ഹൈദരാബാദ്: ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗത്വത്തില്‍നിന്ന് മൗലാന സല്‍മാന്‍ നദ്‌വിയെ പുറത്താക്കി. ഹൈദരാബാദില്‍ ചേര്‍ന്ന മുസ്‌ലിം
വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് നടപടി.

ആര്‍.എസ്.എസുമായുള്ള സല്‍മാന്‍ നദ്‌വിയുടെ അനുരഞ്ജന ശ്രമങ്ങള്‍ വിവാദമായതിനെതുടര്‍ന്ന് വിഷയം അന്വേഷിക്കുന്നതിന് വ്യക്തി നിയമ ബോര്‍ഡ് നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ബാബരി വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തത് ഗുരുതമായ വീഴ്ചയാണെന്ന് ബോര്‍ഡ് വിലയിരുത്തി.

അതേസമയം മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡില്‍നിന്ന് താന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ പുറത്താക്കല്‍ നടപടി തന്നെ ബാധിക്കുന്നില്ലെന്നും സല്‍മാന്‍ നദ്‌വി പ്രതികരിച്ചു. മുസ്്‌ലിംകളുടേയും ഹിന്ദു മുസ്്‌ലിം സൗഹാര്‍ദ്ദത്തിന്റെയും താല്‍പര്യങ്ങളില്‍നിന്നുകൊണ്ട് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.