മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് രാജ്യത്തിന്റെ ഫെഡറലിസത്തിനേറ്റ കനത്ത പ്രഹരമായിത്തീര്‍ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ വാഹകരായി മാറിയ മോദിസര്‍ക്കാര്‍ മണ്ണിലും മനസ്സിലും ഒരുപോലെ വിഭാഗിയതയുടെ വിത്തുപാകിക്കൊണ്ടിരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റാകട്ടേ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം നിറഞ്ഞ കണ്ണുകളിലൂടെ മാത്രം രാജ്യത്തെ ജനങ്ങളെയും ദേശങ്ങളെയും ഭരണകൂടം നോക്കിക്കാണാന്‍ തുടങ്ങിയാലുള്ള അപകടങ്ങളിലേക്കാണ് ബജറ്റിലെ പ്രഖ്യാ പനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള രാഷ്ട്രിയ സാഹചര്യങ്ങള്‍ ഏതുസര്‍ക്കാറിന്റെയും ബജറ്റിലെ മുന്‍ഗണനാക്രമങ്ങളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും വിവിധ പ്രദേശങ്ങളോടുള്ള ഇത്രമേല്‍ നഗ്‌നമായ അവഗണനയും പരിഗണനയും ഇതപര്യന്തമാണെന്നതില്‍ സംശയത്തിനുപോലും ഇടമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ബിഹാര്‍ ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ബജറ്റില്‍ ഡല്‍ഹി, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളെ അതി ഭീകരമാംവിധം അവഗണനയുടെ മഹാഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഖാന ബോര്‍ഡ്, പട്ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്‍ഫ്രില്‍ഡ് എയര്‍പോര്‍ട്ട്, ബിഹ്ടയില്‍ ബ്രൗണ്‍ഫില്‍ഡ് വിമാനത്താവളം, പാട്ന എയര്‍പോര്‍ട്ട് വികസനം, പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാല്‍ പദ്ധതി തുടങ്ങി വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ബിഹാറിന് ബജറ്റ് കനിഞ്ഞരുളിയിരിക്കുകയാണ്. സംസ്ഥാനത്തിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബജറ്റിന് മുന്നോടി ായി നിര്‍മല സീതാരാമനുമായി കൂടിക്കാഴച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടതും അതിലപ്പുറവും ധനമന്ത്രി നമന്ത്രി നല്‍കിയിരിക്കുകയാണ്. ബജറ്റില്‍ ആറിടത്താണ് ബിഹാര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്.
ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്നതിനേക്കാളുപരി ആയാറാം ഗയാറാം രാഷ്ട്രിയത്തിന്റെ നേര്‍ചിത്രമായി മാറിയ നിതീഷ്‌കുമാറിനെ സര്‍ക്കാറിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് ഈ കോരിച്ചൊരിയലിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വഖഫ് ഭേദഗതി ബില്ലില്‍ ടി.ഡി.പിയോടൊപ്പം ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ജെ.പി.സിയില്‍ ഇരുപാര്‍ട്ടികളും കാര്യമായ എതിര്‍പ്പുകളോ ഭേദഗതികളോ ഉന്നയിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ ബജറ്റില്‍ ടി.ഡി. പിയുടെ ആന്ധ്രയെവിടെ എന്ന ചോദ്യമുയരാമെങ്കിലും ബജറ്റിന് മുന്നോടിയായി തന്നെ ആന്ധ്രക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കപ്പെട്ടിരുന്നത്. മൂന്നാം മോദി സര്‍ക്കറിന്റെ ആദ്യ ബജറ്റിലും ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും വലിയ തോതിലുള്ള വിഹിതമാണ് അനുവദിക്കപ്പെട്ടിരുന്നത്. ആധായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ സാധാരണക്കാരന്റെ ബജറ്റായി ആഘോഷിക്കപ്പെടുമ്പോള്‍ അതിനുപിന്നിലും മറഞ്ഞുകിടക്കുന്നത് വ്യക്തമായ രാഷ്ട്രിയമാണ്. ഈ ആഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലെ മഹാഭൂരിപക്ഷം വരുന്ന മധ്യവര്‍ഗക്കാരെ സ്വാധീനിക്കുകയെന്നതാണത്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിനുള്ള പ്രതിഫലമെന്നോണം ഇരു സംസ്ഥാനങ്ങള്‍ക്കും, ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരിലും വലിയ തോതില്‍ ബജറ്റ് വിഹിതങ്ങള്‍ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണില്ലാത്ത ക്രൂരതയാണ് ഈ ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യംകണ്ടതില്‍വെച്ചേറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം ബജറ്റിലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ നേതാക്കള്‍ പ്രതികരിച്ചതുപോലെ കേരളത്തെ രാജ്യത്തിന്റെ പരിധിക്കു പുറത്തുനിര്‍ത്തുന്ന ബജറ്റാണിതെന്നത് പറയാതിരിക്കാനാവില്ല. വയനാട് സ്‌പെഷല്‍ പാക്കേജ്, വിഴിഞ്ഞം തുറമുഖം, വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 24000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതൊന്നും പരിഗണിക്കാതെ പൊതു പൊതുവായ പ്രഖ്യാപനങ്ങളില്‍ മാത്രം സംസ്ഥാനത്തെ ഒതുക്കിയിരിക്കുകയാണ്. ചരിത്രത്തിലാ ധ്യമായി ഒരു ലോകസഭയിലേക്ക് അംഗത്തം ലഭിക്കുകയും മന്ത്രിസഭയില്‍ ഒന്നിലധികം മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാവുകയും ചെയ്തിട്ടും കേരളത്തോട് കാണിച്ചിട്ടുള്ള ഈ കൊടിയ അവഗണന ബി.ജെ.പിയുടെ സംസ്ഥാനത്തോടുള്ള സമീപനത്തിന്‍ന്റെ ദൃഷ്ടാന്തമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. നിരവധി റെക്കോര്‍ഡുകളുടെ പിന്തുണയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലിന്നെവരെയില്ലാത്ത സങ്കുജിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള ബജറ്റ് എന്ന റെക്കോര്‍ഡുംകൂടി അതിനോട് അവര്‍ ചേര്‍ത്തുവെക്കേണ്ടിവരും.