Football

മെസി മാജിക്കില്‍ പെറുവിനെ തകര്‍ത്ത് അര്‍ജന്റീന

By webdesk14

October 18, 2023

പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും അതിനെയൊന്നും വകവെയ്ക്കാതെ ലയണല്‍ മെസ്സിയെന്ന മാന്ത്രികന്റെ ഗോള്‍വേട്ട. പരിക്കുകള്‍ കാരണം കുറച്ചുകാലമായി വിട്ടുനില്‍ക്കുന്ന താരം രണ്ടുതവണയാണ് എതിരാളികളുടെ വലയിലേക്ക് ബോള്‍ പായിച്ചത്. തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ അര്‍ജന്റീനക്ക് പതിവുപോലെ വിജയത്തിളക്കം. തെക്കനമേരിക്കന്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ ആദ്യപകുതിയില്‍ മെസ്സി നേടിയ തകര്‍പ്പന്‍ ഗോളുകളുടെ പിന്‍ബലത്തില്‍ അര്‍ജന്റീന 2-0ത്തിന് പെറുവിനെ തോല്‍പ്പിച്ചു.

32ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിതെളിച്ചത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.