കായംകുളം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി നടന്‍ സലിംകുമാര്‍. അരിത നാമനിര്‍ദേശപത്രിക നല്‍കുമ്പോള്‍ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു. സലിംകുമാറിന്റെ കാലുതൊട്ടു വന്ദിച്ച ശേഷമാണ് അരിത പത്രിക സമര്‍പ്പിച്ചത്.
അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന്‍ എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു.

‘പഠനകാലം മുതലേ പശുക്കളെ പരിപാലിക്കുകയും വീടുകളില്‍ പാല്‍ എത്തിക്കുകയും ചെയ്യുന്ന അരിതയുടെ ജീവിതകഥ എന്നെ സമാനമായ അനുഭവം ഓര്‍മിപ്പിച്ചു. അങ്ങനെ തന്നെയാണ് ഞാനും ജീവിച്ചത്. വീട്ടില്‍ മൂന്നുനാലു പശുക്കള്‍ ഉണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് വീടുകളിലും ഹോട്ടലുകളിലും പാല്‍ കൊണ്ടുപോയി കൊടുക്കുമായിരുന്നു’ സലിംകുമാര്‍ പറഞ്ഞു.