News
ഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു.
കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന ഓഫറിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടര്‍ന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കട നടത്തിപ്പുകാരായ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വലിയ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസിലെ ആരോപണം. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.
ഒരു രൂപയ്ക്ക് ഷൂ ലഭിക്കുമെന്ന പരസ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വന്‍ തിരക്ക് ഉണ്ടായത്. മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍ ഓഫര്‍ ലഭിക്കാനായി എത്തിയിരുന്നു. കടയ്ക്ക് മുന്നില്‍ ആളുകള്‍ വലിയ തോതില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷസാഹചര്യം ഉണ്ടാകുകയും തുടര്‍ന്ന് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു.
‘ട്രെന്‍ഡ് ഫാക്ടറി’ എന്ന കടയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ തന്നെ യുവാക്കളും കുട്ടികളും കടയ്ക്ക് മുന്നില്‍ എത്തി കാത്തുനിന്നതായി നാട്ടുകാര്‍ പറഞ്ഞു.
വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
News
ഇറാൻ ആക്രമണത്തിൽ യു.എസ് റഡാർ തകർന്നു; ഒടുവിൽ സമ്മതിച്ച് അമേരിക്ക
ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാഷിങ്ടൺ: ഗൾഫ് മേഖലയിലെ നിർണായക മിസൈൽ പ്രതിരോധ സംവിധാനമായ ഒരു റഡാർ ഇറാൻ ആക്രമണത്തിൽ തകർന്നതായി അമേരിക്ക ഒടുവിൽ സ്ഥിരീകരിച്ചു. ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്ന ഥാഡ് മിസൈൽ പ്രതിരോധ സംവിധാനംയുടെ റഡാറാണ് ആക്രമണത്തിൽ നശിച്ചതെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ മേഖലയിലെ പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജോർദാനിലെ മുവഫഖ് സൽതി വ്യോമതാവളം സമീപത്താണ് ഈ റഡാറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിച്ചിരുന്നത്. ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് ഈ സംവിധാനത്തിന് നാശനഷ്ടമുണ്ടായതായി മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അമേരിക്ക പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്റാഈൽയും ചേർന്ന് ഇറാൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന ആക്രമണങ്ങളിലൊന്നിലാണ് ഈ റഡാർ സംവിധാനം തകർന്നതെന്നാണ് റിപ്പോർട്ടുകൾ.
മിസൈൽ ആക്രമണങ്ങൾ കണ്ടെത്താനും തടയാനും നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് ഥാഡ്. ഇത് തകരുന്നത് ഗൾഫ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സമാനമായ മറ്റ് റഡാർ സംവിധാനങ്ങൾ അമേരിക്കയ്ക്ക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ പ്രതിരോധ സംവിധാനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
2008ലാണ് അമേരിക്ക ഥാഡ് സംവിധാനം വികസിപ്പിച്ചത്. യു.എ.ഇ, ഇസ്റാഈൽ, റുമേനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
News
‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: പുറംലോകം അറിയുന്നതല്ല ഇസ്റാഈലിലെ യഥാർത്ഥ അവസ്ഥയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ്. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണെന്നും അവിടത്തെ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ ഇസ്റാഈൽ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ബ്രജ് മോഹൻ സിങ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. അവിടെ കടുത്ത വാർത്താ നിയന്ത്രണവും സെൻസർഷിപ്പുമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“പുറത്ത് അറിയുന്നതല്ല അവിടത്തെ സ്ഥിതി. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്നു. മരണസംഖ്യയും നാശനഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിസൈലുകൾ ഇന്ത്യക്കാരനെയോ ഇസ്റാഈലിയെയോ വേർതിരിക്കാതെ പതിക്കുന്ന സാഹചര്യമാണ് അവിടെയെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധസാഹചര്യത്തിൽ ഇസ്റാഈൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും മേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൈന്യത്തിന്റെ അനുമതി നേടേണ്ടി വരുന്നതായും പല പ്രധാന വിവരങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് മൃതദേഹങ്ങൾ ചിത്രീകരിക്കാനോ ആശുപത്രികൾ സന്ദർശിക്കാനോ കൃത്യമായ മരണസംഖ്യ കണ്ടെത്താനോ പലപ്പോഴും അനുമതിയില്ല. ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വൈകിയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. “അടുത്ത ദിവസം സ്ഥലത്ത് എത്തുമ്പോൾ ഒരാൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന് പറയപ്പെടുന്നു. എന്നാൽ നാല് വീടുകളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്ന സംഭവങ്ങൾ പലതും ഞങ്ങൾ കേട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ബങ്കറുകൾ സുരക്ഷിതമാണെന്ന സർക്കാർ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നൂറ് അടി താഴ്ചയുള്ള ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും മിസൈൽ ആക്രമണങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് സൈറണുകൾ പോലും മുഴങ്ങാത്ത സാഹചര്യം ഉണ്ടെന്നും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിലും അപ്രതീക്ഷിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശ പ്രദേശങ്ങളിലെ യഥാർത്ഥ സ്ഥിതി ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ് അവിടെയെന്നും ബ്രജ് മോഹൻ സിങ് ആരോപിച്ചു.
News
പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം; എസ്എഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്
പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
തിരുവല്ല: വഞ്ചിപ്പാട്ട് കലാകാരനെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
വഞ്ചിപ്പാട്ട് പരിശീലകനായ ആരോമൽ ശിവ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷം മുമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വഞ്ചിപ്പാട്ട് പഠിപ്പിച്ചതിന്റെ പ്രതിഫലം ചോദിച്ചതാണ് മർദ്ദനത്തിന് കാരണമെന്നാണ് ആരോമൽ ആരോപിക്കുന്നത്.
മാർച്ച് 3-ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ചെന്നും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ആരോമൽ പരാതിയിൽ പറയുന്നു.
അതേസമയം ആരോമലിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ നേതാക്കളുടെ നിലപാട്. വിദ്യാർത്ഥികളും പരിശീലകനും തമ്മിലുണ്ടായ തർക്കം സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിച്ചതെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
-
india2 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
kerala2 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More2 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
More2 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
india2 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More2 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More2 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
-
News2 days agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും

