Connect with us

Video Stories

പ്ലസ്ടുവിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടതാര്

Published

on

 

1957 മെയ് 6-ന് കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സി.എച്ച് മുഹമ്മദ്‌കോയ നടത്തിയ ഒരു പ്രസംഗമുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ”കേന്ദ്രഗവണ്‍മെന്റ് ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. ദക്ഷിണ ഇന്ത്യ കേരളത്തെ അവഗണിക്കുന്നു. കേരളം മലബാറിനെ അവഗണിക്കുന്നു. മലബാര്‍ ജില്ലയിലാകട്ടെ ഏറനാട്, വള്ളുവനാട്, തിരൂര്‍ പ്രദേശങ്ങള്‍ അവഗണിക്കപ്പെടുന്നു. ഈ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് മറ്റുള്ള ജനങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ ഒന്നുമില്ല. അവിടെ പാലങ്ങളില്ല, റോഡുകളില്ല, ബസ് റൂട്ടുകളില്ല, സ്‌കൂളുകളും വിദ്യാഭ്യാസ സൗകര്യങ്ങളുമില്ല. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്ത് സ്റ്റാത്താം സായ്പ് മുസ്‌ലിംകള്‍ക്ക് വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ പോലും ഈ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നല്‍കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ച സി.എച്ചിന്റെ നിയമസഭാ പ്രസംഗങ്ങള്‍ എന്ന പുസ്തകത്തില്‍ ഈ പ്രസംഗത്തിന്റെ പൂര്‍ണ രൂപമുണ്ട്. കേരളപ്പിറവിക്ക് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് മന്ത്രിസഭയിലെ പ്രമുഖരെ നോക്കിയായിരുന്നു നിയമസഭയിലെ നവാഗതനായ സി.എച്ചിന്റെ ചാട്ടുളി പോലെയുള്ള വാക്കുകള്‍. സി.എച്ചിനന്ന് 30 വയസില്‍ താഴെയാണ് പ്രായം. ഇ.എം.എസിനെ കൂടാതെ സി. അച്യുതമേനോന്‍, ടി.വി തോമസ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, വി.ആര്‍ കൃഷ്ണയ്യര്‍, കെ.ആര്‍ ഗൗരി തുടങ്ങി അതിപ്രഗത്ഭരായ മന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ഭരണകക്ഷിയെ നോക്കിയായിരുന്നു സി.എച്ചിന്റെ പ്രസംഗം. താനൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു അന്ന് സി.എച്ച്. മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടത്തിയ ആ പ്രസംഗത്തില്‍ മേഖലയിലെ പിന്നാക്കാവസ്ഥയുടെ ചിത്രം വരച്ച് കാണിക്കുകയായിരുന്നു സി.എച്ച്. എല്ലാ അര്‍ത്ഥത്തിലും പിന്നാക്കമായിരുന്ന ഈ പ്രദേശത്തെ വികസനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കും വിദ്യാഭ്യാസത്തിന്റെ വഴികളിലേക്കും നയിക്കുന്നതിന് പിന്നീട് സി.എച്ചിന് തന്നെ നിയോഗമുണ്ടായത് ചരിത്രം. ആറ് പതിറ്റാണ്ട് മുമ്പാണ് സി.എച്ച് ഈ പ്രസംഗം നടത്തിയത്. ഈ 60 കൊല്ലത്തിനിടയില്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെടുകയും വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഏറെ മുന്നേറുകയും ചെയ്തു. ആ മുന്നേറ്റത്തില്‍ സി.എച്ചും മുസ്‌ലിംലീഗും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അതുകൊണ്ട് തന്നെ മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്ത് വികസനത്തിന്റെയോ, സൗകര്യങ്ങളുടെയോ കാര്യത്തില്‍ എന്തെങ്കിലും കുറവ് കണ്ടാല്‍ വിമര്‍ശകര്‍ ആദ്യം ഉന്നയിക്കുന്ന ചോദ്യം മുസ്‌ലിം ലീഗിനോടാണ്. ഇപ്പോള്‍ പ്ലസ്ടു സീറ്റുകളുടെ കാര്യത്തില്‍ മലബാറിലെ ജില്ലകളില്‍ വലിയതോതിലുള്ള അപര്യാപ്തതയുണ്ട്. മലപ്പുറത്ത് പ്രശ്‌നം അതിരൂക്ഷമാണ്. ഇവിടെ പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക് കോളജ്, ഐ.ടി.ഐ എല്ലാം കൂടി കൂട്ടിയാലും ആകെ അറുപതിനായിരത്തോളം സീറ്റുകളെയുള്ളൂ. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം 84003, എസ്.എസ്.എല്‍.സി വിജയിച്ചവരില്‍ 24000 കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റുകളില്ല. അപ്പോള്‍ ഉടന്‍ വരുന്ന ഒരു ചോദ്യമുണ്ട്. മുസ്‌ലിംലീഗും ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാരും പല തവണ ഭരിച്ചിട്ടും എന്തേ ഇങ്ങനെ? എളുപ്പത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പറ്റുന്ന ഒരു ചോദ്യമാണിത്. അതിന് മറുപടി പറയുമ്പോള്‍ അല്‍പം ചരിത്രം കൂടി പറയേണ്ടിവരും.
