Video Stories
അഭിമാനമാണ് സ്ത്രീത്വം; മെച്ചപ്പെട്ടത് ബാക്കിയാക്കാം
അഡ്വ. പി കുല്‍സു
സ്ത്രീകളുടെ തുല്യതയും അവകാശവും പങ്കാളിത്തവും ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമുള്ള ദിവസം, ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഐക്യ രാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണങ്ങള്‍ ഏറെയുണ്ടെങ്കിലും ജനസംഖയുടെ പാതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനാല്‍ വനിതാദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാസമ്മേളനത്തില്‍ ജര്‍മ്മന്‍ വനിതാനേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാദിനം. ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ പെണ്‍ഭ്രൂണങ്ങള്‍ മുതല്‍ തൊണ്ണൂറാം വയസ്സിലും പീഡനം ഭയന്നു ജീവിതം തള്ളിനീക്കുന്ന മുത്തശ്ശിമാരുടെ ദുരിതം വരെ വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നു. ശൈശവ വിവാഹത്തിന് നിര്‍ബന്ധിതമായി ഭര്‍ത്താവിന്റെ വിയോഗത്തോടെ കത്തിയെരിയുന്ന ചിതയില്‍ ഹോമിക്കപ്പെട്ട എത്രയോ സതിമാരുടെയും സവര്‍ണ്ണ മേധാവിത്വം ചൂഷണത്തിന്റെ മേലങ്കിയിട്ട് വാഴിച്ച ദേവദാസിമാരും മാംസം വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട് ലൈംഗിക രോഗത്തിന് അടിപ്പെട്ട് ജീവച്ഛവമായവരുടെയും നൊമ്പര ചിത്രങ്ങളും വേട്ടയാടുന്ന ദിനമാണിത്.
മാറുമറക്കാനുള്ള അവകാശത്തിന്‌വേണ്ടി സമരം ചെയ്യേണ്ടിവന്നത് കേരളത്തിലാണെങ്കില്‍ സ്ത്രീയായതിന്റെ പേരില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് തെരുവിലിറങ്ങേണ്ടിവന്നത് ഇംഗ്ലണ്ടിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. മതങ്ങളും ദര്‍ശനങ്ങളും സ്ത്രീയെ ആദരിക്കുമ്പോഴും ചില ആചാരങ്ങള്‍ നിര്‍മ്മിച്ച് സ്ത്രീത്വത്തിനുമേല്‍ കടന്നുകയറുന്നതും നാം കണ്ടു. സ്ത്രീ മുന്നേറ്റത്തിന്റെ പെരുമ്പറ മുഴക്കി കേരള സര്‍ക്കാര്‍ സൃഷ്ടിച്ച വനിതാമതിലും വനിതകളെ അപമാനിക്കലായിരുന്നു. സ്ത്രീയും പുരുഷനും ഒരേ സ്‌കെയിലുകൊണ്ട് അളക്കപ്പെടേണ്ടവരല്ലെന്ന സാമാന്യ ബോധം ഈ വനിതാ ദിനത്തിലെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീയാണ് എന്നത് അഭിമാനത്തോടെ പറയാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുമാകണം. മാനസികമായി സ്ത്രീ കരുത്തയാണെങ്കിലും കായിക ബലത്തില്‍ പുരുഷനു പിന്നിലാണെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം. ജിഷമാരും സൗമ്യമാരും നിര്‍ഭയമാരും ശത്രുവിനെതിരെ ചെറുത്തുനിന്ന് പരാജയപ്പെട്ടത് പാഠമായുണ്ട്. എന്നാല്‍, യുദ്ധമുഖത്തുപോലും ആത്മവീര്യം ചോരാതെ അവസാനംവരെ പിറന്ന നാടിനുവേണ്ടി പോരാടിയ റാണി ലക്ഷ്മി ഭായിയും സുല്‍ത്താന ബീഗവും ഝാന്‍സി റാണിയും പ്രചോദനമായി മുമ്പിലുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14ല്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷയും തുല്യനീതിയും ഉറപ്പു നല്‍കുന്നുണ്ട്. സമീപകാലത്ത് ഭരണഘടനാ ഭേദഗതികളോടെ സ്ഥാനംപിടിച്ച ആര്‍ട്ടിക്കിള്‍ 73ഉം 74ഉം സ്ത്രീകള്‍ക്ക് അധികാരത്തിലും തുല്യാവകാശം ഉറപ്പാക്കാനുള്ള ശ്രമമമായിരുന്നു. ഇതിന്റെ ഭാഗമായി നടപ്പാക്കിയ സംവരണം മൂലം രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ സ്ത്രീകള്‍ക്കുണ്ടായ ഉന്നമനവും സ്മരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ വലിയ മുന്നേറ്റവും കുടുംബശ്രീ പോലുള്ള തൊഴില്‍ രംഗത്തെ സ്ത്രീ ശാക്തീകരണ പദ്ധതികളും എടുത്തുപറയേണ്ടതാണ്. ഉന്നത ഉദ്യോഗത്തിലും പാര്‍ലമെന്ററി രംഗത്തും സ്ത്രീ പങ്കാളിത്തം പരിമിതമാണ് എന്നതും ചേര്‍ത്തുവായിക്കണം. ലോകത്ത് വനിതകള്‍ ഏറ്റവുമധികം അപകടകരമായ അവസ്ഥയില്‍ കഴിയുന്നതില്‍ ഇന്ത്യയാണ് ഏറെ മുന്നിലെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുദ്ധം നടക്കുന്ന സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് ഇന്ത്യയിലെന്നും റോയിറ്റേഴ്‌സ് പഠനം പറയുന്നു.
വ്യവസായ വിപ്ലവത്തിലേക്ക് രാജ്യങ്ങള്‍ കുതികൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യരെ യന്ത്രങ്ങള്‍ക്ക് സമാനമായി കല്‍പ്പിച്ച് പരമാവധി ചൂഷണം ചെയ്ത മുതലാളിത്ത ആധിപത്യ കാലം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍. സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വല മുന്നേറ്റത്തെയാണ് വനിതാദിനം അടയാളപ്പെടുത്തുന്നത്.
സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണീ ദിനം. ന്യൂയോര്‍ക്കിലെ വനിതകള്‍ 1857 മാര്‍ച്ച് എട്ടിന് നടത്തിയ സമരവും പ്രക്ഷോഭവുമാണ് യഥാര്‍ത്ഥത്തില്‍ വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെയും വോട്ടു ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഇതു കാരണമായി.
അമേരിക്കയില്‍ 1909 ഫെബ്രുവരി 28നാണ് ആദ്യമായി വനിതാദിനം ആചരിച്ചത്. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വുമന്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. കൂടുതല്‍ മെച്ചപ്പെട്ടത് ബാക്കിവെക്കാന്‍ (ബാലന്‍സ് ഫോര്‍ ബെറ്റര്‍) എന്നതാണ് ഇത്തവണത്തെ പ്രമേയം. മെച്ചപ്പെട്ട സുരക്ഷിതത്വവും വിദ്യാഭ്യാസവും സാമൂഹ്യനിവവാരവും ഉറപ്പാക്കാന്‍ ഈ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്കാണ് വനിതാദിനാചരണത്തോടെ രാജ്യമാകെ തുടക്കമിടുന്നത്. ആത്യന്തികമായി സ്ത്രീ സ്വത്വത്തില്‍ അഭിമാനത്തോടെ മെച്ചപ്പെട്ട ജീവിതവുമായി മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് ലക്ഷ്യമാക്കുന്നത്.
(വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖിക)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

