ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്. അടുത്ത മാസം എട്ടിനാണ് രാഹുല്‍ ഗാന്ധി ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷമുള്ളപ്പോള്‍ നടത്തുന്ന ഈ സന്ദര്‍ശനം പ്രവാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി ബഹറിനിലേക്ക് പോകുന്നത്. ജനുവരി എട്ടിന് കണ്‍വന്‍ഷനില്‍ പങ്കെടുന്ന രാഹുല്‍ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയനവിനിമയം നടത്തും. ബഹറിന്‍ സ്ദര്‍ശനത്തിനുശേഷം യു.എ.ഇയും സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ യു.എ.ഇ സന്ദര്‍ശിക്കുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും മുമ്പ് അമേരിക്കയില്‍ രാഹുല്‍ പങ്കെടുത്ത സര്‍വ്വകലാശാല സംവാദങ്ങളില്‍ രാഹുല്‍ ഏറെ പ്രസക്തമായ കാര്യങ്ങളാണ് പങ്കുവെച്ചിരുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് വേണ്ടി ഗുജറാത്തില്‍ പ്രചാരണത്തിനിറങ്ങിയ രാഹുല്‍ കോണ്‍ഗ്രസ്സിന്റെ നില മെച്ചപ്പെടുത്തിയിരുന്നു. ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ തുടങ്ങിയവരുമായുള്ള കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് 80സീറ്റുകളിലെത്തിയിരിക്കുകയാണ് സംസ്ഥാനത്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.