പാലക്കാട്: പട്ടാമ്പിയിലും ചാവക്കാട്ടുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നെല്ലായ സ്വദേശി സുഹറ (52), മകന്‍ അജ്മല്‍ (28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂര്‍ ചാവക്കാട്ട് കാറും ടെമ്പോയും കൂട്ടിയിടിച്ച് പിതാവും മകനുമാണ് മരിച്ചത്. കോട്ടയ്ക്കല്‍ സ്വദേശികളായ അബ്ദുറഹിമാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കൊച്ചിയിലേക്ക് കോട്ടക്കലില്‍ നിന്ന് കുടുംബസമേതം യാത്ര നടത്തുന്നതിനിടെയാണ് അപകടം.