കൊച്ചി: വ്യക്തിജീവിതത്തില്‍ പ്രശ്‌നം വന്നപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നുവെന്ന് നടന്‍ ബാല. ഗായിക അമൃത സുരേഷുമായി വിവാഹമോചനത്തിന്റെ വക്കിലെത്തിയ നടന്‍ബാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത് ഒരു സിനിമാ മാസികക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് ബാലയിപ്പോള്‍. എന്നാല്‍ കുടുംബജീവിതത്തില്‍ പറ്റിയ താഴപ്പിഴകളില്‍ വിഷമത്തിലുമാണ്. എല്ലാവരേയും കണ്ണടച്ചുവിശ്വസിക്കുന്നയാളാണ് താന്‍. അതാണ് തന്റെ ബലഹീനതയെന്നും ബാല പറയുന്നു.

ഒരാളെ സുഹൃത്താക്കാന്‍ ഒരു ഡിമാന്റും ഞാന്‍ വയ്ക്കാറില്ല. പണക്കാരാണോ പാവപ്പെട്ടവരാണോ എന്നൊന്നും നോക്കാറില്ല. നല്ല മനുഷ്യാനാണോ എന്നതേ നോക്കാറുള്ളൂ. 90 ശതമാനം ആളുകളും നല്ലവര്‍ തന്നെയാണ്. പക്ഷേ എല്ലാവരേയും ഞാന്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും -ബാല പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി സോഷ്യല്‍മീഡിയയെ ഉപേക്ഷിച്ചു. ഫേസ്ബുക്കിലൂടെയല്ലാതെയുള്ള സുഹൃത്തുക്കളെ കിട്ടുന്നതാണ് സന്തോഷം. ഇന്നത്തെ കാലത്ത് എല്ലാം ചാറ്റിങ്ങിലൂടെയാണല്ലോയെന്നും ബാല പറയുന്നു.

വ്യക്തിജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നു. അവരുടെ ആശ്വാസവാക്കുകള്‍ ധൈര്യം പകര്‍ന്നു. സ്വകാര്യ ജീവിതമായാലും കരിയറായാലും അമ്മ തന്നെയാണ് തനിക്കെല്ലാമെന്നും ബാല പറഞ്ഞു. അടുത്ത സുഹൃത്ത് പൃഥ്വിയാണ്. എല്ലാ പ്രശ്‌നങ്ങളും അവനറിയാം. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവന്‍ കൂടെ നിന്നിട്ടുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു.