Connect with us

Video Stories

അസത്യങ്ങളോട് രാജിയാവുന്ന ഇന്ത്യന്‍ സമൂഹം

Published

on


അസിം അലി

കശ്മീരില്‍ ഇന്ത്യാ ചരിത്രത്തിന് അഭിശപ്തമായൊരു പുതിയ അധ്യായം രചിക്കപ്പെടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് എല്ലാം തുടങ്ങിയത് ഒരു പിടി നുണകളാലായിരുന്നുവെന്നാണ്. ഒരു ‘വന്‍ ഭീകരാക്രമണ’ത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ‘രഹസ്യാന്വേഷണ വിവരം’ തന്നെ ഒരു പെരുംനുണയായിരുന്നോ എന്ന് ഒരിക്കലും വ്യക്തമാകാനിടയില്ലെന്നത് തീര്‍ച്ചയാണ്. പിന്നോട്ട് നോക്കുമ്പോള്‍ വ്യക്തമാവുന്നത് എല്ലാം തന്നെ ആസൂത്രിതമായ ഒരു കബളിപ്പിക്കല്‍ തന്ത്രം മാത്രമായിരുന്നുവെന്നാണ്. താഴ്‌വരയിലെ വന്‍തോതിലുള്ള സേനാ വിന്യാസത്തിനും, അതേ പോലെ കീഴ് വഴക്കങ്ങളൊന്നുമില്ലാത്ത വിധം അമര്‍നാഥ് യാത്ര റദ്ദാക്കിയതിനും കാരണം ഈ പറഞ്ഞ ഭീകരാക്രമണ ഭീഷണിയാണന്ന് പൊതുജനത്തോട് വിളിച്ചു പറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയായിരുന്നു. കശ്മീരില്‍ നിലവിലുണ്ടായിരുന്ന സുരക്ഷാ സംവിധാനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ നേതാക്കളെ തടങ്കലിലടച്ചതും നിശാനിയമം പ്രഖ്യാപിച്ചതുമെല്ലാം ഈ കബളിപ്പിക്കല്‍ നാടകത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു.
ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പില്‍ വസ്തുത ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെ സര്‍ക്കാര്‍ ഈ ‘ഭീഷണി’ നാടകീയമായ ചില പരിപാടികള്‍ നടപ്പാക്കാനുള്ള വീണു കിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ പുതിയ ‘ചരിത്ര നിര്‍മിതി’യുടെ ആഘോഷ ബഹളങ്ങള്‍ക്കും സ്തുതിഗീതങ്ങള്‍ക്കും നടുവില്‍ ഒരു അപ്രസക്തമായ ആത്മഗതം മാത്രമായി ഒതുങ്ങി പോവുന്നത് മെനഞ്ഞുണ്ടാക്കിയ ഭീകരാക്രമണ ഭീഷണിയിലൂടെ സര്‍ക്കാര്‍ രാഷ്ട്രത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ചു എന്ന പരമാര്‍ത്ഥമാണ്. ഭരണത്തിലിരിക്കുന്ന കക്ഷി പ്രതീക്ഷിച്ചത് പോലെ തന്നെ, ജനങ്ങള്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും അത് സാരമായി കാണാന്‍ കൂട്ടാക്കുന്നില്ല. അസത്യങ്ങളെ കണ്ണടച്ച് സ്വീകരിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ ഈ പ്രവണത ഓര്‍മപ്പെടുത്തുന്നത് വിശ്രുത ജര്‍മന്‍ രാഷ്ടീയ തത്വചിന്തക ഹന്ന അരന്റിന്റെ ‘സമഗ്രാധിപത്യത്തിന്റെ ഉല്‍പത്തി’ എന്ന കൃതിയില്‍ പരാമര്‍ശിച്ച സമൂഹത്തെയാണ്. പൊതുജനത്തെ വഞ്ചിക്കുന്നത് പ്രതിപക്ഷം പോലും ഗൗനിക്കാത്ത, ഒരു പ്രതികരണവും സൃഷ്ടിക്കാത്ത തനി സാധാരണ സംഭവമായി മാറിയിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം നിലകൊള്ളുന്നത്. നോക്കൂ, ഫാറൂഖ് അബ്ദുള്ളയെ വീട്ട് തടങ്കലില്‍ വച്ചിട്ടില്ലെന്ന് പാര്‍ലമെന്റില്‍ അഭ്യന്തര മന്ത്രി പച്ച കള്ളം പറഞ്ഞപ്പോള്‍ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ?