വാസുദേവന്‍ കുപ്പാട്ട്

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് അടുത്ത കാലത്താണ്. അതിനുവേണ്ടി ഭാഷാസ്‌നേഹികളും പണ്ഡിതന്മാരും എഴുത്തുകാരും നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളും ജനങ്ങളുടെ മനസ്സില്‍ ഇന്നുമുണ്ട്. ഇത്തരത്തില്‍ ഉയര്‍ത്തപ്പെട്ട മലയാള ഭാഷ വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം സാംസ്‌കാരിക മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തിന്റെ ക്ഷുഭിത യൗവ്വനമെന്ന പേരില്‍ വായനാലോകത്തെ തീ പിടിപ്പിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഭാഷാപഠനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനമാണ് പുതിയ കൊടുങ്കാറ്റിന് വിത്തുവിതച്ചത്.
ഭാഷ എടുത്തുപയോഗിക്കുന്നവരിലെല്ലാം കവിയുടെ അഭിപ്രായപ്രകടനം ചിന്തയുടെ ചിറ്റോളങ്ങള്‍ ഇളക്കി എന്നുവേണം കരുതാന്‍. പണ്ഡിതനും സാധാരണക്കാരനും തൊഴിലാളിയും ഐ.എ.എസുകാരനും സര്‍ക്കാര്‍ ജീവനക്കാരനും കവിയും എഴുത്തുകാരനും എല്ലാം മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങളാണ് ആശയവിനിമയത്തിന് എടുത്തു പെരുമാറുന്നത്. പലരും പലവിധത്തില്‍ ഭാഷയെ കൈകാര്യം ചെയ്യുന്നു. കോളജുകളിലും സര്‍വകലാശാലകളിലും ഭാഷാ സംബന്ധമായ ഉന്നത പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. ഭാഷയിലും സാഹിത്യത്തിലും നിരവധി ഡോക്ടറേറ്റുകളാണ് വര്‍ഷംതോറും പിറന്നുവീഴുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ മലയാളികള്‍ പിന്നിലാണ് എന്ന് വ്യക്തമാക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം. സര്‍വകലാശാലകളില്‍ പോലും മലയാളം ഭാഷാശുദ്ധിയോടെ കൈകാര്യം ചെയ്യുന്നില്ല എന്ന ആരോപണം ഗൗരവത്തോടെ എടുക്കേണ്ടതാണ്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും വരുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു എന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തന്റെ കവിതകള്‍ മേലില്‍ സ്‌കൂളിലോ കോളജിലോ സര്‍വകലാശാലകളിലോ പഠിപ്പിക്കരുത് എന്നാണ് ചുള്ളിക്കാടിന്റെ അഭ്യര്‍ത്ഥന.
മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് പോലും തെറ്റുകൂടാതെ എഴുതാന്‍ കഴിയുന്നില്ല എന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പ്രകോപിപ്പിച്ചത്. ‘ആനന്ദധാര’ എന്ന തന്റെ കവിത വായിക്കണമെന്നപേക്ഷിച്ച് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ചുള്ളിക്കാടിനെ സമീപിച്ചു. ‘ആനന്ദധാര’ക്ക് പകരം ‘ആനന്തധാര’ എന്നാണ് എഴുതിയിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ചുള്ളിക്കാട് പറയുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക അയച്ചുതന്ന ചോദ്യാവലിയിലും അക്ഷരത്തെറ്റ് ഉള്‍പ്പെടെ അബദ്ധങ്ങള്‍ ഏറെയായിരുന്നുവെന്ന് ചുള്ളിക്കാട് പറയുന്നു.
