കൊച്ചി: തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. എ.ഡി.ജി.പി സന്ധ്യ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടുമെടുത്തത്.

കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനി സുഹൃത്ത് ജിന്‍സനോട് ഗൂഢാലോചനയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടരന്വേഷണം നടത്തുന്നത്. എ.ഡി.ജി.പി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയും കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിലെത്തി നടിയുടെ മൊഴിയെടുത്തു. മലയാളത്തിലെ പ്രമുഖ നടന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കരുതുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നടിയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നും, എന്നാല്‍ ചില സിനിമകളില്‍ തന്നെ അഭിനയിപ്പിക്കരുതെന്ന് നിര്‍മ്മാതാക്കളോട് നടന്‍ ആവശ്യപ്പെട്ടിരുന്നതായും അറിയാമെന്ന് നടി പറഞ്ഞതായി സൂചനയുണ്ട്.

ജിന്‍സന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കൊച്ചിയിലെ സംവിധായകന് നല്‍കാന്‍ ഒരു കത്ത് പള്‍സര്‍സുനി കൊടുത്തുവിട്ടിരുന്നു. കൂടാതെ ഗൂഢാലോചനയില്‍ ഒരു നടന് പങ്കുണ്ടെന്നും പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് എ.ഡി.ജി.പി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്. ജിന്‍സന്റെ വെളിപ്പെടുത്തലുകളില്‍ വാസ്തവമുണ്ടെങ്കില്‍ തെളിവുകള്‍ ലഭിച്ചശേഷമേ കാര്യങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം, വെളിപ്പെടുത്തലിന്റെ വസ്തുതകളും പലീസ് അന്വേഷിക്കുന്നുണ്ട്.