കേരളം ഒരു സംസ്ഥാനമായി മാറിയതിനു ശേഷമുള്ള ഇക്കഴിഞ്ഞ 62 വര്‍ഷത്തിനിടയില്‍ ഭരണം നടത്തിയ വിവിധ സര്‍ക്കാറുകളില്‍ മുസ്‌ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഈ 62 വര്‍ഷത്തിനിടയില്‍ 27 കൊല്ലമാണ് മുസ്‌ലിം ലീഗിന്റെ മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്. ബാക്കിയുള്ള 35 കൊല്ലവും വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത് മറ്റു പാര്‍ട്ടികളായിരുന്നു. ഇതില്‍ 1982-87 വരെയുള്ള കരുണാകരന്‍ മന്ത്രിസഭയില്‍ അഞ്ച് കൊല്ലം വിദ്യാഭ്യാസ മന്ത്രിയായ ടി.എം ജേക്കബിന്റെ കാലം ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ളതില്‍ മൂന്നു പതിറ്റാണ്ടോളം വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായത് ഇടതുപക്ഷക്കാരായിരുന്നു. ഇവരുടെ കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റാന്‍ നല്‍കിയ സംഭാവനയെന്താണ്?
മലബാറിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പറയുമ്പോള്‍ മൂന്നു പതിറ്റാണ്ടോളം വിദ്യാഭ്യാസ വകുപ്പ് ഭരിച്ച ഇടതുപക്ഷ മന്ത്രിമാര്‍ എന്ത് ചെയ്തു എന്നുകൂടി പറയേണ്ടതല്ലേ? ഇവിടെ ഒരു കൊടുംചതിയുടെ കഥ കൂടിയുണ്ട്. പ്ലസ്ടു സീറ്റുകളും സ്‌കൂളുകളും അനുവദിച്ചപ്പോള്‍ മലബാറിനോട് ഏറ്റവും വലിയ വിവേചനം കാണിച്ചത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ്. 1996-2001ല്‍ കേരളം ഭരിച്ച ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണിത്. ഇതിന്റെ പാപക്കറയില്‍ നിന്ന് ഇടതുപക്ഷത്തിന് ഒരിക്കലും കരകയറാനാകില്ല.
