ഡോ. രാംപുനിയാനി

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മതേതരത്വമെന്ന പദം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മതത്തിനും തുല്യ ആദരവ് എന്നതിലാണ് ഇന്ത്യന്‍ മതേതരത്വം കുടികൊള്ളുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ മതത്തിന്റെ പേരില്‍ അനുശാസിക്കപ്പെടില്ലെന്നാണ് അതിന്റെ അടിസ്ഥാന തത്വം. ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ കേന്ദ്ര പ്രമേയം. എന്നാലിപ്പോള്‍ വര്‍ഗീയ മൂലകങ്ങള്‍ നിമിത്തം അതിനെ ക്ഷയിപ്പിക്കാന്‍ ഭരണ കക്ഷിയുടെ വികലമായ പ്രവൃത്തി ഉപയോഗപ്പെടുത്തുകയും മതേതരത്വത്തിന്റെ വളരെ നല്ല തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയുമാണ്.

 

തെരഞ്ഞെടുപ്പ് പ്രക്രിയ ഒരു മതനിരപേക്ഷ പ്രവൃത്തിയാണെന്ന സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിന്യായം നീതിന്യായ വ്യവസ്ഥയും ബഹുസ്വരതയുടെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഏവര്‍ക്കും വലിയ ആശ്വാസം പകരുന്നതാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഒരു മതേതര രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ തത്വങ്ങള്‍ ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്തതാണെന്നാണ് വിധി ന്യായത്തില്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നത് (ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പ് ലംഘനം) ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നിയമപ്രകാരം ശരിയായ നടപടിയല്ല. മാത്രമല്ല തെരഞ്ഞെടുപ്പിന്റെ പവിത്ര സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ വിശുദ്ധിയും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയില്‍ മാത്രം ഒതുങ്ങിയതല്ല, മറിച്ച് സ്ഥാനാര്‍ത്ഥിയുടെ ഏജന്റ്, പ്രകടന പത്രിക എന്നിവയുമായെല്ലാം ബന്ധപ്പെട്ടതാണ്.

 

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി തീര്‍ച്ചയായും കാഴ്ചയിലും പ്രവൃത്തിയിലും മതനിരപേക്ഷനും മത ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്ന നടപടികള്‍ ഉറപ്പുവരുത്തുന്നയാളുമായിരിക്കണം. മതേതര ജനാധിപത്യത്തിന്റെ അടിസ്ഥാന രൂപമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാര്‍ വിഭാവനം ചെയ്ത മതേതര തത്ത്വങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ് കോടതി വിധി. മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യുന്ന, തെരഞ്ഞെടുപ്പ് വേദിയില്‍ മത വിഷയങ്ങളിലൂടെ ശക്തി നേടുന്ന പാര്‍ട്ടികളടക്കം നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി വിധി സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം അനേകം മതങ്ങളുള്ള ഇന്ത്യയില്‍ വിധി നടപ്പാക്കുക നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.

 

ഈ വിധിയിലേക്കെത്തിക്കുന്ന മുഴുവന്‍ വ്യവഹാരങ്ങളും തുടങ്ങുന്നത് 1995ലെ ജസ്റ്റിസ് വര്‍മ്മയുടെ ‘ഹിന്ദുത്വ വിധി’യുടെ പുനരാലോചനാ ഇടപെടലുമായി ബന്ധപ്പെട്ടാണ്. ഹിന്ദു മതം അഥവാ ഹിന്ദുത്വ അത്യധികം വൈവിധ്യമായതും വിഭിന്നമായതും ‘നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ളതു’മായതിനാല്‍ ഇതൊരു ജീവിത രീതിയാണെന്നാണ് ജസ്റ്റിസ് വര്‍മ്മ വിധി പ്രസ്താവിച്ചിരുന്നത്. ഹിന്ദു മതത്തിന്റെ സങ്കീര്‍ണമായ ഘടനയാണ് ഇത്തരത്തിലൊരു കുഴപ്പം പിടിച്ച വിധി പ്രസ്താവത്തിലെത്തിച്ചത്. ഇതിനൊരു പ്രവാചകനില്ല. വിഭിന്നമായതും പരസ്പര വിരുദ്ധവുമായ മത ചടങ്ങുകളുമായി നിലനിന്ന അവസ്ഥയില്‍ എല്ലാം കൂടി ഹിന്ദുമതമെന്ന കുടക്കീഴില്‍ കൊണ്ടുവരികയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നതും പ്രവര്‍ത്തിക്കുന്നതും ദൈവ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രപരവുമായ പരിഗണനകള്‍ വെച്ച് ഹിന്ദുയിസം ഒരു മതമാണെന്നാണ്. അതിന് വിശുദ്ധ ഗ്രന്ഥമുണ്ട്, അനുഷ്ഠാനങ്ങളുണ്ട്, വൈദികരുണ്ട്, ദേവന്മാരും ദേവതകളുമുണ്ട്, മതമെന്ന് വിളിക്കാവുന്ന മറ്റെല്ലാ ഘടകങ്ങളുമുണ്ട്. 1995ല്‍ നടത്തിയ വിധിയിലെ നിര്‍ണായക കാഴ്ചപ്പാടിനെക്കുറിച്ച് ഇപ്പോള്‍ കോടതി അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു. ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ മനസ്സില്‍ ഇതൊരു മതമാണെന്ന അവബോധം സൃഷ്ടിക്കാന്‍ വിധി പുനപ്പരിശോധിക്കേണ്ടിയിരുന്നു.

ഹിന്ദു മതത്തിന്റെയോ ഹിന്ദുത്വത്തിന്റെയോ പേരില്‍ വര്‍ഗീയ വാദികള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നതുവരെ ഈ വിഷയം യാതൊരു ചര്‍ച്ചക്കും ഇടവരുത്തില്ല. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി പ്രധാന വര്‍ഗീയ പാര്‍ട്ടി മതത്തെ ആവേശപൂര്‍വം ഉപയോഗിക്കുകയും അതേസമയം മതം ഉപയോഗിക്കുന്നതിലുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ഈ വൈരുധ്യം സ്വാഗതാര്‍ഹമല്ല. രണ്ടാമതായി ‘മതങ്ങളുടെ തിരിച്ചറിവ്’ ഉപയോഗം അക്രമത്തിനും ധ്രുവീകരണത്തിനും ഇടവരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് രാമ ക്ഷേത്രമോ ബീഫ് വിഷയമോ പരിശോധിക്കാം.

ഇവ വ്യക്തമായ വര്‍ഗീയ സന്ദേശം നല്‍കുന്നതാണിത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇവ രാഷ്ട്രീയ പടയൊരുക്കത്തിനുള്ള പ്രധാന പ്രതിഭാസമായി കൊണ്ടുനടക്കുകയാണ്. എന്നാല്‍ മതത്തിന്റെ പേരില്‍ ആളുകളെ ഉത്തേജിപ്പിക്കുന്ന ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് കോടതി വിധിയില്‍ ഒരു പരാമര്‍ശവുമില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മതത്തിന്റെ പേരിലുള്ള ഇത്തരം രാഷ്ട്രീയ ദുരുപയോഗം മതേതര മൂല്യങ്ങളുടെ വിപരീത ഭുജമാണ്. ആഴത്തില്‍ വേരോടിയ ഇത്തരം രാഷ്ട്രീയ അഴിമതി സൃഷ്ടിക്കുന്ന വൈകാരിക പ്രശ്‌നങ്ങളില്‍നിന്ന് രാജ്യത്തിന് എങ്ങനെ മറികടക്കാനാകും?

2014 ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദി മുംബൈയില്‍ നടത്തിയ ഒരു പ്രസംഗം ഇങ്ങനെയായിരുന്നു: ‘ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. ഞാനൊരു ദേശീയ വാദിയാണ്. അതിനാല്‍ ഞാനൊരു ഹിന്ദു ദേശീയ വാദിയാണ്. മുംബൈയിലുടനീളം പരസ്യപ്പലകകളില്‍ ഈ സന്ദേശം വന്‍ തോതിലാണ് പ്രചരിക്കപ്പെട്ടത്. ഇത് ശരിയായ നടപടിയോ അല്ലെയോ? അക്ബറുദ്ദീന്‍ ഉവൈസി, ആര്‍.എസ്.എസ് പ്രഭൃതികളായ യോഗി ആദിത്യനാഥ്, പ്രവീണ്‍ തൊഗാഡിയ, സ്വാധ്വി നിരജ്ഞന്‍ ജ്യോതി തുടങ്ങിയവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത സ്വാധീനം ചെലുത്തുന്നതാണ്.

 

ഇത് തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കാന്‍ പറ്റുമോ ഇല്ലെയോ? മതത്തിന്റെ സന്ദേശം നല്‍കുന്ന നിരവധി അടയാളങ്ങള്‍ ചിലര്‍ ഇസ്‌ലാമിക ചിഹ്നങ്ങളും മറ്റു ചിലര്‍ ഹിന്ദു അടയാളങ്ങളും ഹിന്ദു ദേവന്മാരെയും ദേവികളെയും വരെ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നു. ചില സ്ഥാനാര്‍ത്ഥികള്‍ ഇത്തരം ദേവന്മാരും ദേവികളുമായി സ്വയം താരതമ്യപ്പെടുത്തുന്നു. നേരത്തെ മുമ്പ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് കെ.പി മൗര്യ ഇത്തരമൊരു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മറുവശത്ത്, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമായി ഇത് വരും. അവഗണിക്കപ്പെട്ട ദരിദ്രരായ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ ഒരു പക്ഷേ ജാതിയുമായോ മതവുമായോ ബന്ധപ്പെട്ടതായിരിക്കും. രാജ്യം റിപ്പബ്ലിക്കായതുമുതല്‍ തന്നെ വിവിധ കാരണങ്ങളാല്‍ ചില സമൂഹം വളരെ മോശാവസ്ഥയിലാണ്. ആദിവാസികള്‍, ദലിതര്‍, മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍പെടും. ഈ വിഭാഗങ്ങളുടെ ദുരവസ്ഥ കാണിക്കുന്നതിന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന ഒറ്റ ഉദാഹരണം മതി.

ഈ വിഭാഗത്തില്‍പെടുന്ന ആവശ്യങ്ങള്‍ നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ പ്രകൃതിയുടെ അവിഭാജ്യ ഘടകമായ ‘അംഗീകാര സ്വഭാവമുള്ള’ വിഭാഗത്തില്‍പെടും. ഇത് ഒരു നിലക്കും മതത്തിന്റെയോ ജാതിയുടെയോ മേല്‍വിലാസത്തില്‍ വരില്ല. സുപ്രീം കോടതി വഴി കാണിച്ച അവസരത്തില്‍, നിലവിലുള്ള ശൂന്യത മറികടക്കാന്‍ മതേതര മൂല്യങ്ങളുടെ പ്രയോഗം സമൂഹത്തില്‍ തിരിച്ചുകൊണ്ടുവരികയാണ് ആവശ്യം. അതിലൂടെയേ യഥാര്‍ത്ഥ രൂപത്തില്‍ നീതിയുടെയും സമാധാനത്തിന്റെയും വഴി തെളിയിക്കാനാകൂ.