Connect with us

Video Stories

കെടുകാര്യസ്ഥതക്ക് ജനങ്ങളുടെ മറയോ

Published

on


കേരളബാങ്ക് രൂപവല്‍കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളുകയോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുത്തുവീട്ടുകയോ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കെ.എസ്.ഇ.ബിയുടെ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജീവിതപ്രയാസങ്ങള്‍ സഹിച്ച് നല്‍കിയ 132 കോടി രൂപയുടെ പ്രളയദുരിതാശ്വാസത്തിനുള്ള തുകയും ഒരുവര്‍ഷമായിട്ടും മുന്‍തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാതിരുന്നതും ഇടത് ഭരണകൂടത്തിന്റെ ഗൂഢവും നികൃഷ്ടവുമായ സാമ്പത്തികതിരിമറികളെയാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനസഹകരണബാങ്ക്, 14 ജില്ലാസഹകരണബാങ്കുകള്‍ എന്നിവയെ തമ്മില്‍ലയിപ്പിച്ച് കേരളസഹകരണബാങ്ക് രൂപീകരിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന്റെ മറവിലാണ് റബ്‌കോ ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം വീട്ടുന്നതിലേക്ക് എത്തിയത്. റബ്‌കോ, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയാണിവ. മൊത്തം 306.75 കോടിരൂപയാണ് സര്‍ക്കാര്‍ വഹിച്ചിരിക്കുന്നത്. ഇതാരുടെ അനുമതിയോടെ ആണെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിലെ ഉന്നതര്‍ക്കുണ്ട്.
കേരളബാങ്കിനുവേണ്ടിയുള്ള അന്തിമാനുമതിക്ക് കാത്തിരിക്കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനപ്രകാരമാണ് കൂട്ടത്തോടെയുള്ള ഈ കടംവീട്ടല്‍ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. കണ്ണൂര്‍ ആസ്ഥാനമായുള്ളതും സി.പി.എമ്മിന് നിര്‍ണായകസ്വാധീനമുള്ളതുമായ റബ്‌കോ തടി വ്യവസായ സഹകരണസംഘത്തിനാണ് 138 കോടി രൂപ ആരോടും ആലോചിക്കാതെ സി.പി.എം സര്‍ക്കാര്‍ രായ്ക്കുരാമാനം കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ പണം സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും രോഗികളുടെയുമൊക്ക വകയായി ലഭിച്ചതാണെന്ന സാമാന്യമായ ധാരണയോ അതിനുതക്ക ധാര്‍മികതയോ പാലിക്കാതെയാണ് ഇത്രയും കോടി രൂപ ഖജനാവില്‍നിന്ന് സി.പി.എം ഒളിച്ചുകടത്തിയിരിക്കുന്നത്. ഇത് ജനങ്ങളെയും ജനാധിപത്യസംവിധാനത്തെയും സംബന്ധിച്ച് വലിയ ഞെട്ടലുളവാക്കുന്നതാണ്. പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാര്‍ നല്‍കിയ തുകയും ഏതാണ്ടിത്രതന്നെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാതെ വകമാറ്റുകയായിരുന്നു. ഇത് കാണിക്കുന്നത് അധികാരം കിട്ടിയാല്‍ പിന്നെ അഞ്ചുകൊല്ലം കഴിയുംവരെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എന്ത് അരുതായ്മയും ചെയ്യാം എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തത്തെയാണ്.
രാജ്യത്തെ സഹകരണമേഖലയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. ദീര്‍ഘദൃക്കുകളായ നേതാക്കളുടെ ബുദ്ധിയിലും കര്‍മശേഷിയിലുമാണ് ഇത്തരമൊരു കീഴാള പ്രസ്ഥാനത്തിന് കേരളം മുന്‍കയ്യെടുത്തതും അതീ കാണുന്ന രീതിയിലേക്ക് വളര്‍ന്ന് പന്തലിച്ചതും. സംസ്ഥാനതലത്തിനും ജില്ലാതലത്തിനും പുറമെ പ്രാഥമികതലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിപുലമായ സഹകരണശൃംഖലയാണ് ഇന്ന് നമുക്കുള്ളത്. ഇതിനെയാണ് പൊതുമേഖലാബാങ്കുകളുടെ രീതിയിലേക്ക് ഇടതുമുന്നണി സര്‍ക്കാര്‍ കേരളബാങ്ക് എന്ന പേരില്‍ മാറ്റിയിരിക്കുന്നത്. റിസര്‍വ ് ബാങ്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മുഖേനയാണ് പുതിയ ബാങ്കുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. ഇത്ര