Connect with us

Video Stories

യൂറോപ്പും തുര്‍ക്കിയും അമേരിക്കയുമായി അകലുന്നു

Published

on

കെ.മൊയ്തീന്‍ കോയ

സഖ്യരാഷ്ട്രങ്ങള്‍ വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്‍വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്‍ (മുതലാളിത്ത) ചേരി ഡൊണാള്‍ഡ് ട്രംപിന്റെ വികലമായ നയം മൂലം വന്‍ പ്രതിസന്ധി നേരിടുന്നു. ഇറാന് എതിരെ ആഗസ്റ്റ് 7ന് പുനരാരംഭിച്ച ഉപരോധം യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞു. തുര്‍ക്കിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സഖ്യ-സൗഹൃദ രാഷ്ട്രങ്ങള്‍ അവഗണിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന സ്ഥിതിയിലേക്കാണ്.
2015ല്‍ അമേരിക്കയും പഞ്ചമഹാശക്തികളും സംയുക്തമായി ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് ഇക്കഴിഞ്ഞ മെയ് മാസം ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കയുടെ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇതര രാഷ്ട്രങ്ങള്‍. കരാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ആഗസ്റ്റ് ഏഴു മുതല്‍ പുനരാരംഭിച്ചു. അമേരിക്കയുടെ ഉപരോധ തീരുമാനത്തോട് എല്ലാ രാഷ്ട്രങ്ങളും യോജിക്കണമെന്നായിരുന്നു ട്രംപിന്റെ ശാഠ്യം. ഇറാനുമായി വ്യാപാരബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളും രാജ്യങ്ങളും ‘വിവരമറിയും’ എന്നാണ് ഏറ്റവും ഒടുവിലത്തെ ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ കഴിഞ്ഞകാലങ്ങളിലെ പോലെ യൂറോപ്പ് തയാറില്ല. ഇറാനുമായുള്ള ബന്ധം ശിഥിലമായാല്‍ വന്‍ നഷ്ടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷന്‍ തലവന്‍ ഫെഡറിക് മൊഗേരിനി വ്യക്തമാക്കിയത് ട്രംപിന് പ്രഹരമായി. ഒറ്റപ്പെട്ട ചില കമ്പനികള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്‍ സാധ്യതയുണ്ട്. സമാന നിലയില്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയുടെ വിദേശമന്ത്രി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ താല്‍പര്യം ചൈനയും റഷ്യയും തള്ളിക്കളഞ്ഞിട്ടുമുണ്ട്.
പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ നിയമം, ഇറക്കുമതി തീരുവ വര്‍ധന തുടങ്ങിയവയും അമേരിക്ക-യൂറോപ്പ് ഏറ്റുമുട്ടലിന് നേരത്തെ സാഹചര്യം ഒരുക്കിയതാണ്. കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍മാറിയതാണ്. യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ബന്ധം വഷളാക്കി. തിരിച്ചടിച്ച് അമേരിക്കയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് ഇതേ തന്ത്രം ചൈനക്കെതിരെ പ്രയോഗിച്ച് നോക്കിയതാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ മുദ്രാവാക്യം കടുത്ത അമേരിക്കന്‍ വിരുദ്ധ വികാരമാണ് ലോകമെമ്പാടും സൃഷ്ടിക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന തുര്‍ക്കിയെ പോലും ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഉപരോധത്തിലൂടെ ലോക സമൂഹത്തെ ഒന്നടങ്കം നിയന്ത്രിക്കാമെന്നാണത്രെ ട്രംപ് സ്വപ്‌നം കാണുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്‍ക്കി.
സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു വിഭാഗം സൈന്യം നടത്തിയ നീക്കത്തിന് പിറകിലുള്ളതെന്ന് തുര്‍ക്കി സംശയിക്കുന്ന മത പണ്ഡിതനായ ഫത്തഹുല്ല ഗുലാന്‍ പ്രവാസജീവിതം നയിക്കുന്നത് അമേരിക്കയിലാണ്. അദ്ദേഹത്തെ തുര്‍ക്കിക്ക് വിട്ടുനല്‍കണമെന്ന് രണ്ട് വര്‍ഷത്തോളമായി തുര്‍ക്കി ആവശ്യപ്പെടുന്നു. അട്ടിമറി ശ്രമത്തില്‍ പങ്കാളികള്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേര്‍ ജയിലിലാണ്. പലര്‍ക്കും സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടിമറി നീക്കത്തെ തുടര്‍ന്ന് അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ കഴിഞ്ഞ മാസമാണ് പിന്‍വലിച്ചത്. ഗുലാനുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് തുര്‍ക്കി സംശയിക്കുന്ന അമേരിക്കന്‍ പുരോഹിതന്‍ ആന്‍ഡ്രൂബ്രന്‍സണിനെ തുര്‍ക്കി ജയിലില്‍ അടച്ചതോടെ അമേരിക്ക ഭീഷണിയും സമ്മര്‍ദ്ദവുമായി രംഗത്തുവന്നു. സിറിയന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ വിഭാഗത്തോടൊപ്പം ഒന്നിച്ച്‌നിന്ന അമേരിക്കയും തുര്‍ക്കിയും പിന്നീട് തര്‍ക്കമായി. തുര്‍ക്കിക്ക് പതിറ്റാണ്ടുകളായി തലവേദന സൃഷ്ടിക്കുന്ന ഖുര്‍ദ്ദിഷ് പോരാളികള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും അമേരിക്ക അനുവദിച്ചത് തുര്‍ക്കിയെ ഞെട്ടിച്ചു. അമേരിക്കയുടെ സമ്മതം കാത്തുനില്‍ക്കാതെ ഖുര്‍ദ്ദിഷ് പോരാളികളെ സിറിയന്‍ പ്രദേശത്ത് തുര്‍ക്കി സൈന്യം നേരിട്ട് ഓടിച്ചു. സിറിയയിലെ പ്രതിപക്ഷ മേഖലയില്‍ അമേരിക്ക-തുര്‍ക്കി സൈനികര്‍ ഏറ്റുമുട്ടുന്ന ഘട്ടം വരെ തര്‍ക്കം എത്തിയിരുന്നുവെങ്കിലും ഒഴിവായി. സിറിയന്‍ പ്രതിപക്ഷത്തെ റഷ്യന്‍ നേതൃത്വത്തിലുള്ള സമാധാന ശ്രമവുമായി സഹകരിപ്പിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ രംഗത്തിറങ്ങിയത് അമേരിക്കയെ പ്രയാസത്തിലാക്കി. അവരുടെ നയതന്ത്ര വീഴ്ചയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
ഏറ്റവും അവസാനം പുരോഹിതന്റെ അറസ്റ്റ് വിവാദമാക്കി അമേരിക്ക തുറന്ന പോരിന് മുന്നിലെത്തി. തുര്‍ക്കിയുടെ ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഇരട്ടിയാക്കിയത് തുര്‍ക്കിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. തുര്‍ക്കി നാണയമായ ‘ലിറ’യുടെ മൂല്യം തകര്‍ക്കുന്നു. സമ്പദ് വ്യവസ്ഥ തകിടം മറിക്കാനുള്ള അമേരിക്കയുടെ നീക്കം മറികടക്കാന്‍ പുതിയ സഖ്യകക്ഷി തേടുമെന്ന് വരെ നാറ്റോ രാജ്യമായ തുര്‍ക്കി പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഇറാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ബന്ധം വിപുലമാക്കാനുള്ള ഉറുദുഗാന്റെ നീക്കം വലിയ പ്രത്യാഘാതമാണ് അമേരിക്കന്‍ ചേരിക്കുണ്ടാക്കുന്നത്. സാമ്പത്തിക അസ്ഥിരത മുന്നില്‍ കാണുന്ന തുര്‍ക്കി, അവ മറികടക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ്. ഖത്തറിന്റെ സഹായം തുര്‍ക്കി വലിയ പ്രാധാന്യം നല്‍കുന്നു. 1500 കോടി ഡോളറിന്റെ നിക്ഷേപം തുര്‍ക്കിയില്‍ നടത്താന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍താനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രഖ്യാപിച്ചതോടെ ലിറയുടെ മൂല്യം ഉയര്‍ന്നു. ഉറുദുഗാന്റെ നീക്കം വ്യാപകമാവുന്നതോടെ തുര്‍ക്കി സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്കയും കടുത്ത നീക്കത്തിലാണ്. തുര്‍ക്കിക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഇറാന്‍ ഭീഷണി’ ഉയര്‍ത്തികാണിച്ച് സുന്നി മുസ്‌ലിം രാഷ്ട്രങ്ങളെ കൂടെ നിര്‍ത്താനും മധ്യപൗരസ്ത്യ ദേശത്ത് ആയുധ വില്‍പ്പന വിപുലമാക്കാനുമാണ് ട്രംപിന്റെ അണിയറ നീക്കം. ‘അറബ് നാറ്റോ സഖ്യം’ എന്ന പദ്ധതി ഉയര്‍ത്തി നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവയെ അണിനിരത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രാഈലിന് സഹായകമായ നിലയില്‍ ജോര്‍ദ്ദാനിലെ രണ്ട് കോടിവരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ ഒഴിവാക്കാനും തന്ത്രപരമായ നീക്കമുണ്ട്. ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യ ദേശത്തേക്കുള്ള പ്രത്യേക ഉപദേഷ്ടാവുമായ ജാരട് കുഷ്‌നര്‍ ആണ് ഇതിന് പിന്നില്‍. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ പദ്ധതിക്ക് അമേരിക്കന്‍ സാമ്പത്തിക സഹായം 125 മില്യന്‍ ഡോളറില്‍ നിന്ന് 65 മില്യന്‍ കുറച്ചതും കുഷ്‌നറുടെ ബുദ്ധിയാണ്.
ഇറാന് പുറമെ തുര്‍ക്കിക്ക് എതിരായും ട്രംപിന്റെ ഭീഷണി ഉയര്‍ന്നതോടെ മുസ്‌ലിം ലോകത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ അമേരിക്കക്ക് നഷ്ടമാകും. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതും ലോക രാഷ്ട്രീയത്തിലുള്ള മാറ്റത്തിന്റെ നാന്ദിയായി. ജി.8 ഉച്ചകോടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട റഷ്യ ലോക രംഗത്ത് മേല്‍കൈ നേടുംവിധമാണ് പുതിയ സംഭവ വികാസം. റഷ്യയുമായി അടുക്കാന്‍ തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന നീക്കം ഇത്തരം സൂചന നല്‍കുന്നു.

News

ഗസ്സയിൽ ഇസ്രാഈലി സൈനികരെ പിടികൂടിയെന്ന് ഹമാസ്; വീഡിയോ പുറത്തുവിട്ടു

ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു.

Published

on

വടക്കന്‍ ഗസ്സയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തിനിടെ ഇസ്രാഈല്‍ സൈനികരെ ഹമാസ് പിടികൂടി.വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രാഈല്‍ രംഗത്ത് എത്തി.

വടക്കന്‍ ഗസ്സ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ തുരങ്കത്തിലേക്ക് ഇസ്രാഈല്‍ സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രാഈല്‍ സേനയുമായി നേര്‍ക്കുനേര്‍ നിന്നായിരുന്നു ഹമാസിന്റെ പോരാട്ടം. ഇസ്രാഈല്‍ സൈനികര്‍ക്ക് കാര്യമായ പരിക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരിക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും നിഷേധിക്കുകയാണ് ഇസ്രാഈല്‍. അങ്ങനെയൊരു സംഭവമെ നടന്നിട്ടില്ലെന്നാണ് ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ട്.

അതേസമയം ഗസ്സയില്‍ വെടിനിര്‍ത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറും നെതന്യാഹുവിന്റെ രാജിയും ആവശ്യപ്പെട്ട് ഇസ്രാഈല്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം, ഗ​സ്സ​യി​ൽ കൊടും ക്രൂരതകൾ തുടരുകയാണ്​ ഇസ്രാഈല്‍. ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇസ്രാഈല്‍ സൈ​ന്യം ബോം​ബി​ട്ടു. അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 46 പേ​ർ കൂ​ടി കൊല്ലപ്പെട്ടതോടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ മരിച്ചവരുടെ എണ്ണം 35,903 ആ​യി.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

Trending