1957ല്‍ സി.എച്ച് കേരള നിയമസഭയില്‍ പറഞ്ഞത് പോലെ, കേരളം മലബാറിനെ അവഗണിച്ചതിന്റെ നേര്‍സാക്ഷ്യമായിരുന്നു 1998ല്‍ നായനാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്ലസ്ടു നയം. ഇക്കാലഘട്ടത്തിലാണ് അതുവരെയും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രീഡിഗ്രി എന്ന പേരില്‍ കോളജുകളില്‍ നടന്നിരുന്ന കോഴ്‌സ്, ഹയര്‍സെക്കണ്ടറിയായി ഹൈസ്‌കൂളുകളുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. അന്നത്തെ നായനാര്‍ സര്‍ക്കാര്‍ 1998ലും, 2000ത്തിലും രണ്ട് ഘട്ടമായി പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ പ്രാദേശികമായും സാമുദായികമായും വലിയ വിവേചനം കാണിച്ചു. ഈ രണ്ട് വര്‍ഷങ്ങളിലായി 397 എയ്ഡഡ് പ്ലസ്ടു സ്‌കൂളുകള്‍ പുതുതായി അനുവദിച്ചപ്പോള്‍, കൃസ്ത്യന്‍ സമുദായത്തിന് 183, നായര്‍-92, ഈഴവ- 71, എന്നിങ്ങനെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ലഭിച്ചു. മുസ്‌ലിംകള്‍ക്ക് ആകെ നല്‍കിയത് 51 സ്‌കൂളുകള്‍. കൃസ്ത്യന്‍, ഈഴവ, നായര്‍ വിഭാഗങ്ങള്‍ക്ക് അന്ന് നല്‍കിയ സ്‌കൂളുകള്‍ മഹാഭൂരിപക്ഷവും തെക്കന്‍ ജില്ലകളിലായിരുന്നു. മലബാറിലെ ജില്ലകള്‍ക്ക് അനുവദിക്കപ്പെട്ട 51 സ്‌കൂളുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ തെക്കന്‍ ജില്ലകളില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കേണ്ടതായിരുന്നു. പ്ലസ്ടു സീറ്റുകളുടെയും ബാച്ചുകളുടെയും കാര്യത്തില്‍ അന്ന് നായനാര്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച, മലബാറിനോടുള്ള കടുത്ത വിവേചനമാണ് ഒരു ‘ചരിത്രപരമായ’ പിന്നോക്കാവസ്ഥയായി ഇപ്പോഴും നമ്മോടൊപ്പമുള്ളത്. തുടര്‍ന്ന് 2001ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ അഡ്വ. നാലകത്ത് സൂപ്പിയാണ് ഈ വിവേചനം അവസാനിപ്പിക്കാനുള്ള ചില നടപടികള്‍ സ്വീകരിച്ചത്. എല്ലാ ഹൈസ്‌കൂളുകളിലും പ്ലസ് വണ്‍ ബാച്ചുകളും നിലവിലുള്ളവയില്‍ പുതിയ ബാച്ചുകളും അനുവദിക്കപ്പെട്ടു. പ്ലസ്ടു സീറ്റ് കുറവുള്ള മേഖലകളില്‍ ഹൈസ്‌കൂളുകളെ ഹയര്‍സെക്കന്ററിസ്‌കൂളുകളായി ഉയര്‍ത്തി. നാലകത്ത് സൂപ്പിയുടെ കാലത്ത്, മലപ്പുറം ജില്ലയില്‍ മാത്രം ഇങ്ങനെ 49 ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കണ്ടറികളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഇതേ മന്ത്രിസഭയില്‍ പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി ഇ.ടി മുഹമ്മദ് ബഷീറും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മലബാറിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. സൂപ്പിയും ബഷീറുമൊക്കെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴൊക്കെ ഇടതുപക്ഷം, വര്‍ഗീയ പ്രീണനവും കോഴയാരോപണവുമായി രംഗത്തുണ്ടായിരുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മലബാറിനെ പൂര്‍ണമായി അവഗണിക്കുക. യു.ഡി.എഫ് സര്‍ക്കാറുകള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സമരം ചെയ്ത് അതിനെ പരാജയപ്പെടുത്തുക. അടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ വരുമ്പോള്‍ പ്ലസ്ടു സീറ്റും, കോളജുമൊക്കെ ചോദിക്കുമ്പോള്‍ മുസ്‌ലിംലീഗിന്റെ മന്ത്രിമാര്‍ എന്തേ അനുവദിക്കാതിരുന്നത് എന്ന് ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ സ്ഥിരം കലാപരിപാടിയാണിത്. 2006 മുതല്‍ 2011 വരെ വീണ്ടും, കേരളം ഇടതുപക്ഷം ഭരിച്ചു. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായി. മലബാറിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. മലബാറില്‍ പുതിയ കോളജുകളോ, കോഴ്‌സുകളോ അനുവദിച്ചില്ല. പഠന സൗകര്യത്തിന്റെ കാര്യത്തില്‍ തെക്കന്‍ ജില്ലകളും മലബാറും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ ഒരു ശ്രമവുമുണ്ടായില്ല. ഇതോടൊപ്പം വിജയഭേരി പോലുള്ള പദ്ധതികളിലൂടെ മലപ്പുറത്ത് എസ്.എസ്.എല്‍.സി വിജയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദനോ, വിദ്യാഭ്യാസ മന്ത്രിയായ എം.എ ബേബിയോ, ഇടത് മുന്നണിയോ ഈ പ്രശ്‌നത്തെ ഗൗരവമായി കണ്ടില്ല. ഇതെല്ലാം പരിഹരിക്കേണ്ട ചുമതലയായിരുന്നു 2011- 2016 കാലത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബിനുണ്ടായിരുന്നത്.
