ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തു 65 ശതമാനത്തോളം മാര്‍ക്ക് വാങ്ങി വിജയിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.മധുമോഹന്‍ പറഞ്ഞു. വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനിടെ ഏപ്രില്‍ അഞ്ചിന് രാത്രിയാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് ശാഖയില്‍ പോകുന്നതു നിര്‍ത്തിയെന്ന കാരണം പറഞ്ഞാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളായ വയലാര്‍ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീക്കുട്ടന്‍ ഉള്‍പ്പെടെ 17 പേര്‍ തടവുശിക്ഷ അനുഭവിക്കുകയാണ്്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ ജുവൈനല്‍ ഹോമിലാണുള്ളത്.
പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്റെയും നിര്‍മലയുടെയും മകനാണ് അനന്തു. മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത് കഴിയുന്ന കുടുംബത്തിന് അനന്തുവിന്റെ വിജയവാര്‍ത്ത കൂടിയെത്തിയതോടെ വീണ്ടും കണ്ണീരിലാഴ്ത്തി. സഹപാഠികള്‍ക്കും ഏറെ നൊമ്പരമാണ് സമ്മാനിച്ചത്.