Connect with us

Video Stories

ഒരിടത്തൊരു ഫയല്‍വാന്റെ മകന്‍

Published

on

ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്‍പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്‍പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്‍കുമ്പോള്‍ ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്‍ണതയില്‍ മുങ്ങിയും അന്യം നിന്നു പോയ യാദവ കുലത്തിന്റെ ചരിത്രം മുന്നിലിരിക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയ ഹൃദയഭൂമിയില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി അഖിലേഷ് ചരിത്രം കുറിക്കുന്നത്. കുറച്ചുകാലമായി യു.പി. ആര്‍ക്കും തുടര്‍ച്ചയായ അവസരം നല്‍കിയിട്ടില്ല.

 

അതുകൊണ്ടുതന്നെ രണ്ടാമൂഴം എളുപ്പമല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ‘പ്രതിഛായ’യില്‍ യു.പി.തൂത്തുവാരിയ ബി.ജെ.പി.ക്ക് ഈ മത്സരം ജയിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്. മായാവതിയെയും തള്ളിക്കളയാന്‍ വയ്യ. സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്ന വിഭാഗങ്ങളിലേക്ക് രാഹുല്‍ കടന്നു കയറിയതും കാണാതിരുന്നുകൂടാ. ചതുഷ്‌കോണ മത്സരം ഗുണം ചെയ്യുക ബി.ജെ.പി.ക്കായിരിക്കുമെന്ന് ബോധ്യമായതുകൊണ്ടു തന്നെയാവണം മധ്യവയസിലേക്ക് കാലെടുത്തുവെക്കുന്നവരെങ്കിലും രാഹുലും അഖിലേഷും സൈക്കിളില്‍ യൗവനത്തിന്റേതായ ഒരു ഡബിളിന് ഇറങ്ങാന്‍ ശ്രമിച്ചത്.

 

അതിനിടയില്‍ ആദ്യം പാഠം പഠിപ്പിക്കേണ്ടിവന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം ഓതിതന്ന സ്വന്തം അച്ഛനെയാണെന്നത് ഒട്ടും യാദൃശ്ചികമല്ല. അധികാര ലബ്ധിക്കും സംരക്ഷണത്തിനും പിതാവിനെ ജയിലിലയക്കേണ്ടിവന്ന സുല്‍ത്താന്‍മാരുടെ രംഗഭൂമിയാണല്ലോ അത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ചിലപ്പോഴെങ്കിലും കാല്‍ വഴുതിപ്പോയ ആളാണ് പിതാജി. അദ്ദേഹത്തിന്റെ പഴയ അടവുകള്‍ പോരാ പുതിയ ഗോദയിലെന്ന് മകന്‍ തിരിച്ചറിയുന്നു. ഏതൊരു ഫയല്‍വാനെയും പോലെ തോറ്റുകൊടുക്കാന്‍ സമ്മതമല്ലായിരുന്നു. പക്ഷെ പതുക്കെ താന്‍ മാര്‍ഗദര്‍ശിയാണെന്ന് മുലായം തിരിച്ചറിയുന്നതോടെ കെട്ടുപിണഞ്ഞ യാദവകുടുംബപ്പോരിനും അറുതിയാവുകയാണ്.

ഏറ്റവും ഒടുവിലത്തെ ചിത്രം മുലായത്തിന്റെ ഇഷ്ടക്കാരനും സഹോദരനുമായ ശിവ്പാല്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥിപ്പട്ടിക അഖിലേഷ് അംഗീകരിച്ചതോടെ കുലപ്പോര് കാത്തിരുന്നവര്‍ക്ക് നിരാശ തന്നെ. ഇതിനിടയില്‍ മുലായം കയ്പ്പുറ്റതെങ്കിലും ചിലത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തന്നേക്കാള്‍ മകന്‍ വലുതായിട്ടുണ്ടെന്നത്. സ്ഥാപകനെങ്കിലും പാര്‍ട്ടിയുടെ അലകും പിടിയും മകന്റെ കൈകളിലാണെന്നത്. അവനാരുടെ മോനാ എന്ന് അഭിമാനിക്കുകയേ ഇനി വഴിയുള്ളൂ.

 

അച്ചടക്കം നന്നായി പഠിച്ചോട്ടേ എന്നു കരുതിയാവണം മുലായം മകനെ മിലിട്ടറി സ്‌കൂളില്‍ ചേര്‍ത്തത്. രാജസ്ഥാനിലെ ധോല്‍പൂര്‍ മിലിട്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി എന്‍ജിനീയറിങായിരുന്നു അഖിലേഷിന്റെ വിഷയം. മൈസൂര്‍ സര്‍വകലാശാലക്ക് പുറമെ സിഡ്‌നി സര്‍വകലാശാലയില്‍നിന്നും ഈ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടി രാഷ്ട്രീയത്തിലേക്കിറങ്ങിയ മകന്‍ യാദവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വെല്ലുവിളി നിറഞ്ഞതായിരുന്നുതാനും.

 

കൊടുങ്കാറ്റ് കണക്കെയാണ് മായാവതി 2007ല്‍ യു.പി.യില്‍ അധികാരത്തിലേക്ക് വന്നത്. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിയെ തൂത്തുവാരിയ വിജയമായിരുന്നു മായാവതിയുടേത്. തലമുറ മാറ്റം പാര്‍ട്ടിയില്‍ വേണമെന്ന് മുലായത്തെ ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. അപ്പോള്‍ അഖിലേഷ് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുലായം കനൗജ് ഒഴിഞ്ഞപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അഖിലേഷ്

 

പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നത്. 2012ല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ കനൗജില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അഖിലേഷ്. രാജിവെച്ചൊഴിഞ്ഞ കനൗജ് സീറ്റില്‍ ഭാര്യക്ക് വിജയം അനായാസമായിരുന്നെങ്കിലും 2009ല്‍ അഖിലേഷ് ഒഴിഞ്ഞ ഫിറോസാബാദില്‍ ഭാര്യ ഡിംപിള്‍ യാദവിന് അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസിലെ രാജ് ബബ്ബാറിനോട് തോല്‍ക്കാനായിരുന്നു വിധി. പൂനക്കാരി ഡിംപിള്‍ 1999ല്‍ അഖിലേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ദീര്‍ഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്ന നിലയിലാണ്.

 

ജനകീയ മുഖ്യമന്ത്രിയെന്ന പദവിയിലേക്ക് അതിവേഗം മാറിയ അഖിലേഷ് പുതിയ തലമുറയെ കൈയിലെടുക്കുന്ന ചില ജനപ്രിയ തന്ത്രങ്ങളും – വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് , ടാബ്‌ലറ്റ് നല്‍കുക, ദര്‍ബാറുകള്‍ വിളിച്ചുകൂട്ടി പരാതികള്‍ കേള്‍ക്കുക- പയറ്റി. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കറ പുരണ്ട കല്യാണ്‍സിങിനേയും സാക്ഷി മഹാരാജിനെയുമെല്ലാം സ്വീകരിക്കേണ്ടത്ര തകര്‍ന്നുപോയ സമാജ്‌വാദി പാര്‍ട്ടിയെ പുതിയ ശൈലിയിലാണ് അഖിലേഷ് പരുവപ്പെടുത്തിയത്. ബി.ജെ.പി.ക്കെതിരെ ബീഹാറില്‍ വിജയം കണ്ടത് മഹാസഖ്യമായിരുന്നു.

 

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയമാണ് ബദ്ധ വൈരികളായിരുന്ന നിതീഷ്‌കുമാറിനെയും ലാലുവിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നതെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു സഖ്യത്തിനുള്ള ശ്രമം പാളിയിരിക്കുകയാണ്. അത് യു.പിയുടെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ഇനി ഉറ്റുനോക്കാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയില്‍ നിന്ന് രക്ഷപ്പെടാന്‍ യഹ്‌യ സിന്‍വാറിന് വാഗ്ദാനം ലഭിച്ചെങ്കിലും നിരസിച്ചു: റിപ്പോര്‍ട്ട്‌

ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഹമാസിന് വേണ്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഈജിപ്തിനെ ചുമതലപ്പെടുത്തുന്നതിന് പകരമായി കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന് ഗസ്സയില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരം അറബ് മധ്യസ്ഥര്‍ വാഗ്ദാനം ചെയ്തതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഞാന്‍ ഉപരോധത്തിലല്ല, ഞാന്‍ ഫലസ്തീന്‍ മണ്ണിലാണുള്ളത്’ എന്ന് മുമ്പ് അറബ് മധ്യസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ലയുടെ വധത്തിന് പിന്നാലെ ഒത്തുതീര്‍പ്പിനായി കൂടുതല്‍ സമ്മര്‍ദമുണ്ടാകുമെന്ന് സിന്‍വാര്‍ ഹമാസിന്റെ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം സമ്മര്‍ദത്തെ ചെറുക്കാന്‍ അദ്ദേഹം ഉപദേശിച്ചുവെന്നും അറബ് മധ്യസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ മരണസാധ്യത മുന്നില്‍ കണ്ടതിനാല്‍ അതിനായുള്ള തയാറെടുപ്പുകളും സിന്‍വാര്‍ എടുത്തിരുന്നു. താന്‍ മരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇസ്രാഈല്‍ കൂടുതല്‍ ചായ്‌വ് കാണിക്കുമെന്ന് അദ്ദേഹം ഹമാസ് അംഗങ്ങളെ അറിയിച്ചിരുന്നു. തന്റെ അഭാവത്തില്‍ ഭരിക്കാന്‍ ഒരു നേതൃസമിതി രൂപീകരിക്കണം. തന്റെ മരണശേഷവും ഇസ്രാഈലുമായി ചര്‍ച്ച നടത്താന്‍ ഹമാസ് കൂടുതല്‍ ശക്തമായ നിലയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകള്‍

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍.

Published

on

കോഴിക്കോട് കാട്ടിലപ്പീടികയില്‍ എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപയുമായി കാറില്‍ വന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍. എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവര്‍ന്നു എന്നാണ് യുവാവിന്റെ പരാതി.

കഴിഞ്ഞ ദിവസം എടിഎം കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ കാട്ടിലപ്പീടികയില്‍ വെച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കെട്ടിയിട്ട ശേഷം സംഘം പണം കവരുകയായിരുന്നു. നഷ്ടപ്പെട്ടത് 25 ലക്ഷം രൂപ ആണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും 72,40,000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

പ്രാഥമിക അന്വേഷണത്തിനു ശേഷം പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രയ്ക്കിടെ പര്‍ദ്ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഫോറന്‍സിക് സംഘവും വിരല്‍ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

 

Continue Reading

Video Stories

ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.

Published

on

ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.

രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. അതേസമയം പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ സംഭവത്തില്‍ തകര്‍ന്നിട്ടുണ്ട്. അടച്ചിട്ട കടകള്‍ക്കും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലെത്തി പരിശോധന നടത്തി. അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

 

Continue Reading

Trending