Connect with us

Video Stories

ശ്രീലങ്കയിലെ കൂട്ടക്കുരുതി കേരളത്തിനുള്ള പാഠങ്ങള്‍

Published

on


മുരളി തുമ്മാരുകുടി


ഈസ്റ്റര്‍ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 320 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും നമ്മെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം. ദേശീയ സുരക്ഷക്ക് ഭീഷണിയായി ഭീകരവാദം വളരുന്ന ഈ നിമിഷത്തില്‍ അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ എല്ലാ ശ്രീലങ്കക്കാര്‍ക്കും കഴിയട്ടെ. കേരളത്തിന്റെ മെഡിക്കല്‍ സംഘം ശ്രീലങ്കക്ക് സഹായത്തിനായി എത്തുന്നത്് വളരെ നല്ലത്.
രാമരാവണ പുരാണങ്ങള്‍ അറിയാമെങ്കിലും ശ്രീലങ്ക, കേരളത്തിന്റെ എത്ര അടുത്താണെന്നും ഏതൊക്കെ തരത്തില്‍ ശ്രീലങ്കയും കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശ്രീലങ്കയില്‍ പോകാത്ത മലയാളികള്‍ പൊതുവെ മനസ്സിലാക്കിയിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മില്‍ ഐതിഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്. തെങ്ങുമായി ശ്രീലങ്കയില്‍നിന്നും കേരളത്തില്‍ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികള്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലയാളികളുടെ ഗള്‍ഫ് ആയിരുന്നു സിലോണ്‍. ഏറെ മലയാളികള്‍ അവിടെ കുടിയേറിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ കവിത ചൊല്ലി അത് മന്ത്രമാണെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയില്‍ ജ്യോല്‍സ്യവും മന്ത്രവാദവും നടത്തി ജീവിക്കുന്ന മലയാളികളെക്കുറിച്ച് എ.ടി കോവൂര്‍ എഴുതിയിട്ടുണ്ട്. ചെറുപ്പകാലത്ത് ഏറ്റവും നന്നായി മലയാളസിനിമാഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നത് സിലോണ്‍ റേഡിയോ ആണ്. ആദ്യമായി ടി.വി കാണുന്നത്, കൊടൈക്കനാലിലെ ഹോട്ടലുകാര്‍ ഏറെ പൊക്കത്തില്‍ ആന്റിന വെച്ചുപിടിപ്പിച്ച് അവരുടെ ലോബിയില്‍ ശ്രീലങ്കന്‍ ടെലിവിഷന്‍ പ്രക്ഷേപണം ആകര്‍ഷണമായി വെച്ചപ്പോഴാണ്. കേരളത്തേക്കാളും നല്ല വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി സംരക്ഷണം ഒക്കെയുള്ള പ്രദേശമായിരുന്നു പണ്ട് സിലോണ്‍.
1980 മുതല്‍ കാര്യങ്ങള്‍ മോശമായി. 2010 വരെ സ്ഥിതിഗതികള്‍ ഏതാണ്ട് അതുപോലെ തുടര്‍ന്നു. എന്നാല്‍ ആഭ്യന്തര യുദ്ധം കഴിഞ്ഞുള്ള ശ്രീലങ്കയുടെ സാമ്പത്തികമായ തിരിച്ചുവരവ് അതിശയിപ്പിക്കുന്നത്ര വേഗത്തിലായിരുന്നു. സമാധാനത്തോടൊപ്പം ഹോട്ടലുകളും വിമാനസര്‍വീസുകളും കൂടി വന്നതോടെ ടൂറിസം അതിവേഗത്തില്‍ വളര്‍ന്നു. ഇന്ത്യന്‍ തുറമുഖങ്ങളേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങള്‍ അവിടെ വന്നത് മറ്റു സാമ്പത്തിക രംഗവും ഉഷാറാക്കിത്തുടങ്ങി. നഷ്ടപ്പെട്ട പതിറ്റാണ്ടുകള്‍ അവര്‍ വേഗത്തില്‍ തിരിച്ചുപിടിക്കുകയാണെന്നും അത് കേരളം ശ്രദ്ധിക്കണമെന്നും രണ്ടു വര്‍ഷം മുന്‍പേ പറഞ്ഞിരുന്നു. കായലും ഹൗസ്‌ബോട്ടും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള അവരുടെ ടൂറിസം പ്രമോഷന്‍ കേരളവുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണെങ്കിലും ശ്രീലങ്കയെ കേരള ടൂറിസത്തെ വെല്ലുവിളിക്കുന്ന ശക്തിയായി കാണേണ്ടതില്ല. കേരളത്തില്‍ ടൂറിസം നടത്തി പരിചയമുള്ളവര്‍ക്ക് അവിടെ പോയി മൂലധനം നിക്ഷേപിക്കാം, അവിടെ നിന്നും ടൂറിസം പഠിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ അവസരം നല്‍കാം, ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് കേരളവും കൂടി സന്ദര്‍ശിക്കാന്‍ പറ്റുന്ന ട്വിന്‍ പാക്കേജ് ശ്രീലങ്കന്‍ എയര്‍ലൈനുമായി ചേര്‍ന്ന് നടത്താം, ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത മലയാളികള്‍ക്ക് പതിനായിരം രൂപ ചെലവില്‍ ശ്രീലങ്കയില്‍ പോയി മൂന്ന് ദിവസം താമസിച്ച് തിരിച്ചു വരാവുന്ന പാക്കേജുകള്‍ ഉണ്ടാക്കാം, തിരിച്ചും. കേരളത്തിലെയും ശ്രീലങ്കയിലെയും ഓരോ ഗ്രാമത്തിലെയും ആളുകളെ ബന്ധിപ്പിക്കുന്ന എയര്‍ ബി ആന്റ് ബി പോലുള്ള ഹോംസ്റ്റേ സംവിധാനം ഉണ്ടാക്കിയാല്‍ തായ്‌ലണ്ടിന്‌പോലും വെല്ലുവിളിയാകുന്ന ടൂറിസം സംവിധാനം നമുക്കുണ്ടാക്കാം. ചുവപ്പുനാടയുടെയും ഹര്‍ത്താലിന്റെയും സമരത്തിന്റെയും പ്രശ്‌നങ്ങളില്ലാതെ പൂക്കൃഷി മുതല്‍ ഇലക്ട്രോണിക്ക് മാനുഫാക്ചറിങ് വരെ മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടത്താം. ഇത്തരത്തിലുള്ള ധാരാളം അവസരങ്ങളുടെ സാധ്യതകള്‍ ഉള്ളതുകൊണ്ടാണ് എന്താണ് ശ്രീലങ്കയില്‍ നടക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും നേതൃത്വത്തോടും പറയാറുള്ളത്. തീവ്രവാദി ആക്രമണം അതിന് ഒരു കാരണം കൂടിയായി. അങ്ങനെ നോക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടി. കേരളം പോലെ വിവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ പേരിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാമ്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാതെ പോകരുത്. ഇതിന്റെ പിന്നില്‍ ആരാണ്, അവരുടെ ലക്ഷ്യങ്ങള്‍ എന്താണ്, സാമ്പത്തികവും സാമൂഹ്യവുമായി എങ്ങനെ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നു, അത് എങ്ങനെ ജനങ്ങളില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നു, അതിനെ സര്‍ക്കാര്‍ എങ്ങനെ നേരിടുന്നു എന്നെല്ലാം പഠിക്കേണ്ടതാണ്. കാരണം ശ്രീലങ്കയും കേരളവും തമ്മില്‍ അരമണിക്കൂര്‍ ദൂരമേ ഉള്ളൂ. ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തില്‍ നടക്കാം. നാം പാഠങ്ങള്‍ പഠിക്കണം, ജാഗരൂകരാകണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍നിന്നും ഉടന്‍ രക്ഷനേടാനും സമൂഹം എന്ന നിലയില്‍ ഭിന്നിച്ചു പോകാതെ പ്രശ്‌നങ്ങളെ ഒന്നിച്ചു നേരിടാനും തയ്യാറാകണം.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending