തിരുവനന്തപുരം: നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ശബരീനാഥ് മരിച്ചത്. നാല്‍പ്പത്തി മൂന്നു വയസ്സായിരുന്നു. അഭിനയത്തോടൊപ്പം ഫിറ്റ്‌നസിലും ശ്രദ്ധിച്ചിരുന്ന ശബരീനാഥ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന് സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ല. ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരീനാഥ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ശബരിനാഥിന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ശബരിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ക്കുകയാണ് സഹപ്രവര്‍ത്തകനും സുഹൃത്തും നടനുമായ കിഷോര്‍ സത്യ.

‘ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടന്‍(ദിനേശ് പണിക്കര്‍)ഫോണ്‍ വിളിച്ചു പറഞ്ഞു. ‘സാജന്‍(സാജന്‍ സൂര്യ) ഇപ്പോള്‍ വിളിച്ചു. ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ശബരി കുഴഞ്ഞുവീണു ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്’. സാജന്‍ കരയുകയായിരുന്നുവെന്നും ദിനേശേട്ടന്‍ പറഞ്ഞു. ഞാനുടനെ സാജനെ വിളിച്ചു. കരച്ചില്‍ മാത്രമായിരുന്നു മറുപടി. കരയരുത്, ഞാന്‍ ഇപ്പൊ ആശുപത്രിയിലേക്ക് വരാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞ്ഞു.’

‘പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലില്‍ എത്തി. സാജനെ വിളിച്ചപ്പോള്‍ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാന്‍ പോയ്‌കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നല്‍കി. എമര്‍ജന്‍സിയില്‍ 34 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നില്‍ക്കുന്നയാള്‍ ശബരിയുടെ സഹോദരന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് സ്വയം പരിചയപ്പെടുത്തി.’

‘വീട്ടിനടുത്തുള്ള കോര്‍ട്ടില്‍ കളിക്കുകയായിരുന്നു. പെട്ടന്നൂ ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക് മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പറഞ്ഞു. ആശുപത്രിയില്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് ‘ശബരി പോയി’ എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകള്‍ കര കവിഞ്ഞു. ശബ്ദം തൊണ്ടയില്‍ കുരുങ്ങിനിന്നു.’

‘ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്‌നസ്, ആഹാരം, ജീവിതശൈലി, ചിന്തകള്‍, കാഴ്ചപ്പാടുകള്‍ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാള്‍ക്ക് കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്‌നത്തില്‍ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി. പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവന്‍, അനീഷ് രവി, ഷോബി തിലകന്‍, അഷ്‌റഫ് പേഴുംമൂട്, ഉമ നായര്‍ ടെലിവിഷന്‍ രംഗത്തെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ അങ്ങനെ നിരവധി പേര്‍.. അവിശ്വനീയമായ ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ നിരവധി ഫോണ്‍ കോളുകള്‍. കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സുമേഷ് ശരണ്‍, ഇബ്രാഹിംകുട്ടി, ഡോ.ഷാജു ഗണേഷ് ഓലിക്കര നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അങ്ങനെ പലരും. ഞങ്ങളില്‍ പലരുടെയും ഫോണിന് വിശ്രമമില്ലാതായി ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്.അല്ലെങ്കില്‍ 50 വയസുപോലും തികയാത്ത ഫിറ്റ്‌നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ വിടപറയുമോ.,’ ഫേസ്ബുക്ക് കുറിപ്പില്‍ വേദനയോടെ കിഷോര്‍ സത്യ കുറിക്കുന്നു.

അരുവിക്കരയുടെ കലാകാരന് വിട നല്‍കുകയാണ് അരുവിക്കരയില്‍ നിന്നുള്ള നിയമസഭാഗമായ കെ എസ് ശബരീനാഥ് എം എല്‍ എ. ‘പ്രിയപ്പെട്ട ശബരിയുടെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. ടെലിവിഷന്‍ സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഒരു നല്ല കലാകാരനായിരുന്നു അരുവിക്കര സ്വദേശിയായ ശബരി. നാട്ടില്‍ എപ്പോള്‍ കണ്ടാലും സ്‌നേഹത്തോട് മാത്രമേ അദ്ദേഹം ഇടപെട്ടിട്ടുള്ളൂ. ആദരാഞ്ജലികള്‍.’

‘സ്ത്രീപഥം,’ ‘സ്വാമി അയ്യപ്പന്‍,’ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ പ്രദര്‍ശനം ആരംഭിച്ച ‘പാടാത്ത പൈങ്കിളി’ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ശബരിനാഥ് അന്തരിച്ചു.

സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മാതാവ് ആയിരുന്നു. മിനിസ്‌ക്രീനില്‍ വളരെ സജീവമായിരുന്ന ശബരിനാഥ് തന്റെ സീരിയല്‍ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.