ഭാഷാശുദ്ധിയെ പറ്റിയുള്ള ആലോചനകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭാഷയും സാഹിത്യവും സംസ്‌കാരവും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. പണ്ടത്തെ രാജാക്കന്മാരും ഭരണാധികാരികളും ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നതിന് ഏറെ തെളിവുകളുണ്ട്. സാമൂതിരിയുടെ കാലത്ത് ഉണ്ടായിരുന്ന രേവതി പട്ടത്താനം ഇതിന് ഉദാഹരണമാണ്. നാടിന്റെ നാനാഭാഗത്തുനിന്നും കവികളും പണ്ഡിതന്മാരും ഈ വിദ്വല്‍ സദസ്സില്‍ മാറ്റുരക്കാന്‍ എത്തിയിരുന്നു. ഈ സദസ്സില്‍ ‘ഹന്ത കല്‍പാന്ത തോയേ’ എന്ന കവിത ചൊല്ലിയ പുനംനമ്പൂതിരിയെ പ്രശംസിച്ചുകൊണ്ട് ‘അന്ത ഹന്തക്ക് ഇന്തപട്ട്’ എന്നു പറഞ്ഞ് പട്ട് സമ്മാനമായി നല്‍കിയതും ചരിത്രമാണ്. ഭാഷയെ പരിരക്ഷിക്കുന്നതില്‍ അക്കാലത്തുണ്ടായിരുന്ന ജാഗ്രതയാണ് ഇത്തരം സംഭവങ്ങള്‍ക്കും കഥകള്‍ക്കും പിന്നിലുള്ളത്.
പല ലോകഭാഷകളില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് മലയാളം വളര്‍ന്നു വികസിച്ചത്. സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മയുടെ കീഴില്‍ ഏറെക്കാലം കിടക്കേണ്ടിവന്നു മലയാളത്തിന്. തമിഴുമായുള്ള ബന്ധവും വിസ്മരിക്കാന്‍ പറ്റില്ല. ഇതില്‍ നിന്നെല്ലാം ഒരു പരിധി വരെ മോചനം നേടിയാണ് ഇപ്പോഴത്തെ നില്‍പ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, മലയാളം സംസാരിക്കുന്ന കേരളക്കരയില്‍ എത്രയോ ഭാഷകളും സംസ്‌കാരങ്ങളും ഇഴചേര്‍ന്നിരിക്കുന്നു. നമ്മെ വിസ്മയപ്പെടുത്തുംവിധം ലോക ഭാഷകള്‍ പലതും ഇവിടെ ചേക്കേറി. ഹീബ്രു മുതല്‍ അറബി വരെ മലയാളത്തിനുള്ളില്‍ നുഴഞ്ഞുകയറി. അങ്ങനെ മലയാളം അറിഞ്ഞും അറിയാതെയും വിശ്വസംസ്‌കാരത്തിന്റെ വിജയ പതാകയേന്തി. ചിരപരിചിതമായ പല വസ്തുക്കളുടെ പേരുകള്‍പോലും മറ്റു ഭാഷകളില്‍ നിന്ന് കടമെടുത്തതായിരുന്നു. ഇത്തരത്തില്‍ ഗംഭീരമായ ചരിത്രവും സാംസ്‌കാരിക പശ്ചാത്തലവുമുള്ള ഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റി പ്രശസ്തനായ കവി നിലവിട്ട് പരിതപിക്കുമ്പോള്‍ നമ്മള്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. തിക്കോടിയന്റെ പുതുപ്പണം കോട്ട എന്ന നാടകത്തില്‍ സാമൂതിരി ചോദിക്കുന്നതുപോലെ ‘എവിടെയാണ് നമുക്ക് പിഴച്ചത്?’
