News
മുണ്ടക്കൈ ടൗണ്‍ഷിപ്പ്: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം; പണികള്‍ ഇഴഞ്ഞ് നീങ്ങുന്നു
പുനരധിവാസ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
വയനാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും വീടുകള്‍ താമസയോഗ്യമാകാത്തത് ദുരന്തബാധിതരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഏകദേശം 178 കുടുംബങ്ങള്‍ ഇപ്പോഴും വാടക വീടുകളില്‍ തുടരുകയാണ്. പുറത്തേക്ക് ”പണി പൂര്‍ത്തിയായി” എന്ന തെറ്റായ ധാരണ ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ പല വീടുകളിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പ്ലമ്പിംഗ്, ടൈല്‍സ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പോലും പലിടങ്ങളിലും തുടരുകയാണ്.
നിര്‍മാണം മന്ദഗതിയിലാകാന്‍ തൊഴിലാളികളുടെ കുറവ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും തിരഞ്ഞെടുപ്പ് സാഹചര്യവും പ്രവൃത്തികളെ ബാധിച്ചു. വാടകവീടുകളില്‍ തുടരുന്നത് സാമ്പത്തികമായി വലിയ ഭാരം സൃഷ്ടിക്കുന്നതായി ദുരന്തബാധിതര്‍ പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചാലും അധിക ചെലവ് കുടുംബങ്ങളെ ബാധിക്കുന്നുണ്ട്.
അതേസമയം, ഏപ്രില്‍ ആദ്യവാരത്തോടെ വീടുകള്‍ താമസയോഗ്യമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മഴക്കാലത്തിന് മുന്‍പ് പുനരധിവാസം പൂര്‍ത്തിയാക്കണമെന്നതാണ് ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ചുരുക്കത്തില്‍ പുനരധിവാസ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
News
ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; 91 ശതമാനവും രണ്ട് കമ്പനികള്‍ക്ക്
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പ്രസ്താവിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 91 ശതമാനവും കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. ഇന്‍ഡിഗോ 64 ശതമാനവും ബാക്കിയുള്ള 27 ശതമാനം എയര്‍ ഇന്ത്യ ഗ്രൂപ്പും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പ്രസ്താവിച്ചത്. ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല ഫലത്തില്‍ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്കുന്ന 2025-26 കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു വിമാനക്കമ്പനികള്‍ ബഹുദൂരം പിന്നിലാണ്. ആകാശ എയര്‍ 4.8 ശതമാനം, സ്പൈസ് ജെറ്റ് 3.9 ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലയന്‍സ് എയറിന് കേവലം 0.4 ശതമാനം മാത്രമാണ് പങ്കാളിത്തം. പ്രാദേശിക വിമാനക്കമ്പനികളായ ഫ്ലൈ91, ഇന്ത്യവണ്‍ എയര്‍, സ്റ്റാര്‍ എയര്‍ എന്നിവക്ക് യഥാക്രമം 0.2 ശതമാനം, 0.01 ശതമാനം, 0.6 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അതേസമയം, ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 2023ല്‍ 36 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളു പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ വിപണി കുത്തകയാക്കി മാറ്റുന്നതും സേവനങ്ങളില്‍ വീഴ്ച വരുത്തുന്നതും യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
kerala
മുഖാമുഖ ചര്‍ച്ചയ്ക്കില്ല; വി.ഡി. സതീശനെ ഞാന്‍ ക്ഷണിച്ചത് ഫെയ്സ്ബുക്ക് സംവാദത്തിനെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന് രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുള്ള പരസ്യ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ ഉദ്ദേശിച്ചത് നേരിട്ടുള്ള മുഖാമുഖമല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള ആശയവിനിമയമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയതോടെ സംവാദം സംബന്ധിച്ച അനിശ്ചിതത്വം വര്‍ദ്ധിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന് രംഗത്തെത്തി. സംവാദം നടത്താമെന്ന് സമ്മതിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സമയവും സ്ഥലവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയുള്ള മറുപടികളല്ല, ജനങ്ങള്‍ക്ക് മുന്നിലുള്ള നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വികസന വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങിയത്. വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സതീശന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ഭയം മൂലമാണെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വികസന രേഖകള്‍ വ്യക്തമാക്കാമെന്നാണ് എല്‍ഡിഎഫ് പക്ഷം നല്കുന്ന സൂചന.
kerala
രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും
കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി
കോഴിക്കോട്: മലബാര്‍ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും. രാവിലെ 10.20ന് കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് കണ്ണൂരിലെത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാദാപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12നാണ് നാദാപുരം കല്ലാച്ചയിലെ പൊതുസമ്മേളനം. 1.30ന് പേരാമ്പ്രയിലും 2.40ന് ബാലുശേരി മുതല്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്മണ്ട വരെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി ബസില്‍ സഞ്ചരിക്കും. വൈകിട്ട് കൊയിലാണ്ടിയില്‍ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
-
News3 days agoപശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിലേക്ക് അമേരിക്കൻ കരയുദ്ധ സാധ്യത,ശവപ്പെട്ടിയിൽ മടങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ
-
News3 days agoയുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി, നേരിടാൻ ഞങ്ങൾ തയ്യാറാണ്;- ഇറാൻ പാർലമെൻ്റ് സ്പീക്കർ
-
News3 days agoഅമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണി; ഒരു കിലോമീറ്റർ മാറിനിൽക്കാൻ മുന്നറിയിപ്പുമായി ഇറാൻ”
-
kerala3 days agoതദ്ദേശ സ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി
-
kerala3 days agoകായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി
-
News3 days agoയാംബു വഴി എണ്ണ കയറ്റുമതി കുത്തനെ ഉയർത്തി സൗദി; ഹോർമുസ് പ്രതിസന്ധിയിൽ തന്ത്രപരമായ നീക്കം
-
News3 days agoയുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കിടെ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാന്റെ നീക്കം
-
News3 days agoകൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ 8 പേര് പിടിയില്‍