കേരളത്തിലും, പ്രത്യേകിച്ച് മലബാറിലും പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ശക്തമായ നടപടികളാണ് ഇക്കാലത്തുണ്ടായത്. 2011ല്‍ 552 പ്ലസ്ടു ബാച്ചുകളാണ് പി.കെ അബ്ദുറബ്ബ് അനുവദിച്ചത്. 33120 പ്ലസ്ടു സീറ്റുകള്‍ ഇങ്ങനെ പുതുതായി സൃഷ്ടിക്കപ്പെട്ടു. 2014ല്‍ പുതിയ 97 പ്ലസ്ടു സ്‌കൂളുകള്‍ അടക്കം 850 പ്ലസ്ടു ബാച്ചുകള്‍ കൂടി അനുവദിക്കപ്പെട്ടു. ആകെ സീറ്റുകളുടെ വര്‍ധന 51000. 2011ലും 2014ലുമായി പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് കേരളത്തിലാകെ 84000 പുതിയ പ്ലസ്ടു സീറ്റുകള്‍ ഉണ്ടായി. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലസുടു സീറ്റുകള്‍ അനുവദിച്ച മന്ത്രിയാണ് അബ്ദുറബ്ബ്. മലബാറില്‍ ഏറ്റവും കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടതും ഇക്കാലത്ത് തന്നെയാണ്. മലപ്പുറത്ത് ഓരോ കൊല്ലവും എസ്.എസ്.എല്‍.സി വിജയിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇങ്ങനെയൊരു സാഹചര്യമില്ല. ഈ കൊല്ലം എസ്.എസ്.എല്‍.സി റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറത്ത് ആകെ വിജയിച്ചവരുടെ എണ്ണം 77922 ആയിരുന്നു. പിന്നീട് സേ പരീക്ഷ എഴുതി വിജയിച്ചവരും, സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയികളും കൂടി ചേര്‍ന്നപ്പോള്‍ അത് 80,000ത്തില്‍ അധികമായി. ഓരോ കാലത്തും ആവശ്യത്തിനനുസൃതമായി കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കേണ്ടത് അതത് കാലത്തെ സര്‍ക്കാറുകളാണ്. ഈ വര്‍ഷം പ്ലസ്ടുവിന് പഠിക്കാന്‍ സീറ്റെവിടെ എന്നു ചോദിക്കുമ്പോള്‍ അത് ഇ.ടി മുഹമ്മദ് ബഷീറും നാലകത്ത് സൂപ്പിയും പി.കെ അബ്ദുറബ്ബുമൊക്കെ നേരത്തെ അനുവദിച്ച് വെക്കാത്തതെന്തേ എന്ന ചോദ്യം എത്രമാത്രം ബാലിശമാണ്. 62 കൊല്ലത്തെ കേരളത്തിന്റെ ചരിത്രത്തില്‍ സുദീര്‍ഘമായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിമാര്‍ സമാനമായ ചോദ്യം ചോദിച്ചാണ് ആളുകളെ പറ്റിച്ചത്. ഇപ്പോള്‍ രണ്ട് വര്‍ഷമായല്ലോ, പിണറായി കേരളം ഭരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എവിടെയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചോ? ഖജനാവിലെ നികുതി പണത്തിന്റെ അവകാശം എല്‍.ഡി.എഫ് ഭരിക്കുമ്പോഴും യു.ഡി.എഫ് ഭരിക്കുമ്പോഴും മലബാറിന് കൂടിയുള്ളതാണ് എന്ന കാര്യം ഭരണാധികാരികള്‍ മറക്കരുത്. ഓര്‍മ്മകളുണ്ടായിരിക്കണം എന്നാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും പറയാറുള്ളത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending