റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം കോടികള്‍ നേടി മുന്നേറുന്ന ദങ്കല്‍ സിനിമക്കെതിരെ ആരോപണം ഉയരുന്നു. അമീര്‍ഖാന്‍ നായകനായുള്ള ചിത്രത്തിനെതിരെ ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ സോന്ദിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം.

ചിത്രത്തില്‍ തന്നെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് അമീര്‍ ഖാന്റെ ശ്രദ്ധയില്‍പെടുത്തും. സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ വ്യക്തമായ മറുപടിയുണ്ടായില്ലെങ്കില്‍ അമീര്‍ഖാനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീതയുടെ പരിശീലകനായിരുന്ന സോന്ദി മുന്നറിയിപ്പ് നല്‍കുന്നു.

ചിത്രീകരണത്തിന് മുമ്പ് അമീര്‍ തന്നെ വന്ന് കണ്ടിരുന്നു. എന്നാല്‍ സിനിമയില്‍ തന്നെ മോശക്കാരനാക്കുകയാണ് ചെയ്തിരിക്കുന്നത്. തികച്ചും വ്യത്യസ്ഥമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗീതയും കുടുംബവും ഇതിന് നിശബ്ദമായിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിതെന്നും സോന്ദി പറയുന്നു.