മുംബൈ: ചികിത്സക്ക് സാമ്പത്തിക സഹായം തേടി നടന്‍ ഫറാസ് ഖാന്റെ കുടുംബം. ഫറാസ് ഖാന്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും ദയയുള്ളവര്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ മാത്രമേ ഫറാസ് ഖാന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്നും ഫറാസ്ഖാന്റെ സഹോദരന്‍ ഫഹ്മാന്‍ ഖാന്‍ പറഞ്ഞു.

ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ചിരിക്കുകയാണ് താരത്തിന്. ഫറാസ് ഖാനിപ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയുടെ ഐസിയുവിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ഫഹ്മാന്‍ ഖാന്‍ നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഫണ്ട് റൈസിങ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുകയും ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 25 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. ‘ഫറാസ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരു അവസരമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഐസിയുവില്‍ ആവശ്യമായ ചികിത്സ ലഭിക്കുകയും വൈദ്യസഹായം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും മാത്രമേ ഇത് സാധ്യമാകൂ,’ അദ്ദേഹം കുറിച്ചു.

കുടുംബത്തിന്റെ സഹായ അഭ്യര്‍ത്ഥന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിപൂജ ഭട്ട് രംഗത്തെത്തി. സഹായിക്കാന്‍ കഴിവുള്ളവര്‍ അത് ചെയ്യണമെന്ന് പൂജ ഭട്ട് പറഞ്ഞു.

മെഹന്തി (1998), ദുല്‍ഹന്‍ ബാനൂ മെയിന്‍ തെരി (1999), ചന്ദ് ബുജ് ഗയ (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാന്‍.