Connect with us

Culture

യു.ജി.സിയെ എന്തിന് മാറ്റണം

Published

on

 

അഹമ്മദ് ഷരീഫ് പി.വി

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്‍, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും, അത്കൂടി ചരിത്രത്തിന്റെ ഭാഗമായി പഠന വിധേയമാക്കാന്‍ ഒരു വലിയ അളവോളം അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2014നു ശേഷം രാഷ്ട്രീയ അന്തരീക്ഷവും ഭരണ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതും സമൂല മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ആര്‍.എസ്.എസ് ക്രമപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പാഠ്യരംഗത്ത് വരുന്നത്. രാമന്‍, സീത, വേദങ്ങള്‍ എന്നിവ മുന്‍കാലങ്ങളില്‍ കബീര്‍, മീരാഭായ്, ബാബ ഫരീദ്, ഗുരുനാനാക് എന്നിവരുടെ സ്ഥാനങ്ങളിലെത്തിക്കഴിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മതേതര പാര്‍ട്ടികളുടെ ഭരണത്തില്‍ തന്നെ രാമജന്മഭൂമി-ബാബരി മസ്ജിദ് വിഷയം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ടെക്സ്റ്റ്ബുക്കുകളും ഗ്രന്ഥങ്ങളും എഴുതുന്നതിലും തെരഞ്ഞെടുക്കുന്നതിലും സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ (സി.എ.ബി.ഇ) ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും തമ്മില്‍ പാഠ്യ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായിരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഹിന്ദുവല്‍കൃത ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നതിലായിരുന്നു വ്യഗ്രത. ഹിന്ദു-ഹിന്ദുത്വ ടെക്സ്റ്റ് ബുക്കുകള്‍ക്ക് നേരിട്ട് രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നത് ഇവര്‍ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പിന്തുണ നല്‍കാന്‍ വേണ്ടി ഉത്തരേന്ത്യന്‍ അച്ചടി, സംപ്രേഷണ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ കാരണങ്ങളാല്‍ തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ ആശയങ്ങള്‍ രാജ്യത്തിന്റെ ഏറിയ ഭാഗങ്ങളിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു.
ഹിന്ദുത്വ കൊടുങ്കാറ്റിനെ വേണ്ട വിധം ചെറുക്കാന്‍ മതേതര ആശയക്കാര്‍ക്ക് സാധിക്കാതെ വന്നതോടെ തീവ്ര ആശയക്കാരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേ ദിവസം 1992 ഡിസംബര്‍ ഏഴിന് മതേതര പാര്‍ട്ടികളുടെ പ്രതിനിധികള്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഓര്‍ക്കുക. അദ്ദേഹം ഒരു കാര്യം സ്പഷ്ടമായി പറഞ്ഞു. പ്രശ്‌നം ഇനി ബാബരി മസ്ജിദിന്റേതല്ല. രാമക്ഷേത്രം എന്ന വലിയ ആവശ്യത്തിന്റേതാണ്. തലേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനോട് ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ലെന്ന കാര്യവും രാഷ്ട്രപതി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാഴ്ച പലരും വീഡിയോകളിലൂടെ കണ്ടു. മതേതര യു.പി പൊലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇതെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. എഴുതപ്പെട്ട ചരിത്രം ഭാവിയില്‍ വരാനിരിക്കുന്നതിനേക്കാളും വലിയ സ്വാധീനമുണ്ടാക്കും എന്ന് ഇതിലൂടെ വ്യക്തമാണ്.
സി.എ.ബി.ഇ എന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സംവിധാനം ഇപ്പോള്‍ മരിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 1956ലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ ആക്ടിലൂടെ നിലവില്‍ വന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) ആണ്. യു.ജി.സിക്ക് അന്ത്യകൂദാശ ചൊല്ലുന്ന കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ സമീപനം സാങ്കേതിക വിദഗ്ധനായ ഭരണാധികാരിയുടേതാണ്. ഇതിനോടകം തന്നെ യു.ജി.സിയിലെ വിദ്യാഭ്യാസ വിചക്ഷകരുടെ എണ്ണം കാര്യമായി വെട്ടി കുറച്ചിട്ടുണ്ട്. എന്നാല്‍ കുറേക്കൂടി ഞെട്ടിക്കുന്ന വസ്തുത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്ന കേന്ദ്ര സര്‍ക്കാറിന്റെ യു.ജി.സിക്കു പകരമായുള്ള നിര്‍ദ്ദിഷ്ട സ്ഥാപനത്തില്‍ വനിത, ദലിത്, ഒ.ബി.സി സ്‌കോളര്‍മാര്‍ക്ക് സംവരണമില്ലെന്നതാണ്. ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്ന എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന സ്ഥാപനം മുഴുവനായും ഉദ്യോഗസ്ഥ വൃന്ദത്തിന്റേതാണ്. സര്‍ക്കാറിന് ഏതുവിധേനയും വഴങ്ങുന്ന വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയ അക്കാദമിക് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സ്ഥാപനം അതാണ് കേന്ദ്രം യു.ജി.സിക്കു ബദല്‍ നിര്‍ദേശിക്കുന്നത്. അക്കാദമിക് അക്രഡിറ്റേഷന്‍ ബോഡിയായ ഇതിലേക്ക് രണ്ട് പ്രൊഫസര്‍മാരെ നിയമിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇവരായിരിക്കും രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ, ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയുടെ നിലവാരം വിലയിരുത്തുക. ഇതോടൊപ്പം രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ഗുണനിലവാരം വിലയിരുത്തുന്നത് കുറച്ച് കൊണ്ടുവരിക എന്ന മറ്റൊരു പ്രവണതകൂടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നാഷണല്‍ അക്കാഡമിക് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) വിലയിരുത്തിയിരുന്ന സമയത്ത് ഐ.ഐ.എസ് ബംഗളൂരു, ജെ.എന്‍.യു എന്നീ സര്‍വകലാശാലകള്‍ ആദ്യ മൂന്നില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഈ റാങ്കിങിനോട് താല്‍പര്യമില്ലാത്തത് കാരണം നാകിന് പകരം റാങ്കിങ് നിശ്ചയിക്കാന്‍ മറ്റൊരു ബോഡിയെ കൊണ്ടുവന്നു-എന്‍.ഐ.എഫ്.ആര്‍. ഈ സ്ഥാപനത്തിന്റെ വിലയിരുത്തല്‍ മറ്റൊരു രീതിയിലായിരുന്നു. ഇതാവട്ടെ നാകിന്റെ പല പാരാമീറ്ററുകളും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. ജെ.എന്‍.യുവിനെ എന്‍.ഐ. എഫ്.ആര്‍ സര്‍വേ പ്രകാരം അങ്ങിനെ ആറാം സ്ഥാനത്തേക്ക് തള്ളി. പ്രധാനമന്ത്രി മോദി എം.എ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന രാജ്യത്തെ തന്നെ വലിയ സര്‍വകലാശാലയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി 14-ാം സ്ഥാനത്തേക്ക് കയറി.
ഇതെല്ലാം പകല്‍പോലെ മുന്നില്‍ തുറന്ന് കാണിക്കുന്ന വസ്തുതയുണ്ട,് യു.ജി.സിയെ തകര്‍ത്ത് കൊണ്ടുവരാന്‍ പോകുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് തീര്‍ത്തും ദുര്‍ബലമായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു ഷോ മാത്രമായിരിക്കുമെന്നതാണത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാരായ അക്കാഡമീഷ്യന്‍സിനും ഇതിലും കൂടുതലായി അറിയാമെന്നതിനാല്‍ ഇത്തരം മാറ്റങ്ങളെ കുറിച്ച് യു.ജി.സിയിലോ, മറ്റ് അക്രഡിറ്റേഷന്‍ ബോഡികളിലോ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ മറ്റൊരു അധ്യായം മാത്രമാണ് യു.ജി.സിയെ ഇല്ലാതാക്കുന്നതിന് പിന്നില്‍. രാജ്യം മുഴുവന്‍ ഗ്രേഡഡ് ഓട്ടോണമി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വയം ഭരണം പ്രോത്സാഹിപ്പിക്കുമെന്നാണ് കമ്മീഷന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത്. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും വ്യവസ്ഥാപിതമായ നിയമങ്ങള്‍ക്കനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഏജന്‍സിയായ യു.ജി.സി ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാവും. നിര്‍ദിഷ്ട ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം യു.ജി.സിക്ക് ബദല്‍ തീര്‍ക്കുമ്പോള്‍ ഇതില്‍ യു.ജി.സിയിലുണ്ടായിരുന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധര്‍ കുറവാണ്. 12 അംഗങ്ങളുള്ള കമ്മീഷനില്‍ മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളാണ്- ഇവര്‍ യഥാക്രമം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സെക്രട്ടറി, സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം സെക്രട്ടറി എന്നിവരായിരിക്കും ഇത്. മറ്റ് വിദ്യാഭ്യാസ നിയന്ത്രക സ്ഥാപനങ്ങളുടെ രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍, അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളില്‍ നിന്നും രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവരും ഇതിലുണ്ട്. ഇപ്രകാരം നിര്‍ദിഷ്ട കമ്മീഷന്‍ വലിയ അളവോളം ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയോ, വ്യവസായ താല്‍പര്യക്കാരുടേയോ നിയന്ത്രത്തിലാണ്. ഇത് തീര്‍ച്ചയായും യു.ജി.സിയിലെ അക്കാദമിക് ഘടക ഭാഗത്തെ കുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാദമിക താല്‍പര്യങ്ങളില്‍ നിന്നും നൈപുണ്യ, സംരംഭകത്വ മേഖലയിലേക്ക് വഴുതി മാറിയാലും അല്‍ഭുതപ്പെടേണ്ടതില്ല താനും. കേന്ദ്ര സര്‍ക്കാറിന് നവലിബറല്‍ വ്യവസായ പുരോഗതിയോടുള്ള ചായ്‌വും അക്കാദമിക് രംഗം പിടിച്ചെടുക്കാനുള്ള വ്യഗ്രതയും കൂടി കണക്കിലെടുക്കുമ്പോള്‍ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ഉദ്യോഗസ്ഥ സംവിധാനമായി മാറുമെന്നത് അവിതര്‍ക്കമാണ്.
യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിര നിയമനങ്ങള്‍ പരിമിതപ്പെടുത്തി ഗസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് വിഷയത്തിലും ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിര്‍ദ്ദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്.
നെഹ്‌റുവിനേക്കാളും ഇന്ത്യക്ക് വേണ്ടി സംഭാവനകള്‍ ചെയ്തത് ശ്യാമ പ്രസാദ് മുഖര്‍ജിയാണെന്ന് പറയുന്ന ആര്‍.എസ്.എസ് അനുകൂലിയായ ജെ.എന്‍.യു വിസിയെ പോലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷനിലെത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ചൂട്ട് തെളിക്കേണ്ട സ്ഥാപനങ്ങള്‍ ഈജിയന്‍ തൊഴുത്തായി മാറുമെന്നുറപ്പ്. ഇത്തരക്കാരെ കുത്തി നിറക്കാന്‍ യു.ജി.സിയെ പുറം കാല്‍ കൊണ്ട് തട്ടിമാറ്റുമ്പോള്‍ വാഴ്‌സിറ്റികള്‍ ബിസിനസ് പുരോഗതിക്കും ആര്‍.എസ്.എസ് കരിക്കുലത്തിനുമായി മാത്രം ഒതുങ്ങേണ്ടി വരും. കലലായ രാഷ്ട്രീയത്തിന് ചങ്ങലയും പൂട്ടും കല്‍പിക്കുന്ന ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ പുതിയ വിദ്യാഭ്യാസ നയം പോലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending