധിജീവികള്‍ ആണ്. ഇവര്‍ കൂട്ടായി എഴുതിയ പുസ്തകത്തില്‍ (ഇസ്രാഈല്‍ ലോബി ആന്റ് യു.എസ് ഫോറിന്‍ പോളിസി)എങ്ങിനെ ഇസ്രാഈല്‍ അമേരിക്കയേ വരുതിയില്‍ ആക്കുന്നു എന്ന് പറയുന്നുണ്ട്. ഈ പുസ്തകം വെളിച്ചം കാണാതിരിക്കാന്‍ എഫ്സ്റ്റീന്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നെന്നും പറയപ്പെടുന്നു.

ചുരുക്കത്തില്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ നിര്‍ത്തി ആ അമേരിക്കയെ ഇസ്രാഈലിന്റെ കടിഞ്ഞാണില്‍ നിര്‍ത്തുവാനുമുള്ള ഒരു നിഗൂഢ നയതന്ത്ര ചരട് വലിയാണ് നടന്നതെന്നത് വ്യക്തമാണ്. 1990 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം വരെ ഇസ്രാഈല്‍ സമ്മര്‍ദമായിരുന്നുവെന്ന് ഒരിടത്ത് ജോര്‍ജ് ഡബ്ല്യൂ ബുഷ് തുറന്നു പറയുന്നുണ്ട്. കുറ്റകൃത്യം മറയാക്കി രാഷ്ട്രങ്ങളെ അമേരിക്കന്‍/ ഇസ്രാഈല്‍ പാളയത്തില്‍ എത്തിക്കാനുള്ള ഒരു ബ്ലാക്മെയില്‍ ഏജന്റ് ആണ് ജെഫ്രി എഫ്സ്റ്റീന്‍ എന്നും നയതന്ത്ര മേഖലയില്‍ രേഖകള്‍ ചോര്‍ത്താന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പണ്ടേ ഉപയോഗിച്ച് വരുന്ന രീതിയാണിതെന്നും അനുമാനിക്കാം. ഇലോണ്‍ മാസ്‌കും, ട്രംപും, ക്ലിന്റണും അംബാനിയുമൊക്കെ പട്ടികയിലുണ്ടെന്ന് പറയുന്നുവെങ്കിലും ലോകം ആദരിക്കുന്ന ചിന്തകന്‍ നോംചോംസ്‌കി ഇയാളുടെ പട്ടികയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ നയതന്ത്രജ്ഞനോ വലിയ സാമ്പത്തിക സ്രോതസിനുടമയോ അല്ലാത്ത അദ്ദേഹത്തിനെ ട്രാപ്പിലാക്കുന്നത്കൊണ്ട് മൊസാദിനെതിരെയുള്ള ശബ്ദം ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് അനുമാനിക്കാം. മൊസാദിന്റെ ഈ ബ്ലാക്ക്മെയില്‍ ഓപറേഷനില്‍ മറ്റ് നോബേല്‍ ജേതാക്കളും ഓസ്‌കാര്‍ വിന്നേഴ്സും ഉള്‍പ്പടെ ആരൊക്കെ അയാളുടെ സ്വാകാര്യ ദ്വീപായ ലിറ്റില്‍ സെയിന്റ് ജെയിംസ് സന്ദര്‍ശിച്ചുവെന്ന് കാത്തിരുന്ന് കാണാം.

 

Continue Reading

Article

ഭാവനയില്‍ വിരിയുന്ന കുതന്ത്രം

കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

Published

on

By

ടി. കെ മുസ്തഫ വയനാട്

ബഹുസ്വര സമൂഹങ്ങളില്‍ ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ എത്രത്തോളം ബദ്ധശ്രദ്ധരാണോ അതേയളവില്‍ ഇതര വിഭാഗങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവകാശത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ബോധ്യമാണ് പ്രബുദ്ധ കേരളത്തെ എക്കാലവും നയിക്കുന്നതെന്നിരിക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ആക്രമണാത്മകമായ സ്വേച്ഛാധിപത്യനയങ്ങളോടുകൂടിയ കെട്ടുകഥകളും നുണകളും കൃത്രിമമായി ചമക്കപ്പെട്ട ചരിത്രവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍.

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി മുന്‍പ് നിര്‍മിച്ച ‘ദി കേരള സ്‌റ്റോറി’ യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഇരുട്ടിന്റെ ശക്തികളുടെ നീക്കം തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ വേരുറയ്ക്കാതെ പോയ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്തു കൊണ്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള വിഷലിപ്ത പ്രയത്‌നങ്ങളുടെ അനന്തര ഫലം തന്നെയാണെന്ന് കാണാന്‍ കഴിയും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിന്റെയും പശു മാംസത്തിന്റെയും ദിവ്യത്വത്തെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങള്‍ സ്വീകരിക്കാതെയുള്ള ദുര്‍വ്യാഖ്യാനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ തന്നെ നിരാകരിക്കുകയും ചെയ്യുന്നവര്‍ പരസ്പര സാഹോദര്യവും മത നിരപേക്ഷതയും മുഖ മുദ്രയാക്കുന്ന കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഗോ മാംസം തിരസ്‌കരിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയോ അതനുവദനീയമായ സമൂഹങ്ങളുടെ അവകാശത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമീപനം കേരളത്തില്‍ ആരും തന്നെ സ്വീകരിക്കുന്നില്ലെന്നിരിക്കെ പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിച്ച് കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണെന്നും, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടേണ്ടവര്‍ ആണെന്നുമുള്ള ഒരു പൊതുധാരണ സൃഷ്ടിച്ചെടുക്കാന്‍ സംഘ് പരിവാര്‍ ശക്തികള്‍ പശുവിനെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

1967 ല്‍ പശു സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്ന ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്‍ഗീസ് കുര്യന്‍ അക്കാലയളവില്‍ തനിക്കുണ്ടായ ഒരനുഭവം ‘എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു’ എന്ന തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. രാജ്യത്ത് ഉപകാരമില്ലാത്ത പശുക്കളെ കൊന്നു കളയണമെന്ന തന്റെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ആര്‍.എസ്.എസ് തലവനായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ അന്ന് പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നമാണെന്നും അതിലൂടെ ഐക്യഭാരതം എന്ന സങ്കല്‍പം പൂവണിയുമെന്നും പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.

1882 ല്‍ ആര്യസമാജത്തിന്റെ പിന്തുണയോടെ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ‘ഗോരക്ഷിണി സഭ’ ഗോ സംരക്ഷണത്തിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യത്താകമാനം നേതൃത്വം നല്‍കിയത്. മനുഷ്യരെല്ലാം പശുവിന്റെ പാല്‍ കുടിക്കുന്നവരാണെന്നും പശു ലോകത്തിന്റെ മാതാവാണെന്നും അത് കൊണ്ട് തന്നെ ഗോവധം മാതൃവധത്തിന് തുല്യമാണെന്നും വാദിച്ച ‘ഗോരക്ഷിണി സഭ’ ഇസ്‌ലാം വിശ്വാസികളെ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് അറവുനിര്‍ത്താനുള്ള കരാര്‍പത്രങ്ങള്‍ ‘ഇഖ്‌റാര്‍ നാമ’ എന്ന പേരില്‍ എഴുതിവാങ്ങുകയും ചെയ്തിരുന്നു.

1880 കളില്‍ പശുവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888 ല്‍ വിധി പ്രസ്താവിച്ചുവെങ്കിലും പ്രസ്തുത ഹൈക്കോടതി വിധിയെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണാവസരമായിക്കണ്ട ‘ഗോരക്ഷിണി സഭ’ തുടര്‍ന്ന് 1893 ല്‍ അസംഗഢിലും 1912 ല്‍ അയോധ്യയിലും 1917 ല്‍ ശാഹാബാദിലും ഇന്ത്യന്‍ മതനിരപേക്ഷ സ്വഭാവത്തിന് മേല്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള കലാപങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. അത് പോലെ തന്നെ ഹിന്ദുരാഷ്ട്രം ഗോമാതാവിനും സരസ്വതി മാതാവിനും ഭൂമി മാതാവിനും സമര്‍പ്പിക്കപ്പെട്ടതായിരിക്കണമെന്ന ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയുടെ പ്രസ്താവനയും മനുസ്മൃതിയില്‍ അധിഷ്ഠിതമായിട്ടുള്ള ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

1966 നവംബര്‍ 7 ന് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിശ്വ ഹിന്ദു പരിഷത്താകട്ടെ ഏകശിലാ നിര്‍മിതവും മനു സ്മൃതിയിലധിഷ്ഠിതവുമായ ഹിന്ദുത്വ വര്‍ഗീയ ദേശീയതക്കായുള്ള ആഹ്വാനം മുഴക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണത്തിന്നുള്ള ശ്രമം നടത്തുകയും ചെയ്തു. ചത്തപശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തു എന്ന കുറ്റമാരോപിച്ചു കൊണ്ട് 2002ല്‍ ഹരിയാനയിലെ ഹിജാറില്‍ 50 ദളിതരെ സവര്‍ണവാദികള്‍ നിഷ്ഠൂരമായി പെരുവഴിയിലിട്ട് തല്ലിക്കൊന്ന സംഭവവും ഇന്ത്യ ദര്‍ശിച്ച ഹിംസാത്മക കാവി ദേശീയവാദത്തിന്റെ പ്രത്യക്ഷവും ക്രൂരവുമായ ഉദാഹരണങ്ങളിലൊന്നായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍, 2015ല്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ 52 വയസുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്‍ കൊല ചെയ്തത്. 2016 ല്‍ ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്‌നരാക്കി നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചതും 2017ല്‍ രാജസ്ഥാനില്‍ കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ അടിച്ച് കൊന്നതും 2024 ഡിസംബര്‍ 30ന്, മൊറാദാബാദില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം മുഹമ്മദ് ഷാഹിദീന്‍ ഖുറേഷിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമെല്ലാം ഹിന്ദു വംശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയായിരുന്നു.

2010ല്‍, ആര്‍.എസ്.എസ് അനുബന്ധ സ്ഥാപനമായ ‘ഗോ വിജ്ഞാന് അനുസന്ധന്‍ കേന്ദ്ര’ ഗോമൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കാന്‍സര്‍ വിരുദ്ധ മരുന്നിന് യുഎസ് പേറ്റന്റ് നേടിയതായി രണ്ട് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള സംഘ് പരിവാറിന്റെ വര്‍ഗീയ വത്കരണ അജണ്ടകളെ തുറന്നെതിര്‍ക്കുന്നുവെന്നുള്ളത് കൊണ്ട് തന്നെ വര്‍ഗീയ മനസ്സുകളുടെ ഭാവനയില്‍ വിരിയുന്ന കുതന്ത്രങ്ങളിലൂടെ കേരളത്തെ വൈകാരിമായി അവഹേളിച്ചും വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചും ആത്മനിര്‍വൃതിയടയുന്ന മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിലൂടെ ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.
കേരളത്തിനെതിരെ വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത് അവകാശമായി കരുതി ഇവിടെയുള്ള മതനിരപേക്ഷ സംസ്‌കാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ എത്ര തന്നെ ശ്രമിച്ചാലും സംഘ്പരിവാര്‍ കാവിവത്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായി മാറാന്‍ കേരളത്തെ കിട്ടില്ല എന്ന് മാത്രം ഈയവസരത്തില്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Trending