തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്നു വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. മന്ത്രിയായിരിക്കെ സൗജന്യമായി തേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത് എഴുതിയെന്നാണ് പുതിയ ആരോപണം.

കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന് 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി കെ രാജുവിന് കത്ത് എഴുതിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വിപണിയില്‍ 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന്‍ സൗജന്യമായി ആവശ്യപ്പെട്ടത്. കണ്ണൂര്‍ ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണത്തിനാണ്  മന്ത്രിയുടെ ലെറ്റര്‍ പാഡില്‍ ജയരാജന്‍ ഈ ആവശ്യം ചോദിച്ച് വനംമന്ത്രിക്ക് കത്തയച്ചത്.

ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഈ കത്ത് വനംമന്ത്രി കെ.രാജു കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.

തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ കത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലിയെ സംബന്ധിച്ചു ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും, ഇത്രയും ഭീമമായ അളവില്‍ തേക്ക് ലഭ്യമല്ലെന്ന മറുപടിയാണ് റേഞ്ച് ഓഫീസര്‍ നല്‍കിയത്.

തുടര്‍ന്ന് കോടിക്കണക്കിന് വില വരുന്ന വനം വകുപ്പിന്റെ തേക്ക് നല്‍കാന്‍ നിയമപരമായി സാധിക്കില്ലെന്ന് വനംവകുപ്പ് മറുപടി നല്‍കുകയായിരുന്നു.