തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്. ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി കണ്ടെത്തി. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.
ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസയം, കേസില്‍ പ്രധാനപ്പെട്ട നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തില്‍ എസ്‌ഐടി വൈകിപ്പിക്കുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. തങ്ങള്‍ പറഞ്ഞ കാര്യം കോടതി ശരിവെച്ചു. വളരെ രഹസ്യമായിട്ടായിരുന്നു കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍. സിവില്‍ കോടതിയുടെ നടപടികള്‍ പോലും അറിയാത്ത ആളാണ് മന്ത്രിയായിരുന്ന കടകംപള്ളി. ഇത് അറിയാതെയാണ് കടംകമ്പള്ളി പ്രസ്താവനകള്‍ ഇറക്കുന്നത്. കോടതി നടപടികള്‍ പോലും അദ്ദേഹത്തിന് അറിയാത്തത് നാണക്കേടാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഒരാള്‍ക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ല. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോള്‍ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം എസ്‌ഐടിയുമേല്‍ ഉണ്ട്. കോടതിക്ക് മുന്നില്‍ ഈ വിവരങ്ങള്‍ വന്നില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെയെന്നും സതീശന്‍ പറഞ്ഞു.