കസബ ചിത്രത്തിലെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം അഭിനയിച്ച നടി ജ്യോതിഷാ. മലയാളം അറിയില്ലെങ്കിലും താന്‍ അഭിനയിച്ച കസബ എന്ന ചിത്രത്തിലെ വിവാദങ്ങള്‍ അറിയുന്നുണ്ടെന്ന് ജ്യോതിഷാ പറഞ്ഞു. ഉത്തരാഖണ്ഡ് മോഡല്‍ കൂടിയായ ജ്യോതിഷാ ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

തനിക്ക് മലയാളം അറിയില്ല. മലയാളി സുഹൃത്തുക്കളാണ് ചിത്രത്തിലെ വിമര്‍ശനങ്ങളെക്കുറിച്ച് അറിയിച്ചതെന്ന് നടി പറഞ്ഞു. രംഗം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങള്‍ രാജന്‍ സക്കറിയക്കമുണ്ട്. അതു മനസ്സിലാക്കി കണ്ടാല്‍ ആ സിനിമക്കോ രംഗത്തിനോ ഒരു കുഴപ്പവുമില്ലെന്ന് ജ്യോതിഷാ പറഞ്ഞു. രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ഒരിക്കലും തോന്നിയില്ല. എത്രയോ ബോളിവുഡ് സിനിമകളില്‍ അത്തരത്തിലുള്ള സീനുകള്‍ ഉണ്ട്. വിവാദമുണ്ടാക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ? നല്ലതുമാത്രം കാണിക്കുന്നതല്ല സിനിമ. നല്ലതും ചീത്തതും സിനിമയില്‍ വരും. അതിനെ സഹിഷ്ണുതയോടെ കാണണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

കസബയിലെ രംഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വ്വതിയാണ് രംഗത്തെത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് വിമര്‍ശനമുന്നയിച്ചത്. തുടര്‍ന്ന് പാര്‍വ്വതിക്കുനേരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മമ്മുട്ടിയും രംഗത്തെത്തി.