Connect with us

international

ഖുറാനിന്‍ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോര്‍ക്കിന്റെ പുതിയ മെയറായി സൊഹറാന്‍ മംദാനി ചുമതലയേറ്റു

നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.

Published

on

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടിയംഗം സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹട്ടനിലെ ഡീകമ്മിഷന്‍ ചെയ്ത സബ്വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനില്‍ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.

ന്യൂയോര്‍ക്ക് മേയര്‍മാര്‍ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയില്‍വെച്ചും പിന്നീട് മുന്‍സിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.

Published

on

പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്‍ ഇരുപത്തൊന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു.

കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ്. ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്‍പതോ വര്‍ഷത്തിനുള്ളില്‍ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.

ഫിജിയിലെ ഒരു ദ്വീപില്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ ജനിച്ചുവളര്‍ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്‍ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്‍സര പ്രാര്‍ത്ഥന.

Continue Reading

international

മഴയില്‍ മുങ്ങി ഗസ്സ; കൂടാരങ്ങള്‍ തകര്‍ന്നു; തണുത്തു വിറച്ച് കുഞ്ഞുങ്ങള്‍

കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി.

Published

on

ഗസ്സ: ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഈ മാസം മാത്രം ഗസ്സയില്‍ മൂന്ന് നവജാത ശിശുക്കളടക്കം 15 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത്.

കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ദയ്‌റുല്‍ ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്‍ ചെളിയില്‍ കുതിര്‍ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്‍ മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്‍ മഴയില്‍ തകര്‍ന്നു വീണു. തമ്പുകളില്‍ ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് മാറിത്താമസിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോകാന്‍ ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്‍.

വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്‍ തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്‍ മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്‍ ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്‍ കടത്തിവിട്ടതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്‍, മണല്‍ ചാക്കുകള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

‘രാത്രി ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. കൂടാരങ്ങള്‍ കാറ്റില്‍ പറന്നുപോയി. കുട്ടികള്‍ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.’- ഖാന്‍ യൂനിസിലെ ക്യാമ്പില്‍ കഴിയുന്ന മജ്ദോലിന്‍ താരാബീന്‍ അല്‍ ജസീറയുടെ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇസ്രാഈല്‍ ആക്ര മണത്തില്‍ 71,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്‍ താല്‍ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്‍ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

Continue Reading

international

റോഡരികില്‍ നമസ്‌കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന്‍ യുവാവിന് പരിക്ക്

കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.

Published

on

ഗസ്സ സിറ്റി: റോഡരികില്‍ നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിനുമേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്‍. ഫലസ്തീന്‍ യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര്‍ ജരീര്‍ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് ഫലസ്തീന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന്‍ ചെറു ആള്‍ ടെറൈന്‍ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന്‍ യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.

അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയയാള്‍ ഇസ്രായേലി റിസര്‍വ് സൈനികനാണെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ മുമ്പ് സിവിലിയന്‍ വസ്ത്രം ധരിച്ച് ഫലസ്തീന്‍ ഗ്രാമത്തിനുള്ളില്‍ കയറി വെടിവെപ്പ് നടത്തിയിരുന്നു.

 

Continue Reading

Trending