Connect with us

Video Stories

സാംസ്‌കാരിക പൈതൃകങ്ങള്‍ ഇല്ലാതാക്കുന്ന വിധം

Published

on

വിശാല്‍ .ആര്‍

ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് അനേക വര്‍ണങ്ങള്‍ ചേര്‍ന്ന സംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യമാണുണ്ടാകുക. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്‌കാരത്തിന്റെ വശങ്ങള്‍ ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതുതന്നെയാണ് ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും നിര്‍ണയിക്കുന്നതിലെ പ്രധാന അടയാളങ്ങള്‍. എന്നാലിപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരം മൊത്തത്തില്‍ അടിച്ചുമാറ്റാനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പ്രത്യേകിച്ചും മൂന്നു വര്‍ഷത്തിനിടയില്‍ ഹിന്ദുത്വ ശക്തികള്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തരായതോടെ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചുള്ള ധാരണക്ക് വര്‍ഗീയ വാദത്തിന്റെ ചായ്‌വ് നല്‍കാന്‍ ശ്രമം നടക്കുന്നു. ബ്രാഹ്മണിസവുമായി ബന്ധമില്ലാത്തതായ എല്ലാ കാര്യങ്ങളും പുറംതള്ളപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. താജ്മഹലിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ്മഹലിനെ സര്‍ക്കാര്‍ ടൂറിസ്റ്റ് ഗൈഡില്‍നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് ക്ഷേത്രമുള്‍പ്പെടെയുള്ളവ ടൂറിസ്റ്റ് ഗൈഡില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ആഗ്രയിലെ വിഖ്യാതമായ താജ്മഹലിനെ ഒഴിവാക്കിയത്. ഇതാദ്യമായല്ല താജ്മഹല്‍ യോഗി സര്‍ക്കാരിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ആരംഭിച്ച വെബ് പോര്‍ട്ടലിലും താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. വാരാണാസി, അലഹാബാദ്, ലഖ്‌നൗ, നൈമിശരണ്യ, അയോധ്യ, ചിത്രകൂട്, ദുധ്വ, സര്‍നാഥ്, കുശിനഗര്‍ എന്നിവയൊക്കെയാണ് ഉത്തര്‍പ്രദേശിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെന്നാണ് അന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞിരുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് താജ് മഹലിന്റെ മാതൃക സമ്മാനിക്കുന്നതിനെ അദ്ദേഹം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. അതിന് പകരം ഗീതയോ രാമായണമോ സമ്മാനമായി നല്‍കണമെന്നാണ് ബീഹാറില്‍ നടന്ന ചടങ്ങില്‍ യോഗി പ്രസംഗിച്ചത്. ആഗ്രയിലെ താജ് മഹലിനോ മറ്റേതെങ്കിലും മിനാരങ്ങള്‍ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ശേഷമാണ് ഗീതയോ രാമായണമോ സമ്മാനമായി നല്‍കുന്ന രീതി തുടങ്ങിയതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.

യുനെസ്‌കോ ലോക പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി സംരക്ഷിക്കപ്പെടുന്ന അപൂര്‍വ സൃഷ്ടിയാണ് താജ്മഹല്‍. ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ആഗോള വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രം മാത്രമല്ല ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെയും സൂചിപ്പിക്കുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന് സ്‌നേഹോപഹാരമായി പണിതു നല്‍കിയ സ്‌നേഹസൗധമാണ് താജ്മഹലെന്നാണ് ഇതുവരെയുള്ള ചരിത്രം. എന്നാല്‍ അത് ശിവക്ഷേത്രമായിരുന്നുവെന്ന പുതിയ അവകാശവാദമാണ് താജ്മഹലിനോടുള്ള ഇപ്പോഴത്തെ ചതുര്‍ത്ഥിക്ക് കാരണം. ചരിത്രം വളച്ചൊടിച്ചും കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചും സത്യം മറയ്ക്കുന്ന ഫാസിസ്റ്റ് തന്ത്രം തന്നെയാണ് ഇവിടെയും പയറ്റുന്നത്. അതിനായി വ്യാപക പ്രചാരണങ്ങളും നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് താജ്മഹലിനെക്കുറിച്ച് അന്വേഷണങ്ങള്‍ ഏറിവരുന്നത്.

താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനും വിഷയത്തിലിടപെട്ടിരിക്കുകയാണ്. താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്ര രാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്ന സംശയങ്ങള്‍ ദൂരീകരിച്ചു നല്‍കാനാണ് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശപ്രകാരം നിരവധി പേര്‍ ഉന്നയിച്ച ഈ സംശയം കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പടിവാതിലില്‍ എത്തിയതോടെയാണ് സംശയങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള മറുപടി നല്‍കാന്‍ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ബികെഎസ്ആര്‍ അയ്യങ്കാര്‍ വിവരാവകാശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിവരാവകാശ കമ്മീഷന്‍ വിഷയത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയ ആണോ എന്നായിരുന്നു അയ്യങ്കാറിന്റെ ചോദ്യം. ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്ന സംശയങ്ങള്‍ക്ക് തെളിവ് സഹിതം എഎസ്‌ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നുഎഎസ്‌ഐയുടെ മറുപടി. 17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സൗധത്തിന്റെ നിര്‍മ്മാണ രേഖകളും രഹസ്യ അറകളെ കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്നും അയ്യങ്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അഗാധമായ ഗവേഷണവും ചരിത്രാന്വേഷണവും വേണമെന്നും അത് വിവരാവകാശത്തിന്റെ പരിധിക്കപ്പുറമാണെന്നും കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ലോക മഹാത്ഭുതങ്ങളിലൊന്നായ ഈ സൗധവുമായി ചുറ്റിപ്പറ്റിയ എല്ലാ സംശങ്ങള്‍ക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വിരാമമിടണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. താജ്മഹലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് പതിനഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് കറകളഞ്ഞ സംഘിയെഴുത്തുകാരനായ പി എന്‍ ഓക്ക് സുപ്രീംകോടതില്‍ ഹര്‍ജി നല്‍കിയിരുന്നു.

പി എന്‍ ഓക്കും അഡ്വക്കേറ്റ് യോഗേഷ് സക്‌സേനയും ഉന്നയിച്ച അവകാശ വാദങ്ങളില്‍ മന്ത്രാലയം നയം വ്യക്തമാക്കണമെന്ന നിര്‍ദേശവും വിവരാവകാശ കമ്മീഷണര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്‌റ്റോറി’ എന്ന പേരില്‍ പിഎന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെടുന്നു. പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് ശവകുടീരമായി രൂപാന്തരപ്പെടുത്തുകയായിരുന്നുവെന്നതുമായ പ്രചാരണം പൂര്‍ണമായും തെറ്റാണ്.

ചരിത്ര രേഖകളും പ്രമാണങ്ങളും ഇതിന് വ്യക്തമായ ആഖ്യാനമാണ് നല്‍കുന്നത്. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്‍പാടില്‍ ഷാജഹാന്‍ അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്‍മ്മയ്ക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം ഉറപ്പാക്കുന്നു. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്‍ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്‍കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്‍മ്മിക്കില്ല എന്നതും ശ്രദ്ധേയമാണ്. താജ്മഹല്‍ ശിവക്ഷേത്രമെന്ന്ആദ്യം പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നത് അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending