Connect with us

Video Stories

ഏക സിവില്‍ നിയമത്തിനെതിരെ രാജ്യ സ്‌നേഹികള്‍ ഐക്യപ്പെടണം

Published

on

നാനാത്വത്തില്‍ ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്‍പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്‍ രാജ്യത്തെ ജനങ്ങള്‍ക്കായി ചോദ്യാവലി സമര്‍പ്പിച്ചെങ്കിലും മിക്ക സംഘടനകളും ചോദ്യാവലി പൂരിപ്പിച്ചു നല്‍കില്ലെന്ന് അറിയിച്ചതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായിട്ടുണ്ട്. മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത മുസ്്‌ലിം സംഘടനകളുടെ സൗഹൃദ സമിതി യോഗവും ചോദ്യാവലി ബഹിഷ്‌കരിക്കാന്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള വ്യക്തി നിയമങ്ങള്‍ക്ക് വിരുദ്ധമായി ഏക വ്യക്തി നിയമം നടപ്പാക്കുന്നത് ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും രാജ്യത്തിന്റെ ബഹുസ്വരതക്ക് ഭംഗം വരുത്തുന്നതുമാണെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടാകുമ്പോഴും മതേതരത്വവും ജനാധിപത്യവും അഭംഗുരം തുടരുന്നത് പൗരന്മാര്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടര്‍ന്ന് ജീവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ഉള്ളതിനാലാണ്. ഇതിനെതിരെയുള്ള നീക്കത്തെ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയില്‍ ചോദ്യം ചെയ്യാനുള്ള മുസ്്‌ലിം സൗഹൃദ സമിതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്.

രാജ്യത്ത് ഇതിനകം തന്നെ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് പോലുള്ള സംഘടനകള്‍ ചോദ്യാവലി അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് കേസ് നടത്തിവരികയുമാണ്. മുസ്്‌ലിംകളിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉന്നത നീതി പീഠത്തില്‍ സിവില്‍ നിയമം സംബന്ധിച്ച കേസുള്ളത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഏക സിവില്‍ കോഡ് നടപ്പാക്കുകയാണ് പ്രായോഗികമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അധികാരമേറ്റെടുത്തതു മുതല്‍ നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ മുസ്‌ലിംകളും ദലിതുകളുമടക്കമുള്ള ജനവിഭാഗങ്ങള്‍ക്കുനേരെ ബി.ജെ.പി ഉള്‍പെടുന്ന സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഏകസിവില്‍ നിയമം അടിച്ചേല്‍പിക്കാനുള്ള നീക്കത്തെയും മതേതരാഭിമുഖ്യമുള്ള ജനത നോക്കിക്കാണുന്നത്. മുസ്‌ലിം സ്ത്രീകളിലെ വിവാഹമോചന (ത്വലാഖ്) മാണ് വിവാദ വിഷയമായി പ്രധാനമന്ത്രിയും സംഘപരിവാരവും ഉയര്‍ത്തിക്കാട്ടുന്നത്. മുസ്്‌ലിം സ്ത്രീകള്‍ക്ക് രാജ്യത്ത് തുല്യനീതി ലഭിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഏതാനും ലിപ്‌സ്റ്റിക് ഫെമിനിറ്റുകളും ദൈവ വിരോധികളും ഈ പഴമ്പാട്ട് ഏറ്റുപാടുന്നു. മുസ്്‌ലിം വ്യക്തിനിയമവും ശരീഅത്തും അസംസ്‌കൃതമാണെന്ന് പറയുന്നവരാണ് ഇക്കൂട്ടര്‍. ആയിരത്തഞ്ഞൂറിലധികം വര്‍ഷമായി മുസ്്‌ലിംകള്‍ പിന്തുടര്‍ന്നുവരുന്ന, ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നാണ് ശരീഅത്ത് നിയമ സംഹിതകള്‍. 1935ലാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുത്തലാഖ് നിയമം നടപ്പാക്കുന്നത്. ദൈവിക നിയമം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്തിമമാണ്. അതില്‍ ഇസ്്‌ലാമിക രാഷ്ട്രത്തിനുള്‍പെടെ ഏതെങ്കിലും ഭരണകൂടത്തിന് ഇടപെടാന്‍ അധികാരമില്ല. അതത് സമുദായങ്ങള്‍ക്ക് വിടണമെന്ന ആശയമാണ് പ്രമുഖരെല്ലാം പങ്കുവെക്കുന്നത്.

