അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന്‍ ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹം അറിഞ്ഞത് ഈയടുത്താണ്. ഫേസ്ബുക്ക് പോസ്റ്റില്‍ പോസ്റ്റിടാതെ നേരിട്ട് വരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ടോവിനോ പറഞ്ഞു. നടി പ്രിയങ്കയും ശ്രീജിത്തിനെ പിന്തുണച്ച് സെക്രട്ടേറിയറ്റ് പടിക്കലെത്തിയിരുന്നു.

‘ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളല്ല. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. ആരാണ് സംഭവത്തില്‍ കുറ്റവാളിയെന്ന് അറിയില്ല. അത് നിയമവ്യവസ്ഥ കൈകാര്യം ചെയ്യുന്നവരാണ് കണ്ടെത്തേണ്ടത്. ഇന്ത്യന്‍ഭരണ വ്യവസ്ഥചെയ്യുന്ന ശിക്ഷ അവര്‍ക്ക് വാങ്ങി നല്‍കണം. ഞാനിവിടെ വരുന്നത് കൊണ്ട് ഇത് നാലാള്‍ അറിയുകയാണെങ്കില്‍ മറ്റ് ആളുകള്‍ അറിഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നി. എനിക്കും ഒരു ജ്യേഷ്ഠനുണ്ട്. രണ്ടുപേരും സുഹൃത്തുക്കളാണ്. ശ്രീജിത്ത് നല്ലൊരു മാതൃകയാണ് സമാധാനപരമായി സമരം ചെയ്ത് ഇതുവരെ. അക്രമപരമായി മുന്നോട്ട് പോയിട്ട് ഇതിന് കാര്യവുമില്ല. 760-ല്‍ അധികം ദിവസം സമരം ചെയ്യുകയാണ് ശ്രീജിത്ത്. ഇതിനിടയില്‍ പലപ്പോഴും നിര്‍ത്തിപ്പോകാമായിരുന്നു. നിര്‍ത്തിപ്പോകാത്തതുകൊണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാട്ടുകാരുടെ ഭാഗത്തുനിന്നും ശ്രീജിത്തിന് പിന്തുണയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ടോവിനോ പറഞ്ഞു.