വര്‍ത്തമാനകാല സംഭവ വികാസങ്ങളുടെ മാറ്റൊലി ഉള്‍ക്കൊള്ളുന്നതായി എനിക്ക് തോന്നുന്ന ഹന്ന അരന്റിന്റെ വാക്കുകള്‍ മുഴുവനായി തന്നെ ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമാവും:
‘സമഗ്രാധിപത്യ വ്യവസ്ഥയിലെ ബഹുജന നേതാക്കന്‍മാര്‍ ഒരു ശരിയായ മനശാസ്ത്ര നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പ്രചരണം മുന്നോട്ട് കൊണ്ടു പോവുന്നത്. അതായത്, അവര്‍ ഇന്ന് പുറപ്പെടുവിക്കുന്ന അതിവിചിത്ര പ്രസ്താവനകള്‍ ജനങ്ങളെ കൊണ്ട് നിഷ്പ്രയാസം വിശ്വസിപ്പിക്കാമെന്നും നാളെ ഈ പ്രസ്താവനകളെല്ലാം തന്നെ പച്ച നുണകളാണെന്ന് അനിഷേധ്യമായി തെളിയിക്കപ്പെട്ടാല്‍ പോലും ജനങ്ങള്‍ അവരെ തിരസ്‌കരിക്കുകയില്ലെന്നും, മറിച്ച് പെരും നുണകളാണ് എഴുന്നള്ളിക്കുന്നതെന്ന് പൂര്‍ണ ബോധ്യത്തോടെ തന്നെ അത് നേതാക്കന്‍മാരുടെ അസാമാന്യ രാഷ്ട്രീയ കൗശലത്തിന്റെ നിദര്‍ശനമായി മാത്രമേ കാണുകയുള്ളൂ എന്നുമുള്ള ശരിയായ നിഗമനം’
എത്ര അനായാസമാണ് ജനങ്ങള്‍ നുണകളോട് രാജിയാവുന്നതെന്ന് മനസിലാക്കാന്‍ നമുക്ക് വേറൊരു സംഭവം ഓര്‍ത്തെടുക്കാം. 2017-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാകിസ്താന്‍ സ്ഥാനപതികളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്‍ത്തിയത് നമ്മില്‍ പലരും മറന്നിരിക്കാനിടയുണ്ട് . തെളിവുകളുടെ ഒരു തരിമ്പ് പോലും ഇല്ലാതെയായിരുന്നു നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മണിശങ്കര്‍ അയ്യറുടെ വസതിയില്‍ വെച്ച് പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍, ആ രാജ്യത്തെ വിദേശ കാര്യ മന്ത്രി തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയെന്ന അതിശയോക്തി നിറഞ്ഞ കഥ അവതരിപ്പിച്ചത്.ഈ വിചിത്രമായ കഥ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. ആവര്‍ത്തിച്ചില്ല എന്നത് വേറെ കാര്യം. അവിശ്വസനീയമായി തോന്നാം, ഒരു മുന്‍ പ്രധാനമന്ത്രി രാജ്യദ്രോഹ കുറ്റം നടത്തിയെന്ന് നിലവിലെ പ്രധാനമന്ത്രി നിര്‍ലജ്ജം നുണ പറഞ്ഞപ്പോള്‍ അതൊരാള്‍ക്കും ഈ രാജ്യത്ത് പ്രശ്‌നമായി തോന്നിയില്ല . പിന്നീട് ബി.ജെ.പി.യെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ പോലും തോന്നിപ്പിക്കാത്ത ഒരു വെറും നിസ്സാര സംഭവം! അരന്റിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ ആരോപണത്തെ മോദിയുടെ ‘അസാമാന്യ ബുദ്ധി’ യായിട്ടായിരുന്നു അധിക പേരും കണ്ടത്.
നേര് (സത്യം) ഒരു പ്രശ്‌നമേ അല്ലാതായി മാറുമ്പോഴാണ് നാം ഒരു സമഗ്രാധിപത്യ സമൂഹമെന്ന ഗര്‍ത്തത്തിലേക്ക് വഴുതി വീഴുന്നത്. മിക്കവാറും എല്ലാ രാഷ്ട്രീയക്കാരും സത്യത്തെ വളച്ചൊടിക്കുന്നവര്‍ തന്നെയാണ്. അരന്റിന്റെ വാക്കുകളില്‍ ‘രാഷ്ട്രീയവും നേരും പരസ്പരം നല്ല ബന്ധത്തിലല്ലെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല’. ഒരു സമഗ്രാധിപത്യ സമൂഹത്തെ മറ്റു സമൂഹങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് അവിടെ നുണകള്‍ എഴുന്നള്ളിക്കുന്നത് ഒരു വ്യവസ്ഥാപിത ,ആസൂത്രിത രൂപത്തിലായിരിക്കും എന്നുള്ളതാണ്.അതായത്, കേവല യാഥാര്‍ത്യത്തിന് പകരമായി മിഥ്യാ യാഥാര്‍ത്ഥ്യത്തെ പ്രതിഷ്ഠിക്കുന്ന രീതി.
വാര്‍ത്താ മാധ്യമങ്ങള്‍, കൂടുതലായും വാട്‌സ് ആപ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ കളവ് പ്രചരിപ്പിക്കാനുളള ആയുധമായി മാത്രമല്ല ഉപയോഗപ്പെടുത്തപ്പെടുന്നത്, മറിച്ച്, പ്രമുഖ സാഹിത്യ നിരൂപകനായ ജോര്‍ജ് സ്‌റ്റൈനര്‍ വിശേഷിപ്പിച്ച ‘ചരിത്ര ഹത്യ’ക്ക് വേണ്ടിയാണ്, അതെ, ചരിത്ര വസ്തുതാ-യാഥാര്‍ത്ഥ്യങ്ങളുടെ സംഹാരത്തിന് വേണ്ടി തന്നെ. നെഹ്‌റുവും ഗാന്ധിയുമെല്ലാം വില്ലന്‍ കഥാപാത്രങ്ങളായി പരിണമിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ബഹുഭൂരിപക്ഷം പേര്‍ക്കും ചരിത്ര പാഠങ്ങള്‍ ലഭ്യമാക്കുന്നത് ആധികാരിക ചരിത്ര ഗ്രന്ഥങ്ങളല്ലെന്നും മറിച്ച് വാട്‌സ് ആപും ദൃശ്യ മാധ്യമങ്ങളുമാണെന്നുമാണ്. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് സോണിയ ഫലയ്‌റോ ‘ന്യൂയോര്‍ക്ക് റിവ്യു ഓഫ് ബുക്‌സി’ല്‍ നടത്തിയ അവലോകനത്തില്‍ മാധ്യമങ്ങളുടെ പങ്ക് സംക്ഷിപ്തമായി പ്രതിപാദിക്കുന്നുണ്ട്.
‘മുഖ്യധാരാ മാധ്യമങ്ങള്‍, വിശേഷിച്ചും കേബിള്‍ വാര്‍ത്താ ചാനലുകള്‍, ബി.ജെ.പി. മുദ്രാവാക്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുകയും പ്രതിപക്ഷ പ്രചരണങ്ങളെ നിഷ്പ്രഭമാക്കുകയും ചെയ്തു. …’
സംഘടിത പ്രചാരവേലകളും പരസ്യങ്ങളും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പകരമായി നില്‍ക്കുന്ന ഒരു സമൂഹത്തില്‍ മറ്റു ദുഷ്പ്രവണതകളും അധികം താമസിയാതെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഉദാഹരണമായി, ജോര്‍ജ് ഓര്‍വെല്‍ വിശേഷിപ്പിച്ചത് പോലെയുള്ളതും ഇപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതുമായ പരസ്പര വിരുദ്ധങ്ങളായ രണ്ടാശയങ്ങള്‍ ശരിയാണെന്ന് ജനങ്ങളെ തോന്നിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അതിലൊന്ന്. ഈ രീതിയനുസരിച്ച് കശ്മീരിലെ ബഹു ഭൂരിഭാഗം ജനങ്ങളും അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട സമൂല മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന ഭരിക്കുന്ന കക്ഷിയുടെ അവകാശവാദങ്ങളെ വിശ്വസിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ അവരുടെ സ്വന്തം സംസ്ഥാനത്ത് തന്നെ പൂട്ടിയിടുന്നതിനെയും നിങ്ങള്‍ക്ക് അനുകൂലിക്കാം.
പുറത്ത് നിന്നുള്ള എല്ലാ ആശയ വിനിമയ ബന്ധങ്ങളില്‍ നിന്നും കശ്മീരികള്‍ വിഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കിലും ‘കശ്മീര്‍ ജനതയുമായി ബന്ധം സ്ഥാപിക്കുന്ന’ നരേന്ദ്ര മോദിയുടെ പ്രസംഗത്തെ നിങ്ങള്‍ക്ക് മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്യാം.കശ്മീര്‍ സംസ്ഥാനത്തെ തന്നെ ഇല്ലാതെയാക്കിയതിനെ ന്യായീകരിക്കത്തക്കവണ്ണം വഷളായിരുന്നു അവിടുത്തെ സുരക്ഷാ സ്ഥിതി എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷം ഭീകരപ്രവര്‍ത്തനങ്ങളെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിന് നിങ്ങള്‍ക്ക് സര്‍ക്കാറിനെ വാനോളം പുകഴ്ത്താം.ലോകത്തിലെ തന്നെ ഏറ്റവും സേനാ സാനിധ്യമുളള ഒരു മേഖലയെ തുടര്‍ന്നും മിലിട്ടറി വല്‍കരിക്കാനുള്ള നീക്കങ്ങളെ പിന്തുണക്കുമ്പോള്‍ തന്നെ ഭരിക്കുന്ന കക്ഷിയുടെ ഇപ്പോഴത്തെ അറ്റകൈ പ്രയോഗം സകല സംഘര്‍ഷങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ പര്യാപ്തമായതാണെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടുകയും ചെയ്യാം.
ഇതെല്ലാം വികൃതമായോ വിചിത്രമായോ തോന്നാം. എന്നാല്‍ വീര്‍പ്പുമുട്ടിക്കുന്ന സര്‍ക്കാര്‍ പ്രചാരണങ്ങളുടെ ഇടയില്‍ നിന്നും കശ്മീരില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരാത്ത സാഹചര്യത്തില്‍ ഇത്തരം പ്രതികരണങ്ങളെല്ലാം സ്വാഭാവികം. യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഹോട്ടല്‍ മുറികളില്‍ നിന്നും എല്ലാം ശാന്തം, സമാധാനം എന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന, സേനയോടും സര്‍ക്കാറിനോടുമുള്‍ചേര്‍ന്നു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ (ലായലററലറ ഷീൗൃിമഹശേെ)െമാത്രമാണ് നാം കാണുന്നത്. നമ്മുടെ ദേശീയ ഉപദേഷ്ടാവ് തദ്ദേശവാസികളുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉത്തര കൊറിയയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സൂക്ഷ്മമായി ഉണ്ടാക്കിയെടുത്തതുമാണ്.
പക്ഷെ എത്ര മികവോടെ നിര്‍മിച്ചെടുത്ത പ്രചാരവേലകളാണെങ്കിലും അത് വിശ്വസിക്കാന്‍ തയാറുള്ള ഒരു ജനതയുടെ അഭാവത്തില്‍ ഒന്നും വിലപ്പോവില്ല. അരന്റിന്റെ അഭിപ്രായത്തില്‍ സത്യം വലയം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. കാരണം ജനങ്ങള്‍ക്ക് സത്യത്തെ അഭിമുഖീകരിക്കുകയോ, തിരിച്ചറിയുകയോ, സ്വീകരിക്കുകയോ, വിശ്വസിക്കുകയോ ചെയ്യാന്‍ ആഗ്രഹമില്ല. ഭരിക്കുന്ന കക്ഷി മാത്രമല്ല, ധാരാളം സാധാരണക്കാര്‍ വരെ വളരെ കുറച്ചവശേഷിക്കുന്ന സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി തൊടുത്തുവിടുന്ന ആരോപണം അവര്‍ നിഷേ ധാത്മകത പ്രചരിപ്പിക്കുന്നവരും രാജ്യത്തെ അവമതിക്കാന്‍ ശ്രമിക്കുന്നവരുമാണെന്നാണ്.
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ സതീഷ് ദേശ്പാണ്ഡെ മോദി ഭരണത്തിന്റെ ജനസമ്മിതിക്ക് കാരണമായി കാണുന്നത് ‘വര്‍ത്തമാനകാലത്തിന്റെ യും സമീപ ഭാവിയുടെയും വിരസത അപ്രത്യക്ഷമാക്കുന്ന ഉത്തേജക ശക്തിയുള്ള ഹിന്ദുത്വാദര്‍ശമാണ് . സാമ്പത്തിക വ്യവസ്ഥ വളരെ ക്ഷീണിക്കുകയും, തൊഴിലില്ലായ്മ അഭൂതപൂര്‍വമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലുളവാകുന്ന ‘യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു പിടിച്ച് വലിയും’ ‘ആദര്‍ശത്തിന്റെതായ ഒരു ഉത്തേജന ശേഷിയും’ തമ്മിലുള്ള വൈരുദ്ധ്യം ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘ഹിന്ദുത്വം ശബ്ദായമാനമാണ് . അല്ലെങ്കിലും അതങ്ങിനെ തന്നെയാവണം. കാരണം അതിന് ധാരാളം കാര്യങ്ങള്‍ ഒളിപ്പിച്ച് വെക്കാനും കൂടുതല്‍ ഗൗരവപരമായ കാര്യങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുമുണ്ട്’, ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടെതിങ്ങനെയായിരുന്നു.
ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്നും തെന്നി മാറുമ്പോള്‍ നാം ഓര്‍ക്കേണ്ടൊരു കാര്യം ഇരുപതാം നൂറ്റാണ്ടില്‍ അരങ്ങേറിയ എല്ലാ കൊടും ക്രൂരതകളുടെയും അടിസ്ഥാന കാരണം തന്നെ അന്ധമായി അദര്‍ശത്തെ പുല്‍കിയതും സത്യത്തെ അവഗണിച്ചതുമായിരുന്നു. സത്യവും, അഹിംസയും തമ്മിലുള്ള അഭേദ്യമായ ബന്ധം പരിപൂര്‍ണമായി മനസിലാക്കിയ ഗാന്ധിജി താന്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ രണ്ട് അടിസ്ഥാന ശിലകളായി പരിഗണിച്ചതും ഇത് രണ്ടുമായിരുന്നു. സമകാലിക രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നതാവട്ടെ ഇവ തമ്മിലുള്ള പരസ്പര വൈരുധ്യവും. പ്രതിപക്ഷംനമ്മുടെ ജനാധിപത്യ ഭരണഘടനാ സംരക്ഷണത്തിനു നേരെയുണ്ടാകുന്ന കടന്നുകയറ്റത്തിനെതിരെ പൊരുതുമ്പോള്‍ ‘ഭൂരിപക്ഷാഭിപ്രായം’ എന്ന പ്രലോഭനത്തിന് വശംവദരാകാതെ ഗാന്ധിജി മുന്‍തൂക്കം നല്‍കിയ
‘സത്യ’ത്തിന്റെ വീണ്ടെടുപ്പിനായിരിക്കണം യത്‌നിക്കേണ്ടത്. ഭൂരിപക്ഷാഭിപ്രായത്തിന് കീഴ്‌പെടുമ്പോള്‍ പ്രതിപക്ഷവും ഒതുങ്ങി പോവുന്നത് പ്രചാരണമെന്ന മായാലോകത്താണ്. സര്‍ക്കാറിന്റെ പ്രചാരണ ലോകത്തെ നേരിട്ടും നിരന്തരമായും അക്രമിച്ചു കൊണ്ടു മാത്രമേ പ്രതിപക്ഷത്തിന് ഭരണകക്ഷിയുടെ രാഷ്ട്രീയ അടിത്തറയിളക്കാനും, അചിരേണ പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാനും സാധിക്കുകയുള്ളൂ. അവരിത് തുടങ്ങേണ്ടത് കശ്മീരിലെ നിലവിലെ ഭയാനകമായ സ്ഥിതിവിശേഷത്തെക്കുറിച്ചും കശ്മീര്‍ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ പകല്‍കൊളള ചെയ്യാന്‍ സര്‍ക്കാര്‍ പ്രയോഗിച്ച വഞ്ചനാമുറകളെക്കുറിച്ചും ജനങ്ങളോട് പറഞ്ഞു കൊണ്ടായിരിക്കണം.

കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: ഉബൈദു റഹിമാന്‍ ചെറുവറ്റ

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending