നസീല്‍ വോയ്‌സി
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ അഞ്ചു കൊല്ലത്തിലേറെയായി ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. 2015 – 2016 സമയത്തും മറ്റുമായി കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം രാഹുലിന്റെ പ്രസംഗങ്ങളില്‍ നിരന്തരം കേട്ടപ്പോള്‍ സംശയം തോന്നിയിരുന്നു – ഇത് രാജ്യം ഏറ്റെടുക്കാന്‍ പാകത്തില്‍ പ്രധാന്യമുള്ള വിഷയമാണോ എന്ന്. 2015 ഏപ്രിലിലോ മറ്റോ പാര്‍ലിമെന്റില്‍ അദ്ദേഹം ഈ വിഷയത്തില്‍ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. കിസാന്‍ മാര്‍ച്ചും കര്‍ഷക രോഷങ്ങളുടെ ആളിക്കത്തലിനും മുന്നെയാണ് അതൊക്കെ.
തൊഴിലില്ലായ്മയും നിരന്തരം അയാളുടെ സംസാരങ്ങളില്‍ കടന്നുവന്നിരുന്നു.
ഇപ്പോള്‍, 2019ല്‍ ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങളും വര്‍ദ്ധിച്ച് തൊഴിലില്ലായ്മ നിരക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. കിസാന്‍ സഭയുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ ചൂട് നിറഞ്ഞു നില്‍ക്കുന്നു. തൊഴിലില്ലായ്മ നിരക്കിന്റെ അപകടാവസ്ഥ രാജ്യത്തെ യുവതലമുറ ചര്‍ച്ച ചെയ്യുന്നു.
റഫേല്‍ അഴിമതി, തകര്‍ന്ന സമ്പദ് വ്യവസ്ഥയും അതിനെ റിപ്പയര്‍ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇന്ത്യയെന്ന വൈവിധ്യം അതേപടി നിലനില്‍ക്കേണ്ടതിന്റെ ആവശ്യം, വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം…ഇങ്ങനെ രാജ്യമൊട്ടാകെ സഞ്ചരിച്ച്, ജനങ്ങളെയും മാധ്യമങ്ങളെയും അവരുടെ ചോദ്യങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് രാഹുല്‍, അല്ലെങ്കില്‍ രാഹുലിലൂടെ അവതരിപ്പിച്ച വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടുന്ന ആശയങ്ങളും വാദങ്ങളും. അതാണ് ഉയര്‍ന്നു കേള്‍ക്കുന്നതും.
എല്ലാം രാഹുല്‍ എന്ന ഒറ്റയാളുടെ മിടുക്കാണ് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ അയാള്‍ നിരന്തരമുയര്‍ത്തിയ രാഷ്ട്രീയവിഷയങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം എന്നാണ്. ന്യൂനപക്ഷ വിരുദ്ധതയും ദേശീയതയും ഉജ്വലിപ്പിക്കാന്‍ ഭരണകൂടവും അതിന്റെ മെഷീനറികളും നിരന്തരം ശ്രമിച്ചപ്പോഴും, മറുവശത്ത് അടിസ്ഥാന വിഷയങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ച് ചര്‍ച്ചയാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് ആയിട്ടുണ്ട്; അത് സമരങ്ങളുടെ അടിയാധാരം തീറെഴുതി വാങ്ങിവച്ചവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.
“രാഹുല്‍ ഗാന്ധി രാഷ്ട്രീയം പറയുന്നില്ലേ”, “പക്വതയില്ലേ” എന്നൊക്കെ പറയുന്ന ഇടതുപക്ഷ അണിയാളുകളുടെ പാട്ട് കേട്ടപ്പോള്‍ പറയണമെന്ന് തോന്നിയതാണ്. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍, ഇയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതു തന്നെയാണ് കേള്‍ക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയം.
അതിനു തെളിവ് മെയ് മാസം ഇരുപത്തിമൂന്നാം തീയതിയുണ്ടാവുമെന്ന വിശ്വാസത്തോടെ, ലാല്‍ സലാം.
Be the first to write a comment.