കോടിയുടെ ആസ്തി, കിട്ടാക്കടത്തിന്റെ അളവ്, കോര്‍ബാങ്കിംഗ് സംവിധാനം, അംഗബാങ്കുകളുടെ ജനാധിപത്യരീതിയിലുള്ള അനുമതിയും കൈമാറ്റവും, ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയാണ് റിസര്‍വ ്ബാങ്ക് ഇതിനായി മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞതില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടുമെന്ന് മനസ്സിലാക്കിയ ഇടതുമുന്നണി അനാവശ്യമായ വാശിയില്‍ എങ്ങനെയും കേരളബാങ്ക് രൂപീകരിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അതാണ് മേല്‍പരാമര്‍ശിച്ച രീതിയിലുള്ള തുക അനര്‍ഹമായി വകമാറ്റുന്നതിലേക്ക് ചെന്നെത്തിച്ചത്.
റബ്‌കോ പൂര്‍ണമായും സി.പി.എമ്മിന് ഭരണസ്വാധീനമുള്ളതാണെന്നതാണ് അതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് ഒരു ഉപാധിയുമില്ലാതെ കൊടുക്കാനുള്ള നിദാനം. റബര്‍ തടികൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവിടെ 138 കോടി രൂപ കടം വരാനിടയായത് അനര്‍ഹമായി വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച തുകയായാണ്. സി.പി.എമ്മുകാരും അവരുടെ കുടുംബാംഗങ്ങളും മറ്റുമാണ് ഈ നഷ്ടത്തിന്റെ കാരണക്കാരെന്നിരിക്കെ എന്തിനാണ് ഖജനാവില്‍നിന്ന് ആ തുക കൊടുത്തുതീര്‍ത്തത്. ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാരിനുമുന്നിലുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം. കള്ളത്തരം കയ്യോടെ പിടികൂടപ്പെട്ടതോടെ ഉപാധികളോടെയാണ് തുക കൈമാറിയതെന്നാണ് സഹകരണവകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ്‌ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. കെ.എസ്.ഇ.ബി തുക വകമാറ്റിയ വിഷയത്തിലും ഇതേപോലെ തട്ടിപ്പ് പുറത്തായതോടെയാണ് വൈദ്യുതിബോര്‍ഡും മന്ത്രി എം.എം മണിയും എന്നാല്‍പിന്നെ തുക മുഖ്യമന്ത്രിക്ക് ഇന്നുതന്നെ കൈമാറാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതും തുക കൈമാറിയതും. വിവരാവകാശപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതും സര്‍ക്കാരും ബോര്‍ഡും പിടിക്കപ്പെട്ടതും. റബ്‌കോയുടെ കാര്യത്തില്‍ തുക തിരിച്ചുപിടിക്കാനായി ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം അതില്ലെന്ന് പറഞ്ഞ മന്ത്രി കടകംപള്ളിയുടെ മലക്കം മറിച്ചില്‍.
സി.പി.എം അനുകൂല സ്ഥാപനങ്ങള്‍ക്കുപുറമെ ജില്ലാബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സര്‍്ക്കാര്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്തുകയും വന്‍തുകക്കുള്ള പല കിട്ടാക്കടങ്ങളും എഴുതിത്തള്ളിയതായുമാണ് പുതിയ വിവരം. ഇത് പകല്‍കൊള്ളയാണെന്ന് മാത്രമല്ല, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുമാണ്. കാട്ടിലെ തടി, തേവരുടെ ആന എന്ന അവസ്ഥയിലാകരുത് പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവരാരായാലും സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം. നിര്‍ഭാഗ്യവശാല്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലിങ്ങോട്ടെടുത്താല്‍ പൊതുപണം എങ്ങനെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തിയും തസ്തികകള്‍ സൃഷ്ടിച്ചും വകമാറ്റിയും മറ്റും ധൂര്‍ത്തടിക്കാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തൊഴിലാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും പിണറായിസര്‍ക്കാരിനും ജനം കണക്ക് ചോദിച്ചുതുടങ്ങിയിട്ടും ഇനിയുമവര്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ജനങ്ങള്‍ക്കുള്ള വലിയപാഠം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending