തൃശൂര്‍: നാട്ടികയില്‍ രണ്ടാമതും മത്സരത്തിന് അവസരം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സിപിഐയോട് ഇടഞ്ഞ സി.സി മുകുന്ദന്‍ എംഎല്‍എ. ഗീതാഗോപിക്ക് സീറ്റ് നല്‍കുന്നത് പേയ്‌മെന്റ് സീറ്റ് ആണെന്ന് സംശയമെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും സി.സി മുകുന്ദന്‍ പറഞ്ഞു. പ്രതിഷേധം ചൂണ്ടിക്കാണിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ വ്യക്തമാക്കി.
തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്കുമേല്‍ പലപ്പോഴും സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ വന്‍കിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താന്‍ ആരുടെയും പോക്കറ്റില്‍ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക വിവാദങ്ങള്‍ പാര്‍ട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഈ ആരോപണങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്ന് മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.