News

പെണ്‍സുഹൃത്തിനേച്ചൊല്ലി തര്‍ക്കം: ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

By webdesk18

December 10, 2025

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.

നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു.

ആറു ദിവസമായി യുവാവിനെ കാണനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്‍കി.

കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കിടയിലും വാക്കുതര്‍ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കിഷോര്‍ രമേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോര്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.