അനുവദിക്കപ്പെട്ടതില്‍ ദൈവം ഏറ്റവും വെറുക്കുന്നതാണ് വിവാഹ മോചനം എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. യഥാര്‍ത്ഥത്തില്‍ മുത്തലാഖിനെയല്ല കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നേര്‍രേഖയില്‍ ചിന്തിക്കുന്ന ആര്‍ക്കുമറിയാവുന്നതാണ്. ഏകസിവില്‍ നിയമവും അതുവഴി ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്രനിര്‍മിതിക്കുള്ള മണ്ണൊരുക്കുകയുമാണ്് ഇത്തരം ചര്‍ച്ചകള്‍കൊണ്ട് അവരുദ്ദേശിക്കുന്നത്. ലിംഗ നീതി നടപ്പാക്കണമെങ്കില്‍ മുത്തലാഖ് നിരോധിക്കുകയും ഏക സിവില്‍ നിയമം നടപ്പാക്കണമെന്നുമുള്ള വാദം തീര്‍ത്തും നിരര്‍ഥകമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നതും ബഹുഭാര്യാത്വമുള്ളതും ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തിലാണെന്നതാണ് സത്യം. വിവിധ പട്ടികജാതി-പട്ടികവര്‍ഗ-ആദിവാസി-ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും താരതമ്യേന കുറഞ്ഞുമാത്രമേ വിവാഹമോചനം നടക്കുന്നുള്ളൂ. അവരുടെ വ്യക്തിനിയമങ്ങള്‍ ഹിന്ദുമതത്തിന്റെ വിവക്ഷകള്‍ക്ക് ഒപ്പം നില്‍ക്കുന്നതുമല്ല. മുസ്്‌ലിംകളും ഇപ്പറഞ്ഞ തീരെ പിന്നാക്ക ജനവിഭാഗങ്ങളും ചേര്‍ന്നാല്‍ രാജ്യത്തിന്റെ മുപ്പതു ശതമാനത്തിലധികം വരും. ഇവരുടെ വ്യക്തി ആചാരാനുഷ്ഠാന രീതികള്‍ ഒരേ രൂപത്തിലാക്കുകയെന്നാല്‍ അത് ഹിന്ദുത്വത്തിന്റെ ബാഹ്മണ്യാധിഷ്ഠിത ആചാര രീതികള്‍ക്ക് സമമമാക്കുകയെന്നതാണ്. അതാകട്ടെ ഇന്ത്യയെ പോലുള്ള ബഹുമത-ബഹു സംസ്‌കാര-ബഹുഭാഷാ രാഷ്ട്രത്തില്‍ ആത്മഹത്യാപരമാകും. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍. അതിന് ചെറുതായി പോലും പോറലേല്‍ക്കുന്ന വിധത്തിലുള്ള ഏതുനീക്കവും രാജ്യത്തിന്റെ നിലനില്‍പിനെ ബാധിക്കുന്നതാവുമെന്ന് രാഷ്ട്ര ശില്‍പികള്‍ ഒട്ടനവധി തവണ ഉദ്‌ബോധിപ്പിച്ചിട്ടുള്ളതാണ്.

നടേ വിഷയത്തില്‍ രാജ്യത്തെ പാര്‍ലമെന്റിനകത്തും രാഷ്ട്രീയ കക്ഷികളിലും മതേതര പ്രസ്ഥാനങ്ങള്‍ക്കിടയിലും ബുദ്ധിജീവികളിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെടുത്തുകയും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിക്കുകയുമാണ് കോഴിക്കോട് യോഗം മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിനായി മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനവും ദേശീയ തലത്തില്‍ മാതൃകാപരവും പ്രായോഗികവുമായ ഒന്നാണ്. അവര്‍ നടത്തുന്ന ഒപ്പുശേഖരണ കാമ്പയിനെ പിന്തുണക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തില്‍ മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ അഭിവൃദ്ധിക്കും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗിന്റെ പങ്ക് വിലപ്പെട്ടതാണ്. കേവലമായ സമ്പത്തിനപ്പുറം സ്വാതന്ത്ര്യവും അഭിമാനവുമാണ് വ്യക്തിക്ക് ഏറ്റവും വലുത്. മറ്റുതാല്‍പര്യങ്ങളെല്ലാം മാറ്റിവെച്ച് അഭിമാനപൂര്‍വമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ദൗത്യമാണ് മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മമ്പുറം, പാണക്കാട് തങ്ങള്‍മാരും എണ്ണമറ്റ മറ്റു മഹത്തുക്കളും കാട്ടിത്തന്ന രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ മഹിതമായ പന്ഥാവിലൂടെതന്നെ ഇനിയും സഞ്ചരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. എറണാകുളത്തും കോഴിക്കോട്ടും ഏതാനും മാസം മുമ്പ് മുസ്‌ലിം ലീഗ് നടത്തിയ തീവ്രവാദ വിരുദ്ധ സമ്മേളനങ്ങള്‍ ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. മുസ്‌ലിം സംഘ ശക്തിക്ക് മാത്രമല്ല മതേതര ദേശീയതക്കുകൂടി ഉള്‍ക്കാമ്പ് ചാര്‍ത്തുകയാണ് മുസ്‌ലിം ലീഗ് ഇവയിലൂടെ നിര്‍വഹിക്കുന്ന മഹത്തായ ദൗത്യം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending