ശാരി പിവി
സാക്ഷാല്‍ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയ ജല്ലിക്കെട്ടെന്ന മല്ല്‌ക്കെട്ടിനായി തമിഴ് ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ച നാളുകളില്‍ മല്ലൂസിന്റെ നാട്ടില്‍ കൗമാര കലകളുടെ കേളി കൊട്ടു നടക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവമെന്നൊക്കെ പറഞ്ഞ് അങ്ങു അനന്തപുരി മുതല്‍ കാസര്‍കോഡ് വരെയുള്ള പിള്ളാരും അധ്യാപകരും കണ്ണൂര് വരെ എത്തിയപ്പോഴാണ് കണ്ണൂരിന്റെ മഹത്വം പഠിപ്പിക്കാന്‍ കേരളത്തിലെ സര്‍വ ഗുണ സമ്പന്നന്‍മാരുടെ പാര്‍ട്ടികളായ ബി.ജെ.പിയും സി.പി.എമ്മും തനി കൊണം കാണിക്കാന്‍ മത്സരിക്കുകയായിരുന്നു. ഇരു പാര്‍ട്ടികളെയും കുറിച്ച് കേരളീയര്‍ക്ക് നന്നായി അറിയാവുന്നതിനാല്‍ പ്രത്യേകം പറയേണ്ടതുമില്ല. അഹിംസാ വാദികളാണ്. ശത്രുക്കളെ പോലും കൊല്ലാറില്ല.

 

സ്‌നേഹം മൂത്ത് മൂത്ത് അത് പ്രകടിപ്പിക്കാനാവുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ സ്വയം മരിക്കുന്ന നാട്ടില്‍ സ്റ്റേജില്‍ കേറി പിള്ളാര് ഒന്നിനൊന്ന് മെച്ചപ്പെട്ട പരിപാടി അവതരിപ്പിച്ച് കയ്യടി വാങ്ങുന്നത് സാക്ഷാല്‍ മംഗള്‍യാന്‍ സഖാവിന്റെ പാര്‍ട്ടിക്ക് അത്രക്കങ്ങ് പിടിച്ചില്ല. വിസ്മൃതിയിലേക്കു ആണ്ടു പോകുന്ന വെട്ടിക്കൊലയെന്ന സേവന മേഖലയുമായി പാര്‍ട്ടി ഉടന്‍ പടപ്പുറപ്പാടിനിറങ്ങി. അങ്ങനെ വരത്തന്‍മാര്‍ വന്ന് കയ്യടി വാങ്ങി പോകാന്‍ പാടില്ലല്ലോ?. അങ്ങനെ മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തില്‍ തന്നെ വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം. മരിച്ചത് താമരക്കാരനെങ്കില്‍ കൊന്നത് ചുവപ്പന്‍മാര്‍ തന്നെയെന്ന് ബി.ജെ.പിക്കാര്‍. നാട്ട് നടപ്പ് അതാണല്ലോ. നമ്മളായി പിന്നാക്കം പോകുമോ എന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ആവലാതി. അണ്ണാറക്കണ്ണനും തന്നാലയത്. ഉടന്‍ പ്രഖ്യാപിച്ചു ഹര്‍ത്താല്‍.

 

സ്‌കൂള്‍ കലോത്സവത്തിന് വന്നവരും പോയവരുമടക്കം കുടുങ്ങാതെ കുടുങ്ങി. എന്നാലും എന്താ പാര്‍ട്ടിയുടെ ആതിഥ്യ മര്യാദ മനസിലാക്കാനായല്ലോ. സംഗതി ഇവ്വിതം ഇരു കൂട്ടരും കയ്യടി വാങ്ങിയാല്‍ പിന്നെ ജേതാക്കളെ പ്രഖ്യാപിക്കാനാവില്ലെന്നു നിഷ്പക്ഷരെന്നു പറയപ്പെടുന്ന പാപ്പരാസികള്‍. എങ്കില്‍ ഞങ്ങളാദ്യമെന്ന് പ്രഖ്യാപിച്ച് മംഗള്‍യാന്‍ സഖാവ് പ്രസ്താവന യുദ്ധത്തിന് തിരികൊടുത്തു. സി.പി.എമ്മുകാര്‍ ആരെയും കൊല്ലാറില്ല, ടി.പി ചന്ദ്രശേഖരനടക്കമുള്ളവരെ പാര്‍ട്ടിക്കാര്‍ കണ്ടിട്ടേ ഇല്ലെന്നു കട്ടായം പറഞ്ഞ അതേ തന്ത്രം തന്നെ ഇത്തവണയും. ആരോ ഒരാള്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചു. കൊലപാതകം പാര്‍ട്ടി മനസാ വാചാ കര്‍മണാ അറിഞ്ഞതേയില്ലെന്ന് സെക്രട്ടറി വെച്ച് കാച്ചി.

 

പാര്‍ട്ടിക്ക് പങ്കില്ലാത്ത സ്ഥിതിക്ക് മരിച്ച ആളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന കാര്യത്തില്‍ 101 ശതമാനം ഉറപ്പും. ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടുവെന്നു പാര്‍ട്ടി നേതാക്കള്‍ അറുത്തു മുറിച്ചു വ്യക്തമാക്കി. ജയരാജന്‍മാരും കൊടിയേരിയുമടക്കം പാര്‍ട്ടി സഖാക്കള്‍ ഓട്ടം തുള്ളലിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കി. അല്ലേലും പാര്‍ട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗമൊക്കെ ഉണ്ടല്ലോ. പാര്‍ട്ടി ഓഫീസില്‍ വനിതാ നേതാവിനെ പീഡിപ്പിച്ചതടക്കം അന്വേഷിച്ച് കുറ്റവിമുക്തരാക്കുന്ന പ്രത്യേക അന്വേഷണ സംഘമൊക്കെ ഈ പാര്‍ട്ടിക്കുണ്ടല്ലോ. പക്ഷേ ഇരട്ടച്ചങ്കന്റെ പൊലീസ് തന്നെ കലാപരിപാടി നടത്തിയത് ചുവപ്പന്‍മാരാണെന്ന് സംശയ ലേശമന്യേ തെളിയിച്ച് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തുള്ളല്‍ വെറുതെയായി.

 

സംഗതി ഇവ്വിതം സ്വത്ത് തര്‍ക്കമായാല്‍ നമ്മളെങ്ങനെ നാളെ ഇറങ്ങി നടക്കുമെന്നായി പ്രമുഖ മൊഴി മാറ്റ വിദ്വാന്‍ ഉള്ളി സുരുവടങ്ങുന്ന കുത്തി ഇരിപ്പു സംഘത്തിന്റെ ചിന്ത. എന്നാല്‍ പിന്നെ പൂരക്കളിയും ചവിട്ടു നാടകവുമാവാമെന്ന് രാജശേഖരാധികളുടെ നേതൃത്വത്തില്‍ സംഘികള്‍ മൃതദേഹവുമായാണേല്‍ അങ്ങനെ കുത്തിയിരിപ്പും പറ്റിയാല്‍ കലോത്സവ വേദികളിലൂടെ ഒരു പ്രദക്ഷിണവും എന്നാ പിന്നെ അങ്ങനെ കലോത്സവ ദിവസം തന്നെ തെരഞ്ഞെടുത്തതിനാല്‍ ആര്‍.എസ്.എസുകാരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുതലാളിയുടെ ചാനലടക്കം മുഴുവന്‍ ചാനലുകളുടെയും ഒബി വാനും സകല പാപ്പരാസികളും റെഡി.

 

അപ്പോള്‍ പിന്നെ കവറേജിന്റെ കാര്യത്തില്‍ സി.പി.എമ്മിനേയും കടത്തി വെട്ടാം എങ്ങനെയുണ്ട് ചാണക സംഘികളുടെ ബുദ്ധി. ഇനി പതിവ് പോലെ രാഷ്ട്രപതി ഭരണം, കേന്ദ്ര ഭരണം എന്നൊക്കെ കൂവി വിളിക്കും. പിന്നെ പതിവു പോലെ മുണ്ടുടുത്ത മോദി പകല്‍ സംയമന വാദികളും രാത്രി ഫേസ് ബുക്കിലൂടെ അണികള്‍ക്ക് എരി തീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്ന ഗുണകാംക്ഷികളെ വിളിച്ചിരുത്തി ഖജനാവിലെ പണമെടുത്ത് ബിസ്‌കറ്റും ചായയും കൊടുത്ത് ചര്‍ച്ചിക്കും.

 

ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒടുവില്‍ കൈകൊടുത്ത് പിരിയും. ഇനി വിലാപ യാത്ര ഏതൊക്കെ റൂട്ടിലൂടെ പോകാം. കലോത്സവ ദിവസം കൊല്ലാന്‍ പാടുണ്ടോ, ഉല്‍സവ സീസണില്‍ പാടുണ്ടോ തുടങ്ങിയ കാര്യത്തില്‍ കൂടി തീരുമാനമുണ്ടാക്കിയാല്‍ മതി. അപ്പോഴും കുത്തിയിരിപ്പ് സംഘത്തിന് ഹയര്‍ അപ്പീല്‍ പോകാന്‍ അവസരം ബാക്കി കിടപ്പുണ്ടാകും.

ലാസ്റ്റ് ലീഫ്:
മോദി കാരണം ഒരു രൂപ താമസിയാതെ 15 ഡോളറായി മാറുമെന്ന് കേന്ദ്ര മന്ത്രി. താമസിയാതെ ഡോളറും കാണാതാവുമെന്ന് സാരം.