കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷണത്തില്‍. സംഘടനയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ കേസിലെ പ്രധാന സാക്ഷികളെ നടന്‍ ദിലീപിന് അനുകൂലമായി സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചിലര്‍ ശ്രമിച്ചതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ പൊലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേസിലെ 20 സാക്ഷികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ മൊഴികള്‍ കേസില്‍ സുപ്രധാനമാണ്. ഇത് ദീലിപിന് അനുകൂലമാക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നാണ് വിവരം.

എത്രയും വേഗം സാക്ഷിവിസ്താരം നടത്തി ഈ പ്രശ്‌നത്തെ മറികടക്കുന്നതിനും പ്രോസിക്യൂഷന്‍ ശ്രമം ആരംഭിച്ചു. സാക്ഷികളായ നടീനടന്മാര്‍ക്ക് പ്രമുഖ താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ ഓഫര്‍ ചെയ്തതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനു പുറമെ അഭിനയത്തിന് വന്‍തുക പ്രതിഫലമായി നല്‍കാമെന്നും ഓഫറുണ്ട്. ഇതിലൂടെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രമമെന്ന് പൊലീസ് കരുതുന്നു.

മലയാളത്തിലെ അഞ്ചു സിനിമകളുടെ നിര്‍മ്മാണം പൊലീസ് നിലവില്‍ നിരീക്ഷിക്കുന്നുണ്ട്. ഇവയില്‍ രണ്ട് സിനിമകളുടെ നിര്‍മ്മാണത്തില്‍ നടന്‍ ദിലീപിന് നേരിട്ട് പങ്കാളിത്തമുണ്ട്. ഈ അഞ്ചു സിനിമകളിലും കേസിലെ സാക്ഷികള്‍ സഹകരിക്കുന്നുണ്ട്. ഇതാണ് സിനിമകള്‍ നിരീക്ഷിക്കാന്‍ കാരണം. അടുത്ത മാസം 11നാണ് കേസ് ഇനി കോടതി പരിഗണിക്കുക.