റിയാദ്: തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ അല്‍ഭുതപ്പെട്ടിരിക്കുകയാണ് സഊദിയില്‍ ക്ലീനിങ് ജോലി ചെയ്യുന്ന നാസര്‍ അല്‍ ഇസ്‌ലാം അബ്ദുല്‍ കരീം എന്ന ബംഗ്ലാദേശുകാരന്‍. സമ്മാനങ്ങള്‍ ലഭിക്കാനിടയായ സാഹചര്യം മനുഷ്യത്വത്തിന്റേത് കൂടിയാണ്. അത് ഇങ്ങനെ; റിയാദില്‍ ക്ലീനിങ് ജോലി ചെയ്തുവരികയാണ് നാസര്‍. പതിവ് പോലെ ജോലിയില്‍ വ്യാപൃതനാവുന്നതിനിടെ ഒരു സ്വര്‍ണക്കടയുടെ മുന്നില്‍ സ്വര്‍ണം വെച്ചിരിക്കുന്ന കേസിലേക്ക് ആശ്ചര്യത്തോടെ നോക്കിനിന്നു.

ഇതൊരാള്‍ ഫോട്ടോ എടുത്തു. ഇയാള്‍ക്ക് മാലിന്യം നോക്കിനില്‍ക്കാനെ കഴിയൂ എന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കളിയാക്കും വിധത്തില്‍ പ്രചരിപ്പിച്ചു. പിന്നാലെ നാസറിനെ കളിയാക്കിയുള്ള കമന്റുകളും പ്രവഹിച്ചു. ഇതൊന്നും നാസര്‍ അറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ അലിവ് തോന്നിയ അബ്ദുള്ള അല്‍ ഖഹ്താനി എന്ന അറബ് യുവാവ് വിഷയത്തില്‍ ഇടപെട്ട് നാസറിനെ കണ്ടെത്തണമെന്ന ക്യാമ്പയിന് തുടക്കമിട്ടു.

നിമിഷ നേരം ക്യാമ്പയിന്‍ വൈറലാവുകയും നാസറിനെ ആറു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാസറിന് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. തനിക്കിഷ്ടമുള്ള സ്വര്‍ണാഭരണങ്ങള്‍ തന്നെ നാസറിന് ലഭിച്ചു. പണത്തിന് പുറമെ, ഐഫോണ്‍, സാംസങ് ഗ്യാലക്‌സി ഫോണ്‍, എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വര്‍ണക്കടയില്‍ നാസര്‍ സമ്മാനവും പിടിച്ചുള്ള ഫോട്ടോകളും പിന്നീട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ണാഭരണത്തിലേക്ക് നോക്കിനിന്നപ്പോള്‍ ഒരാള്‍ ഫോട്ടോ എടുത്തതായി ഒര്‍ക്കുന്നുണ്ടെന്നും എന്നാല്‍ വാര്‍ത്തകളില്‍ തന്റെ മുഖം വന്നപ്പോഴാണ് ഗൗരവം മനസ്സിലായതെന്നും നാസര്‍ പറയുന്നു. സമ്മാനങ്ങള്‍ ലഭിച്ചതില്‍ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.