സി.പി മുഹമ്മദ്

നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ (ഇപ്പോഴത്തെ ഭരണപക്ഷം) നടത്തിയ കയ്യാങ്കളി കേസ് എഴുതി തള്ളാനാകില്ലെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേട്ടിന്റെ വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. മന്ത്രിമാരടക്കുള്ള പ്രതികള്‍ അടുത്ത മാസം 15 ന് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. അന്ന് പ്രതികളായവര്‍ ജാമ്യമെടുക്കേണ്ടിവരും. നിയമസഭാംഗങ്ങളെപ്പോലെയുള്ളവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് ഗുരുതരമായ അപരാധമാണെന്നു കോടതി വിധി വ്യക്തമാക്കുന്നു.
ലോക ജനാധിപത്യ രാജ്യങ്ങളിലൊന്നും സംഭവിക്കാത്തവിധത്തില്‍ തെരുവുഗുണ്ടകളെപ്പോലെ ജനപ്രതിനിധികള്‍ പെരുമാറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവം ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവനും കാണുകയും അത് കേരള നിയമസഭക്കുണ്ടാക്കിയ അപമാനവും ചെറുതല്ല. വാച്ച് ആന്റ്‌വാര്‍ഡിനെ കയ്യേറ്റംചെയ്യുക, ഒരംഗത്തിന്റെ തോളില്‍ കടിക്കുക, സ്പീക്കറുടെ കസേര ചവിട്ടി മറിക്കുക, തെരുവ് സര്‍ക്കസ്സുകാരെപ്പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തുക, ഇഞ്ചി തിന്ന കുരങ്ങനെ തേള്‍ കുത്തിയ പോലെ ഗോഷ്ഠികള്‍ കാണിക്കുക തുടങ്ങി ഇത്രയും അപമാനകരമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സി.പി.എമ്മുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് നിയമസഭാവേദിയടക്കം, ഫര്‍ണിച്ചറുകളും ഇലട്രോണിക്‌സ് ഉപകരണങ്ങളും തകര്‍ത്തത്. നിയമസഭാസെക്രട്ടറിയുടെ പരാതിപ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാവകുപ്പുകള്‍ അനുസരിച്ചാണ് രണ്ട് മന്ത്രിമാരടക്കമുള്ള എം.എല്‍.എമാരുടെ പേരില്‍ കേസെടുത്തത്. കുറ്റകൃത്യത്തില്‍ വലിയ പങ്ക്‌വഹിച്ച ശിവന്‍കുട്ടി എം.എല്‍.എ കേസ് പിന്‍വലിക്കാന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജനാധിപത്യ വ്യവസ്ഥിയിയില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിഷേധിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. പക്ഷേ തങ്ങള്‍കൂടി അംഗങ്ങളായ നിയമസഭയുടെ പരിപാവനതയെ തകര്‍ത്തുകൊണ്ട് ഭരണ ഘടനയുടെ മൂന്ന് തൂണുകളിലൊന്നായ നിയമസഭയില്‍ തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറുന്നത് ദാക്ഷിണ്യമര്‍ഹിക്കുന്ന കുറ്റമല്ല. ബാര്‍ കോഴക്കേസില്‍ കെ.എം മാണി കുറ്റക്കാരനാണെന്നും അതുകൊണ്ട് മാണി ബജറ്റവതരിപ്പിക്കാന്‍ പാടില്ലെന്നും പറഞ്ഞാണ് അക്രമങ്ങളെല്ലാം ഉണ്ടായത്. നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനകാര്യ മന്ത്രിയായ മാണിയെ കോടതിയോ കുറ്റാന്വേഷണ കമീഷനുകളോ കുറ്റവാളിയെന്ന് പ്രഖ്യാപിക്കാതിരുന്നിട്ടും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും പൊതു മുതല്‍ നശിപ്പിച്ചതും നിയമവാഴ്ചയോടുള്ള വെല്ലുവിളി കൂടിയാണ്.
നിയമസഭാംഗങ്ങള്‍ നിയമ നിര്‍മ്മാതാക്കള്‍ കൂടിയാണ്. വേലി തന്നെ വിള തിന്നുന്നത് പോലെയായി നിയമസഭയിലെ അക്രമം. നിയമസഭകളുടെ ചരിത്രത്തില്‍ സഭക്കുവേണ്ടി കേസുകളും പരാതികളും നല്‍കുന്നത് സെക്രട്ടറിയായിരിക്കെ ഈ കേസില്‍ പരാതി നല്‍കിയത് സ്പീക്കറല്ല എന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. കേസ് പിന്‍വലിക്കാതിരിക്കുന്നത് നിയമസഭാംഗങ്ങളുടെ ഐക്യത്തിന് വിഘാതമാണെന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ തടസ്സവാദവും കോടതി പരിഗണിച്ചു. നിയമസഭാംഗങ്ങളുടെ ഐക്യത്തെക്കുറിച്ച് വാചകമടിക്കുന്നവര്‍ ചെയ്യേണ്ട കര്‍മ്മങ്ങളാണോ ഈ എം.എല്‍.എമാര്‍ ചെയ്തത്? കെ.എം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിച്ചവര്‍ പിന്നീട് മാണിയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചതും ഇപ്പോള്‍ മകന്‍ ജോസ് കെ മാണിയുമായി കൂട്ട്കൂടാന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ ഇല്ലാത്ത കോഴക്കേസിന്റെപേരില്‍ അക്രമം നടത്തിയവരുടെ അപാര തൊലിക്കട്ടിയോര്‍ത്ത് ലജ്ജിക്കണം. മാണിയെ നിയമസഭയില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവര്‍ മകനെ നക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണിപ്പോള്‍.
രാഷ്ട്രീയ പ്രതിയോഗികളെ ക്രൂരമായി വെട്ടിക്കൊന്ന് കേസില്‍നിന്ന് പ്രതികളെ രക്ഷപ്പെട്ടത്താന്‍ ലക്ഷങ്ങള്‍ നല്‍കി അഭിഭാഷകന്മാരെ നിയമിക്കുന്നവര്‍, ഈ കേസിലും ലക്ഷങ്ങള്‍ ചെലവഴിച്ച് മേല്‍ക്കോടതികളെ സമീപിച്ചേക്കും. പ്രത്യേകിച്ചും മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും ഇടിവെട്ടിയവരെ പാമ്പ് കടിച്ചു എന്ന മട്ടിലാണ് കോടതിവിധി വന്ന് ചേര്‍ന്നത്. പട്ടാപ്പകല്‍ ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ട കുറ്റകൃത്യത്തിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് കഴിയുമെന്നത് വ്യാമോഹം മാത്രമാണ്.