മുംബൈ: വിദേശരാജ്യങ്ങളില്‍ വിവാദമായ മീടൂ കാമ്പയിന്‍ ഇന്ത്യയിലും കൂടുതല്‍ ശക്തമാകുന്നു. ബിഗ് ബി അമിതാഭ് ബച്ചനെതിരെയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി ഹയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന മോദി ഭവ്‌നാനിയാണ് ബച്ചനെതിരെ ആരോപണമുന്നയിച്ചത്.

മീടൂ കാമ്പയിനു പിന്തുണയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സപ്‌നയുടെ ആരോപണം. നിങ്ങളുടെ സത്യം വൈകാതെ പുറംലോകമറിയുമെന്ന് സപ്‌ന ട്വിറ്ററില്‍ കുറിച്ചു. താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപ്‌ന പരിഹസിച്ചു.

സ്ത്രീകള്‍ ഒരു വിധത്തിലും മോശമായ സമീപനങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥയുണ്ടാകരുത്. പ്രത്യേകിച്ച് തൊഴിലിടങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്‌കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസഘട്ടം മുതല്‍ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്‌നം മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു ബിഗ്ബിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം.