അഹമ്മദ് ഷരീഫ് പി.വി

 

രാഷ്ട്രീയത്തില്‍ ആര്‍ക്കും ആരേയും എഴുതിത്തള്ളാനാവില്ലെന്ന് ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുകയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങള്‍ക്കുമപ്പുറം പല ട്വിസ്റ്റുകള്‍ക്കും വഴിതുറന്നിട്ടിരിക്കുന്ന ഫലം നല്‍കുന്ന പാഠങ്ങള്‍ പലതാണ്. 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 38 സീറ്റുകള്‍ നേടിയ ജെ.ഡി.എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ സഹായകരമാണ്. മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പല സംസ്ഥാനങ്ങളിലും നഷ്ടമായ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ ഒരു മുഴം മുമ്പേ എറിഞ്ഞു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റാന്‍ ഗോവ, മണിപ്പൂര്‍, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി. ജെ.പി പയറ്റിയ തന്ത്രം ഇത്തവണ തിരിഞ്ഞു കുത്തിയെന്നതാണ് ബി.ജെ.പിക്കേറ്റ വലിയ തിരിച്ചടി. ജനഹിതം അവിഹിത മാര്‍ഗത്തിലൂടെ അട്ടിമറിക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കാന്‍ ഇതിലും നല്ലൊരു തിരിച്ചടി കോണ്‍ഗ്രസിനു മുന്നിലില്ലതാനും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ, മോദി, യെദ്യൂരപ്പ ത്രയം കര്‍ണാടകയില്‍ സര്‍വ തന്ത്രങ്ങളും പുറത്തെടുത്തിട്ടും 104 സീറ്റുകളാണ് നേടാനായത്. സീറ്റുകളുടെ കാര്യത്തില്‍ പിന്നാക്കം പോകേണ്ടി വന്നത് കോണ്‍ഗ്രസിന് ക്ഷീണമാണെങ്കിലും ജെ.ഡി.എസിനൊപ്പം സര്‍ക്കാറിന്റെ ഭാഗമാകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അല്‍പം ആശ്വാസം പകരും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടി സീറ്റുകള്‍ നേടിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച യെദ്യൂരപ്പയുടെ കെ.ജെ.പിയും റെഡ്ഢിമാരുടെ ബി.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.പിയില്‍ ലയിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന കാര്യം വിസ്മരിക്കാനാവില്ല. കോണ്‍ഗ്രസിനെ ചിത്രത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ വാദങ്ങള്‍ സ്വയം ആശ്വസിക്കാനെന്നതിലുപരി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിച്ച ഏതൊരാള്‍ക്കും മനസിലാകും. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പിന് മുമ്പ് ജെ.ഡി.എസും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പ്രാവര്‍ത്തികമായില്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊരു രീതിയിലാകുമായിരുന്നു. പഴയ മൈസൂരു മേഖലയിലും മുംബൈ കര്‍ണാടക മേഖലയിലുമാണ് ജെ.ഡി.എസ്-ബി.ജെ.പി ധാരണ ശരിക്കും പ്രാവര്‍ത്തികമായത്. ഇവിടെ കോണ്‍ഗ്രസിന്റെ പ്രബലരെ തോല്‍പിക്കാനായി ജെ.ഡി.എസിന് ശക്തിയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പേരിന് മാത്രമായിരുന്നു. സമാന രീതിയായിരുന്നു ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള സീറ്റുകളിലും സംഭവിച്ചത്. ഇതിനു പുറമെ ചെറുകക്ഷികളും ബി.ജെ.പി തന്നെ നൂലില്‍ കെട്ടി ഇറക്കിയ എം.ഇ.പി പോലുള്ള പാര്‍ട്ടികളും കവര്‍ന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം നേതാക്കന്‍മാരുടെ അഭാവമോ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കഴിവു കേടോ ആയിരുന്നില്ലെന്നത് കര്‍ണാടക രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാവും. സംസ്ഥാനത്ത് ഒരിടത്തും സിദ്ധരാമയ്യക്കെതിരായ വികാരമുണ്ടായിരുന്നില്ല. തോല്‍വിയുടെ കാരണം തല്‍ക്കാലം നേതൃത്വം നല്‍കിയവരിലേക്ക് ഒതുക്കാമെങ്കിലും, അഴിമതിയും വികസനവുമൊക്കെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ പക്ഷേ അവസാന ദിനങ്ങളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തീവ്ര വര്‍ഗീയ പ്രചാരണം തന്നെയാണ് കോണ്‍ഗ്രസിനെതിരെ ബി.ജെ.പിക്ക് മേല്‍ക്കോയ്മ നല്‍കിയതെന്ന് നിസംശയം പറയാം. 1978ല്‍ ദേവരാജ് അര്‍സ് കര്‍ണാടകയില്‍ പയറ്റിയ അഹിന്ദ സമവാക്യം ഒന്നുകൂടി തേച്ചുമിനുക്കിയാണ് സിദ്ധരാമയ്യ ഇത്തവണ ബി.ജെ.പിയെ നേരിട്ടത്. ദലിത്, പിന്നാക്ക, മുസ്‌ലിം ഐക്യം. പക്ഷേ ഇതിനെ തകര്‍ക്കാന്‍ മോദി വേവ് എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പ്രചാരണ തന്ത്രത്തില്‍ മോദിയും യോഗിയും അമിത് ഷായും അഴിച്ചുവിട്ടത് തലക്കകത്ത് ആള്‍താമസമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവുന്നതായിരുന്നില്ല. പക്ഷേ രാഷ്ട്രീയപരമായി വിദ്യാസമ്പന്നരല്ലാത്ത കന്നഡികരെ ഇത്തരത്തില്‍ വിശ്വസിപ്പിക്കാന്‍ മോദിയുടെ വാക് ചാതുര്യത്തിനു സാധിച്ചുവെന്ന് പറയേണ്ടി വരും. വ്യാജ കഥകളിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ സ്ഥിരം പ്രവര്‍ത്തന പദ്ധതിയാണ്. സോഷ്യല്‍ മീഡിയ കാലത്ത് അത് എല്ലാ അതിരുകളും ലംഘിക്കുകയും ചെയ്യാറുണ്ട്. കര്‍ണാടകയിലും അതിന് കുറവുണ്ടായില്ല. ദേശീയതയിലൂന്നി കോണ്‍ഗ്രസ് വിരുദ്ധതയും വര്‍ഗീയതയും സമാസമം ചേര്‍ത്താണ് ഓരോ വ്യാജ കഥകളും പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്റെ തുടക്കം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ ആരംഭിച്ചിരുന്നു. മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനുവരിയില്‍ തന്നെ സംഘ്പരിവാരം വ്യാജ പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. 21 വയസ്സുകാരനായ പരേഷ് മിസ്തയുടെ മരണമായിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യ വ്യാജ കഥ. ഒരു സംഘര്‍ഷത്തിനിടെ കാണാതാവുകയും പിന്നീട് വെള്ളക്കെട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു യഥാര്‍ത്ഥ സംഭവം. എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അതായിരുന്നില്ല. വര്‍ഗീയാക്രമണത്തിനിരയായ പരേഷ് മിസ്തയുടെ തല വെട്ടിപ്പിളര്‍ന്നു, ഷണ്ഡീകരിച്ചു, മുഖത്ത് തിളച്ചയെണ്ണയൊഴിച്ചു, മൃതദേഹം വികൃതമാക്കി.. എന്നിങ്ങനെയായിരുന്നു പ്രചാരണം. ബിജെപി പത്രക്കുറിപ്പിറക്കി. നേതാക്കള്‍ കഥകള്‍ കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ വ്യാജ കഥകളെല്ലാം പൊളിഞ്ഞു: മൃതദേഹത്തില്‍ ആയുധംകൊണ്ടുള്ള മുറിവില്ല, മൃതദേഹം അഴുകിയതിനാലാണ് മുഖത്തെ നിറംമാറ്റം എണ്ണയൊഴിച്ചതുകൊണ്ടല്ല, മൃതദേഹം വികൃതമാക്കുകയോ ഷണ്ഡീകരിക്കുകയോ ചെയ്തിട്ടില്ല, ശിവജിയുടെ ചിത്രത്തോടൊപ്പം മറാത്ത എന്ന് പച്ചകുത്തിയിരുന്നത് പ്രചരിക്കപ്പെട്ട പോലെ നശിപ്പിക്കപ്പെട്ടിട്ടില്ല തുടങ്ങിയവ പൊലീസ് തന്നെ സ്ഥിരീകരിച്ചു. പക്ഷേ പൊലീസ് വിശദീകരണത്തേക്കാളും ബി.ജെ.പിയുടെ വാദമാണ് പലയിടത്തും ഏറ്റത്. പട്ടിക ജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ണാടക മുന്നിലാണെന്നും സിദ്ധരാമയ്യക്കു കീഴില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് രക്ഷയില്ലെന്നതായിരുന്നു പിന്നീടുള്ള പ്രചാരണം. ഇതിനായി കുറ്റകൃത്യത്തില്‍ കര്‍ണാടകക്ക് മുന്നിലുള്ള സംസ്ഥാനങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതില്‍ ഭൂരിഭാഗവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമായിരുന്നു. കര്‍ണാടകയുടെ ആറിരട്ടിയോളം എസ്.സി, എസ്.ടി പീഡനങ്ങള്‍ നടക്കുന്ന യു.പി മുഖ്യമന്ത്രി തന്നെയായിരുന്നു ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കിയതും. ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ചാമരാജ് നഗര്‍ സ്ഥാനാര്‍ത്ഥി സമീര്‍ അഹമ്മദ് ഖാന്റെ പ്രസംഗമെന്ന പേരില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ ചോരപ്പുഴയൊഴുക്കുമെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി അനുകൂലികള്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തു. താന്‍ മന്ത്രിയായാല്‍ തന്റെ പേര് ഗിന്നസ് റെക്കോഡില്‍ വരുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് സ്ഥാനാര്‍ഥി നടത്തിയ യഥാര്‍ഥ പ്രസംഗം. പക്ഷേ ഇത് ജെ. ഡി.എസ് അനുകൂലികള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു. തങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസില്‍ പോയ സമീറിനെ പാഠം പഠിപ്പിക്കാന്‍ തക്കം പാര്‍ത്ത ജെ. ഡി.എസുകാരും ഇത് വ്യാപകമായി പ്രചരിപ്പിച്ചു. സമീര്‍ അഹമ്മദ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പഴയ മൈസൂരു മേഖലയില്‍ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിലേക്കു പോലും കാര്യങ്ങളെത്തിക്കാനും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിനും ഇത് കാരണായി. മുഖ്യധാരാ മാധ്യമങ്ങള്‍ നേരത്തെ തന്നെ ബി.ജെ.പിയുടെ ചിയര്‍ ലീഡേഴ്‌സാണെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പിനായി അവര്‍ മുന്നോട്ടു കൊണ്ടുവന്ന വര്‍ഗീയ പ്രചാരങ്ങള്‍ എല്ലാ സീമകളെയും ലംഘിക്കുന്നതായിരുന്നു. മോദിയുടെ വാരാണസി റാലിയുടെ ചിത്രം വരെ കര്‍ണാടകയിലേതാണെന്ന് കാണിച്ച് വന്‍ ജനക്കൂട്ടം മോദി വേവ് എന്നൊക്കെ തള്ളാന്‍ ഇത്തരം മാധ്യമങ്ങള്‍ തയാറായി. കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ നിന്ന് കോടികളുടെ കള്ളപ്പണം കണ്ടെത്തിയെന്ന പേരില്‍ തെളിവായി ഒരു വീഡിയോയാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പി പ്രചരിപ്പിച്ചത്. 2016ല്‍ ഡല്‍ഹി ടി ആന്റ് ടി ലോ ഫേമില്‍ നടത്തിയ റെയിഡിന്റേതായിരുന്നു യഥാര്‍ത്ഥത്തില്‍ ആ വീഡിയോ. ശിവകുമാറിന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഐ.ടി വകുപ്പിന് സാധിച്ചിരുന്നില്ല. അഭിപ്രായ സര്‍വേയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റമെന്ന് സ്ഥാപിക്കാന്‍ ബി.ബി.സിയുടെ ലോഗോ സഹിതമായിരുന്നു പ്രചാരണം. ബി.ബി.സി തന്നെ ഇത് വ്യാജമാണെന്ന് ഒടുവില്‍ അറിയിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ പയറ്റിയ അതേ നമ്പര്‍ കര്‍ണാടകയിലും ബി.ജെ.പി എത്തിച്ചു. പാകിസ്താന്‍ അനുകൂലികളാണ് കോണ്‍ഗ്രസ് എന്നതായിരുന്നു ഇത്. ഇതിനു ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. നോര്‍ത്ത് ബല്‍ഗാമില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ പാക്കിസ്താന്‍ പതാകയുയര്‍ത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്നത്. ഇത് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കൊടിയായിരുന്നു. പിന്നീട് ബി.ജെ.പിക്ക് വിനയാകുമായിരുന്ന ലിംഗായത്ത് കാര്‍ഡ് അവര്‍ തിരിച്ചുവിട്ടതും മുസ്‌ലിം ക്രിസ്ത്യന്‍ തീവ്രവാദം ആരോപിച്ചായിരുന്നു. ഇത് വലിയ അളവോളം ലിംഗായത്ത് വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം നിര്‍ത്തുകയും ചെയ്തു. ലിംഗായത്ത് മത പദവിക്ക് പിന്നില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലും വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുമാണ്. കര്‍ണാടക മന്ത്രി എം.ബി പാട്ടീല്‍, സോണിയാഗാന്ധിക്ക് അയച്ച കത്താണ് ഇതിന്റെ തെളിവെന്നും ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ചു. ഇത്തരത്തില്‍ ഒരു സംഘടന പോലുമില്ലെന്നതാണ് സത്യം. കത്തുണ്ടാക്കിയതാകട്ടെ ബിജാപൂര്‍ ലിംഗായത്ത് അസോസിയേഷന്റെ പേരിലും. മതപദവി തീരുമാനത്തിന് പിന്നില്‍ കത്തോലിക്ക സഭയാണെന്ന് തെളിയിക്കുന്ന മറ്റൊരു രേഖയും പിന്നീട് വന്നു. എല്ലാ കത്തുകളും വ്യാജമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ലിംഗായത്ത് മഠാധിപതിയെ കാണാനെത്തിയ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കിട്ടിയ തണുത്ത പ്രതികരണവും അതേ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന് കിട്ടിയ ഗംഭീര വരവേല്‍പും ലിംഗായത്തുകള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് തോന്നിച്ചെങ്കിലും കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയുടെ കുരുട്ടു തന്ത്രം ലിംഗായത്തുകള്‍ മനസിലാക്കുമെന്ന് പറഞ്ഞായിരുന്നു പിന്നീട് ബി.ജെ.പി ഈ മേല്‍ക്കോയ്മയെ മറികടന്നത്. റോഡില്‍ കൈയ്യേറ്റത്തിനിരയായ പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു അടുത്തത്. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലെന്നും രാജ്യം എവിടേക്കാണ് പോകുന്നത്, ബംഗളൂരുവില്‍ സംഭവിച്ചത്, പരമാവധി ഷെയര്‍ ചെയ്യൂ തുടങ്ങിയ സന്ദേശങ്ങള്‍ സഹിതം ബി.ജെ.പി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സിദ്ധരാമയ്യ സര്‍ക്കാറിനെതിരായ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ മുഖ്യ ആയുധമായി ഈ വീഡിയോ മാറി. യഥാര്‍ഥത്തില്‍ അത് മലേഷ്യയിലെ സംഭവമായിരുന്നു. കേവലം സിദ്ധരാമയ്യക്കും രാഹുലിനുമെതിരായ ജനവിധി എന്നു പ്രചരിപ്പിക്കുമ്പോഴും ഇത്തരം ധ്രുവീകരണ ലക്ഷ്യത്തോടെയുള്ള വര്‍ഗീയ പ്രചാരണത്തിന്റെകൂടി പരിണിത ഫലമാണ് കര്‍ണാടക ഫലം. മേഖലകള്‍ തിരിച്ചുള്ള കണക്കില്‍ ഇത് കൂടുതല്‍ വ്യക്തമാവും. യോഗിയും ഷായും മോദിയും ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയ ബോംബെ കര്‍ണാടക മേഖലയില്‍ 30 സീറ്റുകളാണ് ബി.ജെ.പി ഇത്തവണ നേടിയത്. കോണ്‍ഗ്രസ് 17, ജെ.ഡി.എസ് രണ്ടും മറ്റുള്ളവര്‍ ഒന്നും. 2013ല്‍ കോണ്‍ഗ്രസ് 31, ബി.ജെ.പി 13, ജെ.ഡി.എസ് ഒന്ന്, മറ്റുള്ളവര്‍ അഞ്ച് എന്നിങ്ങനെയായിരുന്നു കണക്ക്. വര്‍ഗീയ ധ്രുവീകരണം ഏറ്റവുമധികം നടന്ന തീരദേശ കര്‍ണാടകയില്‍ 19ല്‍ 16 സീറ്റും ബി.ജെ.പി നേടിയപ്പോള്‍ മൂന്നിടത്താണ് കോണ്‍ഗ്രസ് ജയം. കഴിഞ്ഞ തവണ 13 ഇടത്തും വിജയിച്ചത് കോണ്‍ഗ്രസായിരുന്നു. ബി.ജെ.പിയുടെ കാര്യമായ സ്വാധീന മേഖലയായ മധ്യകര്‍ണാടകയില്‍ ബി.ജെ.പി 21 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് ഒതുങ്ങി. പഴയ മൈസൂരു മേഖലയില്‍ ജെ.ഡി.എസുമായുള്ള രഹസ്യ ധാരണ ബി.ജെ.പിക്ക് 11 സീറ്റുകളാണ് നേടിക്കൊടുത്തത്. അതേസമയം വിദ്യാസമ്പന്നര്‍ കൂടുതലുള്ള ബംഗളൂരു, ഹൈദരാബാദ് കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.