ഇടതു സർക്കാർ പാതിയിലുപേക്ഷിച്ച നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കെതിരെ നീലഗിരി-വയനാട് എൻ.എച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. നഞ്ചൻഗോഡ്-വയനാട്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി ചർച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി ജനുവരി 20ന് കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ആക്ഷൻ കമ്മറ്റി വയനാട്ടിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ധർണ്ണ നടത്തും.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ കൃസ്ത്യൻ സഭകൾ, മുസ്ലീം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കോമേഴ്‌സ്, മലബാർ ഡവലപ്‌മെന്റ് ഫോറം, വിവിധ കർഷക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാർ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.
100 വർഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളേയും സമരങ്ങളേയും തുടർന്നാണ് 2016 ഫെബ്രുവരി 25 ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്-സുൽത്താൻ ബത്തേരി-നിലമ്പൂർ റയിൽപാതക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെത്തുടർന്ന് 6-5-2016 ന് കേന്ദ്ര സർക്കാർ 30 സംയുക്ത സംരഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു. 24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണ്ണയ സർവ്വേയും നടത്താനായി കേരള സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 10-8-2016 ന് റയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരം നൽകി. 9-1-2017 ന് ഇ.ശ്രീധരൻ കൽപ്പറ്റയിൽ എത്തി ജനപ്രതിനിധികളുടെ കൺവൻഷൻ വിളിച്ചുചേർത്ത് പാതയുടെ നിർമ്മാണം സംബന്ധിച്ച വിശദീകരണം നൽകി.
5 വർഷം കൊണ്ട് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത പൂർത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൊച്ചി മെട്രോ മാതൃകയിൽ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വയനാട് എം.പിയും എം.എൽ.എമാരുമടങ്ങിയ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു.
തുടർന്ന് 6-2-2017ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചുചേർത്ത് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിക്ക് നൽകേണ്ട 8 കോടി രൂപയിൽ 2 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സർക്കാർ ഉത്തരവുമിറക്കി. എന്നാൽ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദ്ദേശത്തെത്തുടർന്ന് 3 മണിയോടെ മരവിപ്പിച്ചു നിർത്തുകയായിരുന്നു ഇടതുസർക്കാർ. ഇ. ശ്രീധരൻ പറഞ്ഞത് പ്രകാരം നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പണി ഏറെക്കുറെ പൂർത്തിയാവുകയും വയനാട്ടിലൂടെ തീവണ്ടികൾ ഓടുകയും ചെയ്യേണ്ട സമയമാണിത്. എന്നാൽ ചില ലോബികൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഉന്നതങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടി ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുടങ്ങിപ്പോയതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹൻ നവരംഗ് എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുമ്പാകെ ആർജവത്തോടെ ഈ വിഷയങ്ങൾ അവതരിപ്പിക്കാൻ വയനാട്ടിലെ ബന്ധപ്പെട്ടവർക്ക് സാധിക്കുന്നുമില്ല. ഈയൊരു സാഹചര്യത്തിലാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.