തിരുവനന്തപുരം: എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദനമേറ്റ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റിട്ടുണ്ട്. സ്‌കാനിങില്‍ ഇക്കാര്യം വ്യക്തമായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കര്‍ നല്‍കിയ പരാതി.

അതിനിടെ, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സംസ്ഥാന പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പത്തിനാണ് കൂടിക്കാഴ്ച.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.