Celebrity

ലഹരിക്കാരായ നടീനടന്മാരെ നന്നായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ് വകുപ്പ്

By webdesk13

April 27, 2023

സിനിമാ ഇന്‍ഡസ്ട്രിയില്‍ രാസലാഹരി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസും എക്‌സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ല. പ്രമുഖ നടീനടന്മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്‌സൈസിന്റെ വിവിധ സംഘങ്ങള്‍ ശേഖരിച്ചത്. ലഹരി കടത്തില്‍ പിടിയിലാകുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലൂടെയുമാണ് നടീനടന്‍മാരുടെയും സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്. കൂടാതെ സിനിമാ മേഖലയില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നു മനസിലായി.

കടത്തുകാരെ ചോദ്യം ചെയ്തപ്പോല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍ സിനിമാ സംഘടനകളില്‍ സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വോഷണം നടത്താനായല്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

സൈറ്റുകളില്‍ പരിശോധന നടത്തുന്നതിന് പൊലീസിനും എക്‌സൈസിനും പരിമിതികളുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ ഷൂട്ടിങ് തടസ്സപ്പെടാം. കോടികള്‍ മുടക്കുന്ന വ്യവസായമായതിനാല്‍ ഷൂട്ടിങ് തടസ്സപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.