അക്ഷരത്തെറ്റ് കൂടാതെ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഉച്ചാരണശുദ്ധിയും വ്യാകരണശുദ്ധിയും നിറഞ്ഞ ഭാഷ വേര്‍തിരിച്ചു കിട്ടുന്നത്. അഥവാ കിട്ടേണ്ടത്. മുമ്പൊക്കെ അത്തരത്തിലുള്ള ശ്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാല്‍, ഭാഷയുടെ അതിര്‍ത്തികളില്‍ നിന്ന് വിവരത്തെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങള്‍ നടന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞു. കുട്ടികള്‍ക്ക് ഒരു വാചകം തെറ്റുകൂടാതെ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്തരമായി ഉദ്ദ്യേശിക്കുന്ന വാക്ക് എഴുതിയാല്‍ മാര്‍ക്ക് കിട്ടും എന്ന അവസ്ഥ വന്നു. ഇതോടെ വാചകത്തിന്റെ ആവശ്യം തന്നെ എഴുത്തില്‍ പ്രധാനമല്ലാതായി. മുന്‍കാലത്ത് കേട്ടെഴുത്ത് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു. അധ്യാപകന്‍ പറയുന്ന വാക്ക് കേട്ട് കുട്ടികള്‍ സ്ലേറ്റില്‍ എഴുതുക. ഉച്ചാരണശുദ്ധിയും അക്ഷരശുദ്ധിയും ഉറപ്പിക്കാനുള്ള എളുപ്പമാര്‍ഗമായിരുന്നു ഇത്. ഇന്ന് അത് ഏതെങ്കിലും വിദ്യാലയത്തില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടോ എന്നറിയില്ല. എഴുതി പഠിക്കുന്ന ശീലവും കുട്ടികള്‍ ഉപേക്ഷിച്ച മട്ടാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ വായനയെ പുതിയ തലമുറ എത്രമാത്രം ഗൗരവമായി എടുക്കുന്നുണ്ട് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഏതായാലും മലയാളം തെറ്റു കൂടാതെ എഴുതാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെടാനാണ് സാധ്യത. വാക്കുകളിലെ അക്ഷരത്തെറ്റ് ഒരു പ്രശ്‌നമായി കാണാന്‍ ന്യൂ ജനറേഷന്‍ തയാറല്ല. അക്ഷരം എന്തായാലും ആശയവിനിമയം നടന്നാല്‍ മതിയല്ലോ എന്നാണ് ഇവരുടെ വാദം. അക്ഷരം കൃത്യമായി പഠിച്ചുവെക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ഭാഷ സംരക്ഷിക്കപ്പെടുന്നത് അതിന്റെ ശുദ്ധമായ പ്രയോഗത്തിലാണ് എന്ന കാര്യം വിസ്മരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മലയാളത്തിനുവേണ്ടി മുറവിളി കൂട്ടുന്ന സംഘടനകളും പ്രസ്ഥാനങ്ങളും ഭാഷാശുദ്ധി ഉറപ്പുവരുത്തുന്നതില്‍ എത്രമാത്രം ജാഗ്രത പാലിക്കുന്നു എന്ന് പരിശോധിക്കപ്പെടണം. അക്ഷരത്തിന് പകരം ആശയത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതി നമ്മെ എവിടെക്കൊണ്ടു ചെന്ന് എത്തിക്കും എന്നതും ആലോചിക്കേണ്ടതാണ്. എഴുതിയും പറഞ്ഞും ചൂരല്‍വീശിയും പഠിപ്പിച്ചിരുന്ന പഴയകാല ഗുരുനാഥന്മാര്‍ കുട്ടിയുടെ മനസ്സില്‍ അക്ഷരങ്ങളെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. പാശ്ചാത്യ വിദ്യാഭ്യാസരീതിയെ അന്ധമായി പിന്തുടര്‍ന്ന നമ്മള്‍ അക്ഷരമെഴുത്തിലെ തെറ്റുകള്‍ പരിഗണിക്കേണ്ടതില്ല എന്ന വലിയ തെറ്റിലേക്കാണ് വീണുപോയത്. അതിന്റെ ദുരന്തഫലമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ‘ആനന്തധാര’ സമ്മാനിച്ച യുവകവി അറിയാതെ അനുഭവിച്ചതും.
പാമ്പ് ഉറയൂരുന്നത് പോലെ കവികള്‍ സ്വന്തംഭാഷയെ നവീകരിക്കുന്നുവെന്ന് പറയാറുണ്ട്. പണ്ടത്തെ ഭാഷാപ്രയോഗവും ശൈലികളും ഇന്ന് കാണാന്‍ കഴിയില്ല. വൃത്തനിബദ്ധമായ കവിതക്കുവേണ്ടി നിര്‍ബന്ധം പിടിക്കുന്നതിലും കാര്യമില്ല. മഞ്ജരിയും കാകളിയും പഴയകാല രചനകളില്‍ മാത്രമേയുള്ളു. എങ്കിലും അര്‍ത്ഥവും ആശയവും ചേര്‍ന്നുനില്‍ക്കുന്ന ഭാഷാപ്രയോഗത്തെ തീര്‍ത്തും അവഗണിക്കാന്‍ പറ്റില്ല.
കവികളും കഥാകാരന്മാരും ഭാഷ പ്രയോഗിക്കുന്നതില്‍ നിയമം പാലിക്കുന്നവരല്ല എന്ന കാര്യവും ചര്‍ച്ച ചെയ്യേണ്ടതാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ആഖ്യയും ആഖ്യാതവും അറിയാതെ തന്നെ ജീവിതം എഴുതിയ പ്രതിഭയാണ്. എഴുത്തുകാരന്റെ കൈയിലെ ഭാഷയെപറ്റി നാം വേവലാതിപ്പെടേണ്ട. അത് അവര്‍ സ്വര്‍ണം പോലെ സൂക്ഷിച്ച് ഉപയോഗിച്ചുകൊള്ളും. എന്നാല്‍ ഗവേഷകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും മറ്റും ഭാഷ ഉപയോഗിക്കുമ്പോള്‍ അക്ഷരശുദ്ധിയും ആശയവ്യക്തതയും വ്യാകരണവും മറ്റും പാലിച്ചേ പറ്റു. അങ്ങനെ ചെയ്താല്‍ മാത്രമെ ഭാഷയുടെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടുകയുള്ളു.
‘മലയാളശൈലി’ എഴുതിയ കുട്ടികൃഷ്ണമാരാര്‍ ഭാഷാപ്രയോഗത്തിലെ ശുദ്ധിയും ശക്തിയും സൗന്ദര്യവും അന്വേഷിച്ചുപോയ ഉപാസകനായിരുന്നു. ഭാഷാപഠനക്കാര്‍ക്കും ഭാഷ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ വഴികാട്ടിയാണ് ആ ഗ്രന്ഥം. ആനന്ദത്തെ ആനന്തമാക്കുന്നതിന് മുമ്പ് മലയാളിശൈലി മറിച്ചുനോക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകട്ടെ. സര്‍ക്കാര്‍ ഫയലുകളിലും പത്രമാസികകളിലും മാത്രമല്ല, പൊതുജനത്തെ ആകര്‍ഷിച്ചുനില്‍ക്കുന്ന പരസ്യവാചകങ്ങളില്‍ വരെ അക്ഷരത്തെറ്റ് ഇളിച്ചുകാട്ടുന്ന സാഹചര്യത്തില്‍ മലയാളത്തിലെ പ്രിയകവി ഇതിനെതിരെ വാളോങ്ങിയത് അസ്സലായി. ഭാഷ തെറ്റു കൂടാതെ എഴുതാനും വായിക്കാനും കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഇതെല്ലാതെ വഴിയില്ല. എന്നാല്‍, തന്റെ കൃതികള്‍ പഠനത്തിനും ഗവേഷണത്തിനും മേലില്‍ ഉപയോഗിക്കരുത് എന്ന ചുള്ളിക്കാടിന്റെ ആവശ്യം അംഗീകരിക്കാന്‍ മലയാളത്തിലെ പ്രബുദ്ധപക്ഷം തയാറാവില്ല. അക്ഷരത്തെറ്റ് ആഘോഷമാക്കുന്ന ന്യൂനപക്ഷത്തെ ഭാഷയെ അശുദ്ധമാക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണം. എന്നാല്‍ ഭാഷാസ്‌നേഹികള്‍ക്ക് മുത്തും പവിഴവും പെറുക്കാന്‍ ചുള്ളിക്കാടിനെ പോലുള്ള കവികളുടെ കാവ്യസാഗരങ്ങള്‍ വേണം. പുഴയെ മലിനപ്പെടുത്തുന്നത് തടയാന്‍ നാടെങ്ങും ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്ന കാലമാണിത്. പരിസ്ഥിതി സംരക്ഷണത്തിനും സംഘടനകള്‍ സജീവം. അതുപോലെ ഭാഷയെ മലിനപ്പെടുത്തുന്നവരെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓര്‍മിപ്പിച്ചത്. കവിയുടെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചുകൊണ്ട് ഭാഷക്ക് ശുദ്ധവായു നല്‍കണമെന്ന ബോധ്യത്തിലേക്ക് എല്ലാവരും ഉണരേണ്ടതാണ്.